ADVERTISEMENT

ആദ്യം ഹിൻഡൻബർഗ്, പിന്നെ കോൺഗ്രസ്. ഇപ്പോഴിതാ സെബി മേധാവി മാധബി പുരി ബുച്ചിനെതിരെ പരാതിയുമായി സ്വന്തം ജീവനക്കാരും. ഇന്ത്യൻ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സണായ മാധബി, പരസ്യമായി ശകാരിക്കുകയും ഉച്ചത്തിൽ സംസാരിക്കുകയും അപമാനിക്കുകയും ചെയ്യുന്നുവെന്നാണ് ജീവനക്കാർ ധനമന്ത്രാലയത്തിന് നൽകിയ പരാതിയിൽ അരോപിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മാന്യതയ്ക്ക് നിരക്കാത്ത വാക്കുകൾ ഉപയോഗിച്ച് പരസ്യമായി ശാസിക്കുക, അപ്രാപ്യമായ ടാർഗറ്റുകൾ അടിച്ചേൽപ്പിക്കുക, ജീവനക്കാരെ ഓരോ മിനിട്ടിലും നിരീക്ഷിക്കുക തുടങ്ങിയ നടപടികൾകൊണ്ട് ശ്വാസംമുട്ടിക്കുകയാണ് മാധബിയെന്നും ജീവനക്കാരുടെ മാനസികാരോഗ്യത്തെ ഇത് ബാധിക്കുന്നതായും പരാതിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗ്രേഡ് എ വിഭാഗത്തിലെ അസിസ്റ്റന്റ് മാനേജർ മുതലുള്ള 1,000ഓളം ജീവനക്കാരാണ് സെബിക്കുള്ളത്. ഇതിൽ 500ഓളം പേർ ഒപ്പിട്ട കൂട്ടപ്പരാതിയാണ് ധനമന്ത്രാലയത്തിന് ലഭിച്ചതെന്നത് വിഷയത്തെ ഗൗരവമുള്ളതാക്കുന്നുണ്ട്. 

നേരത്തേ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മാനേജ്മെന്റ് തലത്തിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിനാലാണ് ജീവനക്കാർ ഇപ്പോൾ ധനമന്ത്രാലയത്തെ സമീപിച്ചത്. സെബിയുടെ ചരിത്രത്തിലാദ്യമാണ് ചെയർപേഴ്സണിനെതിരെ ജീവനക്കാർ ഇത്തരത്തിൽ കൂട്ടപ്പരാതിയുമായി രംഗത്തെത്തുന്നത്. മാധബിയുടെ നടപടികൾ മൂലം ജീവനക്കാർ നേരിടുന്ന അസംതൃപ്തി സെബിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

മാധബിക്കെതിരെ ആരോപണ പ്രളയം!
 

അദാനി ഗ്രൂപ്പിന്റെ വിദേശത്തെ കടലാസ് കമ്പനികളിൽ സെബി മേധാവി മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും നിക്ഷേപമുണ്ടെന്നും അദാനിക്കെതിരെ സെബി അന്വേഷണത്തിന് മടിക്കുന്നതിന്റെ കാരണം ഇതാണെന്നും ആരോപണവുമായി എത്തിയത് ഹിൻഡൻബർഗ് ആയിരുന്നു.

ബ്ലാക്ക്സ്റ്റോൺ കമ്പനിയിൽ ധവാൽ ബുച് ഉപദേശകനായിരിക്കേ, റീറ്റ്സിനെ (റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്സ്) പ്രോത്സാഹിപ്പിക്കുന്ന നടപടി മാധബി കൈക്കൊണ്ടിരുന്നു. ബ്ലാക്ക്സ്റ്റോണിന് ശക്തമായ സാന്നിധ്യമുള്ള മേഖലയാണ് റീറ്റ്സ്. സെബി മേധാവി ഭിന്നതാൽപര്യത്തോടെ പ്രവർത്തിക്കുന്നു എന്ന ആരോപണവും ഇതോടെ ശക്തമായി.

സെബി അംഗമായിരിക്കേ തന്നെ മാധബി ഐസിഐസിഐ ബാങ്കിൽ നിന്ന് ശമ്പളം പറ്റിയെന്ന് കോൺഗ്രസ് ആരോപിച്ചത് കഴിഞ്ഞദിവസമാണ്. ഇത് ബാങ്ക് നിഷേധിച്ചിട്ടുണ്ട്. മാധബിക്കെതിരെ അഴിമതി ആരോപണവുമായി സീ ഗ്രൂപ്പ് മേധാവി സുഭാഷ് ചന്ദ്ര ഗാർഗും രംഗത്തെത്തിയിരുന്നു. സീ-സോണി ലയനം പൊളിഞ്ഞതിന് പിന്നിൽ സെബി മേധാവിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഈ ആരോപണശരങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ സ്വന്തം ജീവനക്കാരും മാധബിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

English Summary:

Toxic Workplace at SEBI? Employees Allege Harassment by Chairperson Madhabi Puri Buch.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com