കുട്ടികൾക്ക് സാമ്പത്തിക സുരക്ഷ: 'എൻപിഎസ് വാത്സല്യ' പദ്ധതിക്ക് നാളെ തുടക്കം
Mail This Article
ന്യൂഡൽഹി∙ രക്ഷിതാക്കൾക്ക് കുട്ടികളുടെ പേരിൽ നാഷനൽ പെൻഷൻ സ്കീം അക്കൗണ്ട് എടുക്കാൻ സാധിക്കുന്ന ‘എൻപിഎസ് വാത്സല്യ’ പദ്ധതിക്ക് നാളെ തുടക്കമാകും. ബജറ്റിലെ പ്രഖ്യാപനമാണ് യാഥാർഥ്യമാകുന്നത്. ഇതിനുള്ള ഓൺലൈൻ പോർട്ടൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യും.
ഇതുവരെ 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് മാത്രമേ എൻപിഎസ് അക്കൗണ്ട് എടുക്കാൻ കഴിയുമായിരുന്നുള്ളൂ.
കുട്ടിയുടെ പേരിലെടുക്കുന്ന അക്കൗണ്ടിൽ രക്ഷിതാക്കൾക്ക് നിക്ഷേപം നടത്താം. കുട്ടി പ്രായപൂർത്തിയാകുമ്പോൾ സ്വന്തം പേരിലുള്ള സാധാരണ എൻപിഎസ് അക്കൗണ്ട് ആക്കി ഇത് മാറ്റിയെടുക്കാം.
ചെറുപ്പത്തിൽ തന്നെ നിക്ഷേപം ആരംഭിക്കുന്നതുവഴി മെച്ചപ്പെട്ട പെൻഷനും ആനുകൂല്യങ്ങളും മക്കൾക്ക് ഉറപ്പാക്കാമെന്നതാണ് മെച്ചം.
ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ജോലിയിൽ നിന്നു വിരമിച്ചു വിശ്രമ ജീവിതത്തിലേക്കു കടക്കുമ്പോൾ നിശ്ചിത തുക പെൻഷനായി ലഭിക്കാൻ സഹായിക്കുന്നതാണ് എൻപിഎസ് അഥവാ നാഷനൽ പെൻഷൻ സ്കീം.