കോൾ, എസ്എംഎസ്, ഇന്റർനെറ്റ് –വെവ്വേറെ പ്ലാനുകൾ:ട്രായ് നിർദേശത്തെ എതിർത്ത് ടെലികോം കമ്പനികൾ
Mail This Article
ന്യൂഡൽഹി∙ നിലവിലുള്ള പ്ലാനുകൾക്കൊപ്പം കോൾ, എസ്എംഎസ്, ഇന്റർനെറ്റ് എന്നിവയ്ക്കായി വെവ്വേറെ മൊബൈൽ പ്ലാനുകൾ കൂടി കൊണ്ടുവരാനുള്ള ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി) നീക്കത്തെ എതിർത്ത് ടെലികോം കമ്പനികൾ.
ട്രായിയുടെ കൺസൽറ്റേഷൻ പേപ്പറിന്മേലാണ് ടെലികോം കമ്പനികൾ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനികളുടെ സംഘടനയായ സെല്ലുലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, റിലയൻസ് ജിയോ, എയർടെൽ എന്നീ കമ്പനികളാണ് എതിർപ്പ് അറിയിച്ചിരിക്കുന്നത്.
നിലവിൽ കമ്പനികൾ നൽകുന്ന റീചാർജ് പ്ലാനുകൾ മിക്കതും വോയ്സ് കോൾ, എസ്എംഎസ്, ഇന്റർനെറ്റ്, ഒടിടി സബ്സ്ക്രിപ്ഷൻ എന്നിവ കൂട്ടിച്ചേർത്താണ് (ഉദാഹരണം: 349 രൂപ–56 ജിബി ഡേറ്റ, അൺലിമിറ്റഡ് വോയ്സ് കോൾ, പ്രതിദിനം 100 എസ്എംഎസ്, ഒടിടി സബ്സ്ക്രിപ്ഷനുകൾ). പലർക്കും ഇതിലെല്ലാ സേവനങ്ങളും ആവശ്യമില്ല. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവർ പോലും ഇന്റർനെറ്റ് അടങ്ങിയ റീചാർജ് പ്ലാനുകൾ ഉപയോഗിക്കുന്നുണ്ട്. ട്രായിയുടെ നയം നടപ്പായാൽ, ഒരാൾക്ക് ഇന്റർനെറ്റ് പ്ലാൻ ആവശ്യമില്ലെങ്കിൽ വോയ്സ് കോൾ, എസ്എംഎസ് എന്നിവയുടെ പ്ലാൻ മാത്രം എടുത്താൽ മതിയാകും.
എതിർപ്പിനുള്ള കാരണങ്ങൾ
∙ വാട്സാപ് പോലെയുള്ളവ വന്നതോടെ എസ്എംഎസ് ഉപയോഗം തീർത്തും കുറഞ്ഞു. അതുകൊണ്ട് പ്രത്യേക എസ്എംഎസ് പാക്ക് ഗുണം ചെയ്യില്ല.
∙ ടെലികോം സേവനങ്ങളുടെ ചെലവ് സാധാരണക്കാർക്ക് താങ്ങാവുന്നതിനാൽ പ്രത്യേക എസ്എംഎസ്, വോയ്സ് പ്ലാനുകൾ ആവശ്യമില്ല.
∙ കോളുകൾക്ക് പ്രാമുഖ്യം നൽകുന്ന പ്ലാനുകൾ നിലവിലുണ്ട്. ഇതിൽ ചെറിയ തോതിൽ മാത്രമേ ഇന്റർനെറ്റ് (ഉദാ: പ്രതിമാസം 2 ജിബി) ഉൾപ്പെടുത്തിയിട്ടുള്ളൂ.
∙ വെവ്വേറെ പ്ലാനുകൾ വഴി, ചെറിയ ഒരു ജനസംഖ്യയുടെ എങ്കിലും ഡിജിറ്റൽ ലോകത്തേക്കുള്ള വരവ് തടസ്സപ്പെടുത്തും.