ഇലക്ട്രിക് വാഹന ചാർജിങ്: നിരക്കു കുറയ്ക്കാൻ കെഎസ്ഇബി
Mail This Article
തിരുവനന്തപുരം∙ വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് പകൽസമയത്തെ നിരക്കു കുറയ്ക്കാനും ചാർജിങ് സെന്ററുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനും കെഎസ്ഇബി. റിഫ്രഷ് ആൻഡ് റീചാർജ് സെന്ററുകളാക്കി ഇവയെ മാറ്റും. കെഎസ്ഇബിയുടെ 63 ചാർജിങ് സെന്ററുകളാണ് മുഖം മിനുക്കുന്നത്. പിന്നീട് സംസ്ഥാനത്താകെ ചാർജിങ് സെന്ററുകൾ വരും. നിലവിൽ 63 എണ്ണത്തിൽ പലതും പ്രവർത്തിക്കുന്നില്ല. ചാർജിങ് സെന്ററുകൾ ഹൈടെക് ആക്കുന്നതിന് സ്വകാര്യ നിക്ഷേപകരെ തേടി കരാർ വിളിക്കും. ഇവിടെ ടോയ്‌ലറ്റ് സൗകര്യമൊരുക്കും. ലഘുപാനീയ സെന്ററുകളും തുടങ്ങും.
കെഎസ്ഇബിക്ക് പുറമേ എട്ട് കമ്പനികളെങ്കിലും ചാർജിങ് സ്റ്റേഷനുകൾ നടത്തുന്നുണ്ട്. ഇവർക്കെല്ലാം പ്രത്യേകം മൊബൈൽ ആപ്പും ചാർജിങ് രീതികളുമാണ്. ഉപകരണങ്ങൾ പോലും വ്യത്യസ്തമായതിനാൽ വാഹനങ്ങളിൽ ചിലതു ചാർജ് ചെയ്യാനുമാകില്ല. ഇതെല്ലാം ഏകീകരിക്കാൻ വാഹന ചാർജിങ് ഉപകരണങ്ങളുടെ നിർമാതാക്കളുടെ സംഗമം കെഎസ്ഇബി നടത്തിയിരുന്നു.
ഇൗ മേഖലയിലെ പ്രമുഖ രാജ്യാന്തര കമ്പനിയായ റോക്കിമൗണ്ടൻ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിക്കും.
സോളർ പദ്ധതികളിൽ നിന്നുൾപ്പെടെ ഉൽപാദനം വർധിച്ചതോടെ പകൽ വൈദ്യുതി അധികമായതിനാൽ ഇതുപയോഗിച്ച് പകൽ ഇവി ചാർജിങ്ങിന് കാര്യമായ ഇളവും ഉടൻ കെഎസ്ഇബി പ്രഖ്യാപിക്കും. രാത്രി വീടുകളിലെ ചാർജിങ് കർശനമായി നിരുത്സാഹപ്പെടുത്താനാണ് കെഎസ്ഇബിയുടെ തീരുമാനം. ചാർജിങ് സെന്ററുകളിലെ പ്രീപെയ്ഡ് രീതിയും മാറും. ക്യുആർ കോഡ് സ്കാൻ ചെയ്താൽ പണം അടയ്ക്കാനാകും. പണം അടയ്ക്കാതെ ചാർജ് ചെയ്തു പോയാൽ പിന്നീട് കേരളത്തിൽ എവിടെ ചാർജ് ചെയ്താലും കുടിശിക അടയ്ക്കേണ്ടിവരുന്ന സോഫ്റ്റ്‌വെയർ സംവിധാനവും ഉണ്ടാകും.