കൃഷി സ്റ്റാർട്ടപ്പുകൾക്ക് 750 കോടി
Mail This Article
ന്യൂഡൽഹി ∙ കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് 750 കോടി രൂപയുടെ പദ്ധതിയുമായി കൃഷി മന്ത്രാലയം. കൃഷിയിലും ഗ്രാമീണ സംരംഭങ്ങളിലും നൂതനവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാനായി ‘അഗ്രി ഷുവർ ഫണ്ട്’ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ അവതരിപ്പിച്ചു. നബാർഡുമായി സഹകരിച്ചാണ് പദ്ധതി. സ്റ്റാർട്ടപ്പുകളിലെ ഓഹരി നിക്ഷേപമായും വായ്പയായിട്ടുമാണ് ഫണ്ട് നൽകുക.
കേന്ദ്ര സർക്കാരിന്റെ 250 കോടിരൂപ, നബാർഡിന്റെ 250 കോടി രൂപ, ബാങ്കുകളിൽനിന്നും ഇൻഷുറൻസ് കമ്പനികളിൽ നിന്നുമായി സമാഹരിക്കുന്ന 250 കോടി രൂപ എന്നിങ്ങനെയാണ് അഗ്രി ഷുവർ ഫണ്ട് രൂപീകരിച്ചത്. ആദ്യഘട്ടമായി 85 സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകാനാണ് ലക്ഷ്യമിടുന്നത്.
കൃഷിമേഖലയിലെ നിക്ഷേപ അവസരങ്ങളും കേന്ദ്ര പദ്ധതി വിവരങ്ങളും ലഭ്യമാക്കാൻ ‘കൃഷി നിവേശ്’ എന്ന വെബ് പോർട്ടലും കേന്ദ്ര കൃഷി മന്ത്രാലയം അവതരിപ്പിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ പോർട്ടൽ സഹായിക്കും.