റെക്കോർഡ് കുതിപ്പ് തുടർന്ന് ഓഹരിയും സ്വർണവും
Mail This Article
കൊച്ചി∙ അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ കുറയ്ക്കൽ നടപടിയോടനുബന്ധിച്ചുള്ള കുതിപ്പ് ഓഹരി, സ്വർണ വിപണികളിൽ തുടരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി ഓഹരി വിപണിയിൽ തുടരുന്ന മുന്നേറ്റത്തിൽ നിക്ഷേപകരുടെ ആസ്തിയിൽ 8.30 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. ഇന്നലെ സെൻസെക്സ് 384 പോയിന്റും നിഫ്റ്റി 148 പോയിന്റുമാണ് ഉയർന്നത്. ഇതോടെ സെൻസെക്സ് 85,000 പോയിന്റിനും നിഫ്റ്റി 26000 പോയിന്റിനും തൊട്ടടുത്തെത്തി.
ടെലികോം, ബാങ്കിങ്, റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ നിക്ഷേപമെത്തി. വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വാങ്ങിക്കൂട്ടുന്ന പ്രവണത വിപണിയിൽ തുടരുകയാണ്.
അമേരിക്കയിൽ പലിശ കുറയുന്നത് ബാങ്ക് നിക്ഷേപത്തെ അനാകർഷകമാക്കുമെന്ന കാരണത്താലാണ് ഓഹരി വിപണിയിലേക്കും സ്വർണത്തിലേക്കും വൻതോതിൽ നിക്ഷേപമെത്തുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവില റെക്കോർഡ് ഭേദിച്ചു മുന്നേറുകയാണ്. ട്രോയ് ഔൺസിന് (31.1 ഗ്രാം) 2630 ഡോളർ നിലവാരത്തിലാണു വ്യാപാരം നടക്കുന്നത്.
സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന്റെ വില 7000 രൂപയ്ക്ക് അടുത്തെത്തി. ഇന്നലെ ഗ്രാമിന് 20 രൂപ വർധിച്ച് 6980 രൂപയായി. പവന് 160 രൂപ ഉയർന്ന് 55,840 രൂപയുമായി.
സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്.
കഴിഞ്ഞ 4 ദിവസത്തിനിടെ പവന് 1240 രൂപയും ഗ്രാമിന് 155 രൂപയും കൂടി. കഴിഞ്ഞ ഒരു വർഷത്തിനിടെയുള്ള വർധന പവന് 11,880 രൂപയും ഗ്രാമിന് 1,485 രൂപയുമാണ്.
പലിശ കുറഞ്ഞതിനൊപ്പം പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയിലും സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്തുന്നുണ്ട്.