ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിക്കുന്നു: ലോകബാങ്ക്
Mail This Article
ന്യൂഡൽഹി∙ വെല്ലുവിളികൾ അതിജീവിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ നല്ല രീതിയിൽ മുന്നേറുകയാണെന്നു ലോകബാങ്ക്. എന്നാൽ, 2030ൽ കയറ്റുമതി ഒരു ലക്ഷം കോടി ഡോളറിൽ എത്തിക്കുകയെന്ന ലക്ഷ്യത്തിലെത്താൻ കയറ്റുമതി കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കണമെന്നും ‘മാറുന്ന ലോക സാഹചര്യത്തിൽ ഇന്ത്യയുടെ വ്യാപാര സാധ്യതകൾ’ സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ടിൽ ലോകബാങ്ക് ചൂണ്ടിക്കാട്ടി.
‘2023–24ൽ 8.2% വളർച്ചയുമായി ലോകത്ത് ഏറ്റവുമധികം പുരോഗതി നേടിയ, പ്രധാനപ്പെട്ട സാമ്പത്തിക വ്യവസ്ഥ ഇന്ത്യയുടേതു തന്നെ. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ഭൂമി കച്ചവടത്തിലെ നിക്ഷേപവും കാരണമായി. ഉൽപാദനത്തിൽ 9.9% ആണ് വർധന. കാർഷികമേഖലയിൽ തളർച്ച നേരിട്ടുവെങ്കിലും സേവനമേഖലയിലെ പുരോഗതി തുണയായി. നഗരമേഖലയിലെ തൊഴിലില്ലായ്മ കുറഞ്ഞു. ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ, നഗരങ്ങളിലെ വനിതകളുടെ തൊഴിലില്ലായ്മ 8.5% ആയി കുറഞ്ഞു. അതേസമയം, നഗരങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മ 17 ശതമാനത്തിൽ തുടരുകയാണ്. വിദേശനാണ്യ നിക്ഷേപം 67,010 കോടി ഡോളറിലെത്തി. നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച 7% ആയിരിക്കുമെന്നും അടുത്ത 2 വർഷം ശക്തമായി തന്നെ തുടരുമെന്നും ലോകബാങ്ക് പ്രവചിക്കുന്നു. വളർച്ച നിരക്കും പണപ്പെരുപ്പം കുറഞ്ഞതും അതിദാരിദ്ര്യം കുറയ്ക്കാൻ സഹായിക്കുമെന്നു ലോകബാങ്ക് ഡയറക്ടർ അഗസ്റ്റ് ടാനോ കുയാമെ പറഞ്ഞു.