ADVERTISEMENT

ഓഹരി വിപണിയിലും ഓല ഇലക്ട്രിക്കിനോട് ഏറ്റുമുട്ടാൻ എതിരാളിയായ ഏഥർ എനർജി (Ather Energy). ഓലയ്ക്ക് പിന്നാലെ ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ‌ ബെംഗളൂരു ആസ്ഥാനമായ ഏഥറും. പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തുന്നതിനുള്ള അപേക്ഷ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിക്ക് (SEBI) ഏഥർ എനർജി സമർപ്പിച്ചു.

4,500 കോടി രൂപയുടെ സമാഹരണമാണ് ഐപിഒയിലൂടെ ഏഥർ ലക്ഷ്യമിടുന്നത്. ഇതിൽ 3,100 കോടി രൂപയുടേത് പുതിയ ഓഹരികളും (ഫ്രഷ് ഇഷ്യൂ) ബാക്കി നിലവിലെ ഓഹരി ഉടമകൾ കൈവശമുള്ള നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ-ഫോർ-സെയിലും (ഒഎഫ്എസ്) ആയിരിക്കും. സഹസ്ഥാപകനും സിഇഒയുമായ തരുൺ സഞ്ജയ് മേത്ത 1,400 കോടി രൂപയുടെ ഓഹരികൾ ഒഎഫ്സ് വഴി വിറ്റഴിക്കും. ആകെ 2.2 കോടി ഓഹരികൾ ഒഎഫ്എസിൽ വിൽപനയ്ക്കുണ്ടാകും. മറ്റൊരു പ്രൊമോട്ടറായ സ്വപ്നിൽ ബാബൻലാൽ ജെയിനും ഒഎഫ്എസിൽ പങ്കെടുക്കും. തരുണും സ്വപ്നിലും ചേർന്ന് 10 ലക്ഷം ഓഹരികളാകും വിറ്റഴിക്കുക.

IPO

മറ്റ് ഓഹരി ഉടമകളായ കലാഡിയം ഇൻവെസ്റ്റ്മെന്റ്, നാഷണൽ‌ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട്, 3സ്റ്റേറ്റ് വെഞ്ച്വേഴ്സ്, ഐഐടിഎം ഇൻക്യുബേഷൻ സെൽ, ഐഐടിഎംഎസ് റൂറൽ ടെക്നോളജി ആൻഡ് ഇൻക്യുബേറ്റർ എന്നിവയും ഒഎഫ്എസ് വഴി ഓഹരികൾ വിറ്റഴിക്കും. മഹാരാഷ്ട്രയിൽ ടൂവീലർ ഫാക്ടറി സ്ഥാപിക്കാനും ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കുമായാകും ഐപിഒ വഴി സമാഹരിക്കുന്ന തുക ഏഥർ പ്രധാനമായും ചെലവഴിക്കുക. 

ഹീറോയ്ക്കും ഓഹരി പങ്കാളിത്തം

ഇന്ത്യയിലെ ഏറ്റവും വലിയ ടൂവീലർ നിർമാണക്കമ്പനിയായ ഹീറോ മോട്ടോകോർപ്പിനും ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് ഏഥർ എനർജി. 37.2% ഓഹരികൾ ഏഥറിൽ ഹീറോയ്ക്കുണ്ട്. ഏറ്റവും വലിയ ഓഹരി പങ്കാളിയുമാണ്. എന്നാൽ, ഐപിഒയിൽ ഹീറോ ഓഹരികളൊന്നും വിൽക്കുന്നില്ല. ഏകദേശം 21,000 കോടി രൂപയാണ് ഏഥറിന് കൽപിക്കുന്ന വിപണിമൂല്യം. 

ഓലയുടെ ഓഹരികൾ

കഴിഞ്ഞമാസം 9നാണ് (ഓഗസ്റ്റ് 9) ഓല ഇലക്ട്രിക് ഓഹരികൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. 76 രൂപയായിരുന്നു ഐപിഒ വില. ഇതേ വിലയ്ക്ക് തന്നെയായിരുന്നു ലിസ്റ്റിങ് എങ്കിലും പിന്നാലെ ഓഹരി വില 157.40 രൂപവരെ കുതിച്ചുകയറിയിരുന്നു. ഇന്ന് വ്യാപാരം പുരോഗമിക്കുന്നത് 110-114 രൂപ നിരക്കിൽ. 50,200  കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് ഓല. ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ആദ്യ ഇവി കമ്പനിയാണ് ബെംഗളൂരു ആസ്ഥാനമായ ഓല ഇലക്ട്രിക്. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ ഇന്ത്യയിൽ ഐപിഒ സംഘടിപ്പിച്ച ആദ്യ ടൂവീലർ നിർമാണ കമ്പനിയുമാണ്.

ഏഥറിന്റെ കണക്കുകൾ

കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) 1,753 കോടി രൂപ വരുമാനം നേടിയ കമ്പനിയാണ് ഏഥർ. 2022-23നേക്കാൾ 1.7% കുറവാണിത്. കമ്പനിയുടെ നഷ്ടമാകട്ടെ 864 കോടി രൂപയിൽ നിന്ന് 1,060 കോടി രൂപയായും ഉയർന്നു. കഴിഞ്ഞമാസത്തെ കണക്കുപ്രകാരം ഏഥർ വിറ്റഴിച്ചത് 51% മാസാധിഷ്ഠിത വളർച്ചയോടെ 10,829 ടൂവീലറുകൾ. ഓലയ്ക്ക് 40 ശതമാനവും ഏഥറിന് 12 ശതമാനവുമാണ് വിപണിവിഹിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com