ADVERTISEMENT

കുട്ടികളുടെ വസ്ത്ര നിർമാണരംഗത്ത് ലോകത്തെ തന്നെ ശ്രദ്ധേയ ബ്രാൻഡായ കിറ്റെക്സ് തുടർച്ചയായി അപ്പർ-സർക്യൂട്ടിൽ. മികച്ച ബിസിനസ് പ്രതീക്ഷകളുടെ കരുത്തിലാണ് മുന്നേറ്റം. 5% ഉയർന്ന് ഓഹരി വില ഇന്ന് 541.95 രൂപയിലെത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 18% മുന്നേറിയ കിറ്റെക്സ് ഓഹരികളുടെ കഴിഞ്ഞ ഒരുമാസത്തെ നേട്ടം 50 ശതമാനത്തിനടുത്താണ്. 6 മാസത്തിനിടെ ഓഹരി വില 180% ഉയർന്നു. 496 ശതമാനമാണ് 5 വർഷത്തെ വളർച്ച. 5 വർഷം മുമ്പ് ഓഹരി വില 83 രൂപയായിരുന്നു. കമ്പനിയുടെ വിപണിമൂല്യം 3,600 കോടി രൂപയും കടന്നിട്ടുണ്ട്.

അവകാശ ഓഹരി വിൽപനയിലൂടെ (റൈറ്റ്സ് ഇഷ്യൂ) 200 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്ന ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ന് ഓഹരികൾ തിളങ്ങിയത്. ഒരുവേള 8 ശതമാനത്തിനടുത്ത് നേട്ടവുമായി 168 രൂപവരെ എത്തിയ ഓഹരി, നിലവിലുള്ളത് 7.3% ഉയർന്ന് 165.61 രൂപയിൽ. 

ഒക്ടോബർ ഒന്നാണ് റൈറ്റ്സ് ഇഷ്യൂവിന്റെ റെക്കോർഡ് ഡേറ്റ്. അതായത്, അന്നുവരെ ജിയോജിത്തിന്റെ ഓഹരി കൈവശമുള്ളവരാണ് അവകാശ ഓഹരികൾ നേടാൻ അർഹർ. ഒക്ടോബർ 15നാണ് അവകാശ ഓഹരി വിൽപന. 23ന് സമാപിക്കും. നവംബർ 5ന് ഓഹരികൾ ഡിമാറ്റ് അക്കൗണ്ടിൽ ലഭ്യമാക്കും. നവംബർ 11ന് ഓഹരികൾ എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്യും. 

ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 49 രൂപ പ്രീമിയവുമായി 50 രൂപയ്ക്കാണ് അവകാശ ഓഹരി വിൽപന. ജിയോജിത്തിന്റെ ഓരോ 6 ഓഹരിക്കും ഒരെണ്ണം എന്ന അനുപാതത്തിൽ അവകാശ ഓഹരി നേടാം. കഴിഞ്ഞ ഒരുമാസത്തിനിടെ ജിയോജിത് ഓഹരി 26 ശതമാനവും ഒരുവർഷത്തിനിടെ 218 ശതമാനവും 5 വർഷത്തിനിടെ 510 ശതമാനവുമാണ് ഉയർന്നത്. 3,960 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.

പോപ്പീസ് (4.98%), ഇൻഡിട്രേഡ് (4.98%), യൂണിറോയൽ മറീൻ (4.98%), സെല്ല സ്പേസ് (4.97%) എന്നിവയും ഇന്ന് അപ്പർ-സർക്യൂട്ടിലായിരുന്നു. ഓഹരി വിൽപന നടത്തി മൂലധന സമാഹരണം നടത്താനൊരുങ്ങുന്ന വണ്ടർലയുടെ ഓഹരികൾ ഇന്ന് 4.14% നേട്ടത്തിലേറി. ഹാരിസൺസ് മലയാളം (3.66%), ടിസിഎം (3.01%), കല്യാൺ ജ്വല്ലേഴ്സ് (2.73%) എന്നിവയും തിളങ്ങി. കല്യാൺ ജ്വല്ലേഴ്സിൽ ഓഹരി പങ്കാളിത്തം ഉയർത്താനുള്ള ശ്രമത്തിലാണ് പ്രൊമോട്ടർ ടി.എസ്. കല്യാണരാമൻ.

kalyan-jewellers
TS Kalyanaraman

മുത്തൂറ്റ് ഫിനാൻസ് ആണ് 3.74% നഷ്ടവുമായി കേരളക്കമ്പനികളിൽ നഷ്ടത്തിൽ മുന്നിൽ. സ്വർണപ്പണയ കമ്പനികൾ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന സർക്കുലർ റിസർവ് ബാങ്ക് ഇന്നലെ പുറത്തിറക്കിയിരുന്നു. ഇന്നലെ മികച്ച നേട്ടമുണ്ടാക്കിയ സ്കൂബിഡേ ഓഹരി ഇന്ന് 3.4% താഴ്ന്നു. ആഡ്ടെക് സിസ്റ്റംസ് (-2.32%), സ്റ്റെൽ ഹോൾഡിങ്സ് (-2.01%), കൊച്ചിൻ ഷിപ്പ്‍യാർഡ് (-2.01%), മണപ്പുറം ഫിനാൻസ് (-1.93%), ഇസാഫ് ബാങ്ക് (-1.44%) എന്നിവയും നഷ്ടത്തിൽ മുന്നിലുള്ളവയാണ്.

English Summary:

Kitex Garments continues its stellar run, while Geojit Financial Services announces a rights issue. Explore the latest stock market moves, including gains by Kalyan Jewellers and challenges faced by Muthoot Finance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com