എൻപിഎസ് വാത്സല്യ: ചെറുപ്പത്തിലെ ആരംഭിക്കാം പെൻഷൻ, കുഞ്ഞുങ്ങൾക്കായി വലിയ കരുതൽ
Mail This Article
ന്യൂഡൽഹി∙ രക്ഷിതാക്കൾക്ക് കുട്ടികളുടെ പേരിൽ നാഷനൽ പെൻഷൻ സ്കീം അക്കൗണ്ട് എടുക്കാൻ സാധിക്കുന്ന ‘എൻപിഎസ് വാത്സല്യ’ പദ്ധതി ഇന്ന് വൈകിട്ട് 3ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യും. പ്രതിവർഷം കുറഞ്ഞത് 1,000 രൂപയെങ്കിലും നിക്ഷേപിച്ച് കുട്ടികൾക്കു വേണ്ടിയുള്ള ‘എൻപിഎസ് വാത്സല്യ’ അക്കൗണ്ട് മുന്നോട്ടുകൊണ്ടുപോകാം. ഓൺലൈൻ പ്ലാറ്റ്ഫോം ഇന്നാണ് തുടങ്ങുന്നതെങ്കിലും, ബാങ്കുകൾ പലതും നേരിട്ടും അവരുടെ വെബ്സൈറ്റുകൾ വഴിയും ഏതാനും ദിവസങ്ങളായി റജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഇതിനകം റജിസ്റ്റർ ചെയ്തവർക്ക് ഇന്നു മുതൽ ‘പ്രാൺ’ (പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ) ലഭ്യമാക്കും. വാർധക്യകാലത്ത് മെച്ചപ്പെട്ട പെൻഷനും ആനുകൂല്യങ്ങളും ഉറപ്പാക്കാൻ ചെറുപ്പത്തിൽ തന്നെ ആരംഭിക്കുന്ന നിക്ഷേപം സഹായിക്കും.
ഒറ്റനോട്ടത്തിൽ
∙ വിഹിതം: ആദ്യ തവണ കുറഞ്ഞത് 1,000 രൂപ. പ്രതിവർഷം 1,000 രൂപയെങ്കിലും അടയ്ക്കണം. ഉയർന്ന പരിധിയില്ല.
∙ റജിസ്ട്രേഷൻ: എൻപിഎസ് വെബ്സൈറ്റ്, ബാങ്ക് വെബ്സൈറ്റ്, പോസ്റ്റ് ഓഫിസ്, ബാങ്ക് ബ്രാഞ്ച് തുടങ്ങിയവ വഴി.
∙ ഭാഗിക പിൻവലിക്കൽ: ആദ്യ 3 വർഷം പണം പിൻവലിക്കാനാവില്ല (ലോക്ക്–ഇൻ പീരിയഡ്). പ്രത്യേക ആവശ്യങ്ങൾക്കായി, അടച്ച തുകയുടെ 25% ഇതിനു ശേഷം വേണമെങ്കിൽ പിൻവലിക്കാം. 18 വയസ്സ് ആകും വരെ 3 തവണ വരെ ഇത്തരത്തിൽ പിൻവലിക്കാം. വിദ്യാഭ്യാസം, നിശ്ചിത രോഗങ്ങൾ, 75 ശതമാനത്തിനു മുകളിലുള്ള ഭിന്നശേഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട് മാത്രമേ പിൻവലിക്കാനാവൂ.
∙ എക്സിറ്റ് ചട്ടം: കുട്ടിക്ക് 18 വയസ്സാകുമ്പോൾ മൊത്തം തുക 2.5 ലക്ഷത്തിലും താഴെയെങ്കിൽ, വേണമെങ്കിൽ മുഴുവൻ തുകയും പിൻവലിച്ച് പദ്ധതിയിൽ നിന്ന് പുറത്തുകടക്കാം. 2.5 ലക്ഷത്തിനു മുകളിലെങ്കിൽ ഇതിൽ 80% ആന്യുവിറ്റി വാങ്ങുന്നതിനുപയോഗിക്കണം. ബാക്കി 20% മാത്രമേ പിൻവലിക്കാൻ കഴിയൂ.
∙ 18 വയസ്സായാൽ: മൈനർ അക്കൗണ്ട് സാധാരണ എൻപിഎസ് ടിയർ 1 അക്കൗണ്ട് ആയി മാറും. ഇതിലേക്ക് തുടർന്നും നിക്ഷേപിക്കാം. 3 മാസത്തിനകം കെവൈസി (തിരിച്ചറിയൽ) നടപടിക്രമം പൂർത്തിയാക്കണം.
∙ മരണശേഷം: കുട്ടി മരണപ്പെട്ടാൽ മുഴുവൻ തുകയും നോമിനിയായ രക്ഷിതാവിന് മടക്കിനൽകും. രക്ഷിതാവ് മരണപ്പെട്ടാൽ മറ്റൊരു രക്ഷിതാവിനെ പുതിയ കെവൈസി പ്രക്രിയയിലൂടെ റജിസ്റ്റർ ചെയ്യണം. മാതാപിതാക്കൾ മരണപ്പെട്ടാൽ നിയമപരമായ രക്ഷിതാവിന് കുട്ടിക്കു വേണ്ടി 18 വയസ്സുവരെ തുകയടയ്ക്കാം.
∙ തിരിച്ചറിയൽ രേഖകൾ: രക്ഷിതാവിന്റെ ആധാർ/ഡ്രൈവിങ് ലൈസൻസ്/പാസ്പോർട്ട് അടക്കം ഏതെങ്കിലുമൊരു രേഖ. കുട്ടിയുടെ വയസ്സ് തെളിയിക്കാൻ ജനനസർട്ടിഫിക്കറ്റ്/എസ്എസ്എൽസി സർട്ടിഫിക്കറ്റ്, പാൻ, പാസ്‍പോർട്ട് എന്നിവയിൽ ഏതെങ്കിലുമൊന്ന്. വിദേശ ഇന്ത്യക്കാരായവർക്കും (എൻആർഐ) മക്കളുടെ പേരിൽ എൻപിഎസ് അക്കൗണ്ട് എടുക്കാം. ഇതിന് എൻആർഇ/എൻആർഒ അക്കൗണ്ട് വേണം.
∙ നിക്ഷേപം: തുക ഓഹരികൾ, കമ്പനി കടപ്പത്രങ്ങൾ, സർക്കാർ ബോണ്ടുകൾ എന്നിങ്ങനെ വിവിധ ആസ്തികളിൽ വീതിച്ചാണ് നിക്ഷേപിക്കുന്നത്.‘ആക്ടീവ് ചോയ്‌സ്’ രീതി ഉപയോഗിച്ച് പരമാവധി 75% വരെ ഓഹരിയിൽ നിക്ഷേപിക്കാം. ‘ഓട്ടോ ചോയ്സ്’ പ്രകാരം 3 ഓപ്ഷനുകളുണ്ട്. 25% (കൺസർവേറ്റീവ്), 50% (മോഡറേറ്റ്), 75% (അഗ്രസീവ്) എന്നിങ്ങനെ ഓഹരിയിൽ നിക്ഷേപിക്കാം.
∙ നികുതി ആനുകൂല്യം: കുട്ടികളുടെ പേരിൽ നിക്ഷേപിക്കുന്ന തുകയ്ക്കും സെക‍്ഷൻ 80സി പ്രകാരമുള്ള ആദായനികുതി ഇളവ് ലഭിക്കും.