വിമാനത്താവളത്തിലും ഉത്രാടപ്പാച്ചിൽ ; യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ്
Mail This Article
കൊച്ചി ∙ ഓണാഘോഷത്തിനായി മലയാളികൾ പറന്നിറങ്ങിയപ്പോൾ കൊച്ചി വിമാനത്താവളത്തിൽ പിറന്നതു പുതിയ റെക്കോർഡ്. രാജ്യാന്തര വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന യാത്രക്കാരുടെ എണ്ണമാണ് ഉത്രാട നാളിൽ രേഖപ്പെടുത്തിയത്. ഉത്രാടത്തിന് കൊച്ചി വഴി വിമാനങ്ങളിൽ യാത്ര ചെയ്തത് 36,835 പേരാണ്. ഉത്രാടത്തലേന്ന് 36625 പേർ യാത്ര ചെയ്തു.
ഈ വർഷം കൊച്ചി വഴി ഇതു വരെ യാത്ര ചെയ്തവരുടെ ശരാശരി എണ്ണം പ്രതിദിനം ഏതാണ്ട് 30,000 ആണ്. കഴിഞ്ഞ വർഷത്തെ ശരാശരി 28,849 യാത്രക്കാരാണ്.
ഓണ ദിവസങ്ങളിൽ ആഭ്യന്തര യാത്രക്കാരുടെ തിരക്കും സാധാരണയിലേറെ വർധിച്ചിരുന്നു. ഉത്രാട നാളിൽ ആഭ്യന്തര യാത്രക്കാരുടെ മാത്രം എണ്ണം 19,329 ആയിരുന്നു. ഈ ദിവസങ്ങളിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണം 17452.
ഓണക്കാല അവധിയോടനുബന്ധിച്ച് സെപ്റ്റംബർ ആദ്യം മുതലേ യാത്രക്കാരുടെ എണ്ണത്തിൽ നേരിയ വർധന ഉണ്ടായിരുന്നു. സെപ്റ്റംബർ 1ന് 31138 യാത്രക്കാരാണ് കൊച്ചി വഴി സഞ്ചരിച്ചത്. തിരുവോണ നാളിൽ 32479 പേർ കൊച്ചി വഴി സഞ്ചരിച്ചു.