കേരളക്കമ്പനി ടോളിൻസ് ഉൾപ്പെടെ ഈ ആഴ്ച 16 ഐപിഒകൾ; ഒഴുകുക 9,000 കോടി രൂപ
Mail This Article
ഓഹരി വിപണി കനത്ത ചാഞ്ചാട്ടത്തിലാണെങ്കിലും അതിലൊന്നും തളരാതെ പ്രാരംഭ ഓഹരി വിൽപനയുമായി (ഐപിഒ) നിരവധി കമ്പനികൾ. കേരളത്തിൽ നിന്നുള്ള ടയർ കമ്പനിയായ ടോളിൻസ് ടയേഴ്സ് ഉൾപ്പെടെ 16 കമ്പനികളാണ് ഈയാഴ്ച ഐപിഒ നടത്തുന്നത്. ഇവ സംയോജിതമായി സമാഹരിക്കാൻ ഉന്നമിടുന്നത് 9,043 കോടി രൂപയും.
ഇന്നുമാത്രം ബജാജ് ഹൗസിങ് ഫിനാൻസ്, ടോളിൻസ് ടയേഴ്സ്, ക്രോസ് എന്നീ മുഖ്യധാരാ ഐപിഒകളും എസ്എംഇ ശ്രേണിയിൽ ആദിത്യ അൾട്രാ സ്റ്റീൽ, ഷെയർ സമാധാൻ, ഗജാനന്ദ് ഇന്റർനാഷണൽ, ശുഭ്ശ്രീ ബയോഫ്യുവൽസ് എനർജി എന്നിവയുടെ ഐപിഒകളും അരങ്ങേറും. ഓഹരിക്ക് 66-70 രൂപ നിരക്കിൽ എത്തുന്ന ബജാജ് ഹൗസിങ് ഫിനാൻസിന്റെ ലക്ഷ്യം 6,560 കോടി രൂപയാണ്. സെപ്റ്റംബർ 11 വരെയാണ് ഐപിഒ. കുറഞ്ഞത് 214 ഓഹരികളുള്ള ലോട്ടിനായി അപേക്ഷിക്കാം. ഗ്രേ മാർക്കറ്റിൽ വില 52 രൂപ.
കേരളക്കമ്പനി ടോളിൻസ് ടയേഴ്സ് 215-226 രൂപ നിരക്കിലാണ് ഐപിഒ നടത്തുന്നത്. ലക്ഷ്യം 230 കോടി രൂപ. കുറഞ്ഞത് 66 ഓഹരികൾക്കും തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഗ്രേ മാർക്കറ്റിൽ 13% അധികം വിലയുണ്ട്. സെപ്റ്റംബർ 11 വരെയാണ് ഐപിഒ. 12ന് ഓഹരികൾ ഡിമാറ്റ് അക്കൗണ്ടിൽ ലഭ്യമാക്കിയേക്കും. 16ന് ലിസ്റ്റിങ് പ്രതീക്ഷിക്കുന്നു.
വാഹനഘടക നിർമാണക്കമ്പനിയായ ക്രോസിന്റെ (Kross) ഐപിഒയും ഇന്നുമുതൽ 11 വരെ. ഓഹരിക്ക് വില 228-240 രൂപ. കുറഞ്ഞത് 62 ഓഹരികൾക്കും തുടർന്ന് ഗുണിതങ്ങൾക്കും അപേക്ഷിക്കാം. 500 കോടി രൂപയാണ് സമാഹരണ ഉന്നം. ആദിത്യ അൾട്രാ സ്റ്റീൽ ഓഹരിക്ക് ഇഷ്യൂ വില 59-62 രൂപ. 45.88 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു. 70-74 രൂപ നിരക്കിലാണ് ഷെയർ സമാധാൻ എത്തുന്നത്. ലക്ഷ്യം 24.06 കോടി രൂപ. ഓഹരിക്ക് 36 രൂപ നിരക്കിലെത്തുന്ന ഗജാനന്ദ് ഇന്റർനാഷണൽ ഉന്നമിടുന്നത് 20.65 കോടി രൂപ. 16.56 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ശുഭ്ശ്രീ ബയോഫ്യുവൽസിന്റെ ഇഷ്യൂ വില 113-119 രൂപ.
1,100 കോടി രൂപ സമാഹരിക്കാനായി പിഎൻ ഗാഡ്ഗിൽ ജ്വല്ലേഴ്സിന്റെ ഐപിഒ നാളെ ആരംഭിച്ച് 12ന് സമാപിക്കും. ശ്രീ തിരുപ്പതി ബാലാജി അഗ്രോ ട്രേഡിങ് കമ്പനിയുടെ ഐപിഒ കഴിഞ്ഞ 5ന് ആരംഭിച്ചത് ഇന്ന് അവസാനിക്കും. 170 കോടി രൂപയാണ് കമ്പനി സമാഹരിക്കുന്നത്.