ADVERTISEMENT

ലാഭമുണ്ടാക്കുക, ബിസിനസ് വളർത്തുക, വീണ്ടും ലാഭം ഉണ്ടാക്കുക ഇതാണ് പൊതുവെ എല്ലാ കമ്പനികളുടെയും വളർച്ചാ മന്ത്രം. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി മാനവികതയ്ക്കും, ധാർമികതയ്ക്കും പ്രാധാന്യം കൊടുത്തുള്ള ബിസിനസ് രീതി ആയിരുന്നു ടാറ്റ കമ്പനികളുടേത്. ടാറ്റ സ്റ്റീലിലെ സാധാരണ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ പണമില്ലാതെ വന്നപ്പോൾ സ്വന്തം  സ്വർണാഭരണങ്ങൾ പണയം വച്ച് വരെ ശമ്പളം കൊടുത്ത രീതി ടാറ്റ അല്ലാതെ ആരും ചെയ്യില്ല എന്ന് അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ടുള്ള സംഭാഷണങ്ങളിൽ ഇന്ന് നിറയുന്നത് തന്നെ അദ്ദേഹം ഉയർത്തിപിടിച്ചിരുന്ന മൂല്യങ്ങൾക്കുള്ള ഉദാഹരണങ്ങളാണ്. അതുപോലെ സ്‌പെഷലൈസ് ചെയ്തു വ്യവസായങ്ങൾ ലാഭത്തിൽ നിന്ന് ലാഭത്തിലേക്ക് വളർത്തുന്നതിന് പകരം ടാറ്റ ഗ്രൂപ്പ് ഇപ്പോഴും ഉത്പന്നങ്ങളും, സേവനങ്ങളും  വൈവിധ്യവൽക്കരിക്കാൻ ശ്രമം നടത്തുന്നു.

ലാഭത്തിന് അമിത പ്രാധാന്യം കൊടുക്കാതെ ഒരു കുടുംബ ബിസിനസിനെ  ലോകത്തിലെ ഏറ്റവും മികച്ചതും പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നതുമായ ഗ്രൂപ്പുകളിലൊന്നായി പരിണമിപ്പിച്ചത് ഒരു അത്ഭുതം ആയി കാണുന്നവരുമുണ്ട്. സൊറാസ്ട്രിയൻ മതത്തിൻ്റെ സ്വാധീനം ടാറ്റായുടെ ബിസിനസുകളിൽ പ്രതിഫലിച്ചിരുന്നു.  നീതിമാൻ്റെ ദൗത്യം നല്ല ജീവിതം നയിക്കുക മാത്രമല്ല, മറ്റുള്ളവർക്ക് ജീവിതം മികച്ചതാക്കുകയാണ് എന്ന കാര്യം അവർ മുറകെ പിടിച്ചിരുന്നു.  മറ്റ് വിജയിച്ച മുതലാളിമാരും വ്യവസായ മേധാവികളും ലാഭവും അതുവഴി സമ്പത്തും സൃഷ്ടിക്കാൻ കമ്പനികൾ ആരംഭിച്ചപ്പോൾ ടാറ്റ ഗ്രൂപ്പ്   ഇന്ത്യയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്ക് ധനസഹായം നൽകാനും പദ്ധതികൾ ആരംഭിക്കാനും ആണ് ശ്രമിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം നല്ലൊരു തുക നീക്കി വയ്ക്കാൻ കാരണവും മറ്റൊന്നല്ല. ടാറ്റ ഗ്രൂപ്പിന്റെ ഓഹരികൾ കൈയ്യിൽ വെച്ചിരിക്കുന്നവർക്കും എല്ലാ കാലത്തും സമ്പത്തു വളർന്നിട്ടേയുള്ളൂ. മനുഷ്യർക്ക് മാത്രമല്ല, തെരുവിൽ അലയുന്ന നായകളോടും  മറ്റു മൃഗങ്ങളോടും അദ്ദേഹത്തിന് കരുതലുണ്ടായിരുന്നു.

വൈവിധ്യവൽക്കരണം, രാഷ്ട്ര നിർമാണം

സ്പെഷ്യലൈസ് ചെയ്യുന്നതിനുപകരം ടാറ്റ ബന്ധമില്ലാത്ത വ്യവസായങ്ങളുടെ നിരയിലേക്ക് കടക്കുകയും സ്റ്റീൽ, കെമിക്കൽസ്, ഐടി മുതൽ ഹോട്ടലുകൾ, ഊർജം, ഓട്ടോമൊബൈൽസ്, ഇൻഷുറൻസ് തുടങ്ങി നിരവധി മേഖലകളിൽ ലോക നേതാവായി മാറുകയും ചെയ്തു. വാസ്തവത്തിൽ ടാറ്റ ഉൾപ്പെടാത്ത  ഒരു വ്യവസായത്തെക്കുറിച്ച് ചിന്തിക്കുന്നത് ആയിരിക്കും എളുപ്പം. എല്ലാ ടാറ്റ  സംരംഭങ്ങളും  കമ്പനി ജീവനക്കാർ, ഓഹരി ഉടമകൾ, അവർ താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ സൊസൈറ്റികൾ എന്നിവരുമായി ലാഭം പങ്കിടുന്നു.   മുതിർന്ന ടാറ്റ മാനേജർമാർ ചെറിയ   അപ്പാർട്ടുമെൻ്റുകളിലും വീടുകളിലുമാണ് താമസിക്കുന്നത്. ഓരോ ബിസിനസും ആരംഭിക്കുമ്പോൾ അതിനൊപ്പം ടാറ്റ ഗ്രൂപ്പ് ഒരു നഗരം തന്നെ ആയിരുന്നു വളർത്തികൊണ്ടുവന്നിരുന്നത്. ഓരോ ടാറ്റ ഗ്രൂപ്പ് പ്രസ്ഥാനങ്ങളെ കുറിച്ച് ചിന്തിക്കുമ്പോഴും ഇത് മനസ്സിലാക്കാനാകും. രാഷ്ട്ര നിർമാണത്തിന് ടാറ്റ ഗ്രൂപ്പ് പരോക്ഷമായി ശ്രമിച്ചിരുന്നു എന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

ടാറ്റ ഗ്രൂപ്പിന്റ്റെ മേധാവികളായി വന്നവർ കൂടുതൽ ലാഭത്തിലേക്ക് കമ്പനികളെ എത്തിക്കാൻ  ശ്രമം നടത്തിയപ്പോൾ അത് മനസിലാക്കിയ രത്തൻ ടാറ്റ അവരെ പുറത്താക്കുന്ന കടുത്ത നടപടികളിലേക്ക് കടന്നതും ഇന്ത്യ ഒരിക്കലും മറക്കാനിടയില്ലാത്ത കാര്യമാണ്. ലാഭമുണ്ടാക്കാൻ ശ്രമിച്ചതിന് കമ്പനി മേധാവിയെ പുറത്താക്കിയത് ടാറ്റ ഗ്രൂപ്പ് അല്ലാതെ ലോകത്തിൽ ഒരു ബിസിനസ് ഗ്രൂപ്പും ഇതുവരെ ചെയ്യാത്തതും, ഇനി ചെയ്യാൻ ഇടയില്ലാത്തതുമായ കാര്യമാണ് എന്നതിൽ നിന്ന് തന്നെ രത്തൻ ടാറ്റ എത്രമാത്രം വ്യത്യസ്തനായ 'മുതലാളി' ആയിരുന്നു എന്ന് വ്യക്തമാണ്. 

English Summary:

beyond-profits-how-tata-built-an-empire-on-compassion

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com