കോടികളുടെ ജിഎസ്ടി കുടിശിക നോട്ടിസ്, ഹൗസ്ബോട്ടുകൾക്ക് മേൽ ഇടിത്തീ

Mail This Article
കൊച്ചി∙ ഹൗസ്ബോട്ട് ഓപ്പറേറ്റർമാർക്ക് ഇടിത്തീ പോലെ കോടികളുടെ ജിഎസ്ടി കുടിശിക നോട്ടിസ്. ഇതുവരെ 5% ജിഎസ്ടി ഈടാക്കിയിരുന്ന സേവനത്തിന് 18% ജിഎസ്ടി വേണമെന്നാവശ്യപ്പെട്ട് കുടിശിക ഉൾപ്പെടെയാണ് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നോട്ടിസ്. ഹൗസ്ബോട്ട് ടൂർ ഓപ്പറേറ്റർ സേവനമല്ല, പാസഞ്ചർ ട്രാൻസ്പോർട്ട് സേവനമാണെന്ന വിചിത്രവാദമാണ് ഇതിനായി ഉന്നയിച്ചിട്ടുള്ളത്.
1.5 കോടി മുതൽ 10 കോടി വരെ കുടിശിക അടയ്ക്കണമെന്നാണ് നോട്ടിസുകളിൽ. ആസ്തികൾ മുഴുവൻ വിറ്റാലും ഈ തുക അടയ്ക്കാൻ കഴിയില്ലെന്ന് ഹൗസ്ബോട്ട് ഓപ്പറേറ്റർമാർ പറയുന്നു. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി പ്രാദേശികമായി തൊഴിൽ നൽകുകയും മീനും പച്ചക്കറിയും മറ്റെല്ലാം വാങ്ങുകയും ചെയ്യുന്ന വ്യവസായ രംഗത്തിനാണ് ഇത്തരം തിരിച്ചടി. കേരളത്തിൽ മാത്രമുള്ളതും സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ടൂറിസം ആകർഷണവുമായ ഹൗസ്ബോട്ട് മേഖല ആകെ തകരുന്ന സ്ഥിതിയിലാണെന്നാണ് ഉടമകളുടെ പരാതി.
ജിഎസ്ടി വരും മുൻപ് സംസ്ഥാന സേവന നികുതിയിലും 5% മാത്രമാണ് 2012 മുതൽ ഈടാക്കിയിരുന്നത്. പിന്നീട് 2017ൽ ജിഎസ്ടി വന്നശേഷം ഇതു സംബന്ധിച്ച് ചീഫ് കമ്മിഷണറോട് കേരള ട്രാവൽമാർട്ട് അധികൃതർ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടിരുന്നു. ടൂർ ആസൂത്രണം ചെയ്യുകയും അതു സംഘടിപ്പിക്കുകയും ചെയ്യുന്ന ടൂർ ഓപ്പറേറ്റർ സേവനം ആണെന്നും ജിഎസ്ടി നിരക്ക് 5% ആണെന്നും അന്നു മറുപടി ലഭിച്ചിരുന്നു. അതനുസരിച്ച് 5% ജിഎസ്ടിയാണ് ഉപയോക്താക്കളിൽ നിന്ന് ഈടാക്കിയിരുന്നത്. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വേണമെങ്കിൽ മാത്രം 18% നിരക്ക് ഈടാക്കും. എല്ലാവരും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വേണ്ടാത്ത 5% നിരക്ക് (എച്ച്എസ്എൻ കോഡ് 99855) തിരഞ്ഞെടുത്തു.
അങ്ങനെ 7 വർഷമായി 5% ഈടാക്കിയിരുന്ന സ്ഥാനത്താണ് പെട്ടെന്ന് ഹൗസ്ബോട്ടുകൾ പാസഞ്ചർ ട്രാൻസ്പോർട്ട് സേവനം ആണെന്ന കണ്ടെത്തലും 18% നിരക്കിലുള്ള കുടിശികയും. ഒരിടത്തു നിന്ന് ടിക്കറ്റ് വച്ച് യാത്രക്കാരെ കയറ്റി മറ്റൊരിടത്ത് ഇറക്കുന്ന ജോലി ഒരിടത്തും ചെയ്യുന്നില്ലെന്ന് ഹൗസ് ബോട്ട് ഓണേഴ്സ് ഫെഡറേഷൻ ചൂണ്ടിക്കാട്ടി.
നോട്ടിസിനെതിരെ ടൂറിസം മന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകിയിട്ടും ഇതുവരെ നടപടിയില്ല. 10% തുക മുൻകൂർ കെട്ടിവയ്ക്കണമെന്നതിനാൽ കേസ് കൊടുക്കാനും കഴിയില്ല. അടിയന്തരമായി ഈ പ്രതിസന്ധിക്കു പരിഹാരം കാണണമെന്ന് ഹൗസ്ബോട്ട് ഓപ്പറേറ്റർമാർ ആവശ്യപ്പെട്ടു.