‘വർക്ക് നിയർ ഹോം’ ആദ്യം കൊട്ടാരക്കരയിലും പെരിന്തൽമണ്ണയിലും
Mail This Article
തിരുവനന്തപുരം ∙ കഴിഞ്ഞ 3 ബജറ്റുകളിലായി സംസ്ഥാന സർക്കാർ തുടരെ പ്രഖ്യാപിക്കുന്ന വർക്ക് നിയർ ഹോം പദ്ധതി ആദ്യം നടപ്പാക്കുക കൊട്ടാരക്കരയിലും പെരിന്തൽമണ്ണയിലും. നിലവിലെ 3 സർക്കാർ ഐടി പാർക്കുകളിൽ നിന്നു മാറി, എന്നാൽ അവയ്ക്കു കീഴിൽ 5,000 മുതൽ 50,000 വരെ ചതുരശ്രയടി വിസ്തൃതിയിൽ ഐടി ഇടം സജ്ജീകരിക്കുന്നതാണു പദ്ധതി. പ്ലഗ് ആൻഡ് പ്ലേ ഓഫിസ്, ഒരുമിച്ചിരുന്നു ജോലി ചെയ്യാനുള്ള സൗകര്യം, യോഗം ചേരാനുള്ള മുറികൾ, പരിശീലന മുറികൾ, കോഫി ലോഞ്ച് അല്ലെങ്കിൽ റസ്റ്ററന്റ്, ഇന്റർനെറ്റ് സൗകര്യം, എയർകണ്ടിഷൻ, വിഡിയോ കോൺഫറൻസ് സൗകര്യം, ഫ്രണ്ട് ഡെസ്ക് , 24 മണിക്കൂറും പ്രവർത്തിക്കുന്ന സെക്യൂരിറ്റി സംവിധാനം എന്നിവയുണ്ടാകും.
കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ കെ–ഡിസ്ക് നടപ്പാക്കുന്ന പദ്ധതിയുടെ സ്പെഷൽ പർപ്പസ് വെഹിക്കിളായി കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ (കെഎസ്ഐടിഐഎൽ) ചുമതലപ്പെടുത്തി.
വർക്ക് നിയർ ഹോം സ്ഥാപിക്കുന്നതിനുള്ള ചെലവിന്റെ 80% തുക പലിശരഹിത വായ്പയായി കിഫ്ബി ലഭ്യമാക്കും. ബാക്കി 20% തുക പദ്ധതി നടപ്പാക്കുന്നവരാണു കണ്ടെത്തേണ്ടത്. ആദ്യത്തെ ഒരു വർഷം വായ്പയ്ക്കു മൊറട്ടോറിയം ലഭിക്കും. 10 വർഷം കൊണ്ടു വായ്പ തിരിച്ചടയ്ക്കണം. പെരിന്തൽമണ്ണയിലും കൊട്ടാരക്കരയിലും കെ–ഡിസ്ക് മുൻകൈ എടുത്തു നടപ്പാക്കുന്ന വർക്ക് നിയർ ഹോം പദ്ധതിയാണ് മറ്റിടങ്ങളിൽ പദ്ധതി നടപ്പാക്കുന്നവർ മാതൃകയാക്കേണ്ടത്.
പദ്ധതി നടപ്പാക്കാൻ താൽപര്യമുള്ള ഓപ്പറേറ്റിങ് പാർട്നർമാരെ കണ്ടെത്താൻ കെഎസ്ഐടിഐഎൽ താൽപര്യപത്രം ക്ഷണിക്കും. കെഎസ്ഐടിഐഎൽ വഴിയാണു വായ്പ ലഭ്യമാക്കുക. പദ്ധതി നടപ്പാക്കുന്ന ഓപ്പറേറ്റിങ് പാർട്നർക്ക് ലാഭത്തിന്റെ 90 ശതമാനവും കെഎസ്ഐടിഐഎലിന് 10 ശതമാനവും എടുക്കാം. കരാർ ഏറ്റെടുക്കുന്നവർ 120 ദിവസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണം