ഫോബ്സിന്റെ 100 ഇന്ത്യൻ സമ്പന്നർ: അംബാനി ഒന്നാമൻ; മലയാളികളിൽ മൂത്തൂറ്റ് കുടുംബവും യൂസഫലിയും

Mail This Article
ഇന്ത്യയിലെ ഈ വർഷത്തെ ഏറ്റവും സമ്പന്നരായ 100 പേരുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 119.5 ബില്യൺ ഡോളർ (ഏകദേശം 9.98 ലക്ഷം കോടി രൂപ) ആസ്തിയുമായി ഒന്നാംസ്ഥാനം നിലനിർത്തി. ഒരുവർഷത്തിനിടെ അദ്ദേഹത്തിന്റെ ആസ്തിയിൽ 27.5 ബില്യൺ ഡോളറിന്റെ (2.3 ലക്ഷം കോടി രൂപ) വർധനയുണ്ടായെന്ന് ഫോബ്സ് പറയുന്നു. ഫോബ്സിന്റെ ആഗോള റാങ്കിങ്ങിൽ 13-ാം സ്ഥാനമാണ് മുകേഷിന്.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും കുടുംബവുമാണ് രണ്ടാംസ്ഥാനത്ത്. 116 ബില്യൺ ഡോളറാണ് ആസ്തി (9.68 ലക്ഷം കോടി രൂപ). ഒരുവർഷത്തിനിടെ അദാനിക്കുടുംബത്തിന്റെ ആസ്തി 48 ബില്യൺ ഡോളർ (4 ലക്ഷം കോടി രൂപ) വർധിച്ചു. ഹിൻഡൻബർഗ് റിസർച്ച് തൊടുത്തുവിട്ട ആരോപണങ്ങൾ മൂലമുണ്ടായ തിരിച്ചടിയിൽ നിന്ന് അതിവേഗം കരകയറിയെന്നത് അദാനിക്ക് നേട്ടമായി.
ടോപ് 10ൽ ഇവർ, മൂന്നാംസ്ഥാനത്ത് സാവിത്രി ജിൻഡാൽ
മുകേഷ് അംബാനി, ഗൗതം അദാനി എന്നിവർ നയിക്കുന്ന പട്ടികയിൽ മൂന്നാംസ്ഥാനത്ത് ഒ.പി. ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാൽ ആണ്. ഇക്കഴിഞ്ഞ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ സാവിത്രി ജിൻഡാൽ സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചിരുന്നു. 43.7 ബില്യൺ ഡോളറാണ് സാവിത്രിയുടെയും കുടുംബത്തിന്റെയും ആസ്തി. ആദ്യമായാണ് സാവിത്രി പട്ടികയിൽ മൂന്നാം റാങ്കിലേക്ക് എത്തുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ സാവിത്രിയുടെ ആസ്തി 19.7 ബില്യൺ ഡോളറിന്റെ വർധന കുറിച്ചു. മകൻ സജ്ജൻ ജിൻഡാലിന്റെ നേതൃത്വത്തിൽ കമ്പനി അടുത്തിടെ എംജി മോട്ടോറുമായി ചേർന്ന് വൈദ്യുത വാഹന വിപണിയിലേക്കും ചുവടുവച്ചിരുന്നു.

എച്ച്സിഎൽ ടെക് മേധാവി ശിവ് നാടാർ (40.2 ബില്യൺ ഡോളർ), സൺ ഫാർമ മേധാവി ദിലീപ് സാങ്‍വി (32.4 ബില്യൺ), അവന്യൂ സൂപ്പർമാർട്ട്സ് മേധാവി രാധാകിഷൻ ധമാനി (31.5 ബില്യൺ), ഭാരതി എയർടെൽ മേധാവി സുനിൽ മിത്തൽ (30.7 ബില്യൺ), ആദിത്യ ബിർള ഗ്രൂപ്പ് മേധാവി കുമാർ ബിർള (24.8 ബില്യൺ), സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സൈറസ് പൂനാവാല (24.4 ബില്യൺ), ബജാജ് കുടുംബം (23.4 ബില്യൺ ഡോളർ) എന്നിവരാണ് ടോപ് 10ൽ ഇടംപിടിച്ച മറ്റുള്ളവർ.
ഒരു ട്രില്യൺ തിളക്കം
ഇന്ത്യയിലെ 100 അതിസമ്പന്നരുടെ സംയോജിത ആസ്തിമൂല്യം ആദ്യമായി ഒരു ട്രില്യൺ (ഒരു ലക്ഷം കോടി) ഡോളർ ഭേദിച്ചുവെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. 2023ലെ 799 ബില്യൺ ഡോളറിൽ നിന്ന് 40% വർധനയുമായി 1.1 ട്രില്യൺ ഡോളറായാണ് മുന്നേറ്റം. ഓഹരി വിപണിയിൽ സ്വന്തം കമ്പനികളുടെ ഓഹരികൾ കാഴ്ചവച്ച നേട്ടമാണ് ശതകോടീശ്വരന്മാരുടെ ആസ്തി വർധനയ്ക്ക് വഴിയൊരുക്കിയത്. ബിഎസ്ഇ സെൻസെക്സ് കഴിഞ്ഞ ഒരുവർഷത്തിനിടെ 30% ഉയർന്നിരുന്നു. ഇതിന്റെ കരുത്തിൽ, പട്ടികയിലെ 80% പേരുടെയും ആസ്തി വർധിച്ചു. ഇതിൽ 58 പേരുടെ ആസ്തിയിലുണ്ടായത് ഒരു ബില്യൺ ഡോളറോ അതിലധികോ വർധനയുമാണെന്ന് ഫോബ്സ് പറയുന്നു.
ഇവർ പുതുമുഖങ്ങൾ
ഇക്കുറി പട്ടികയിൽ ഇടംപിടിച്ച പുതുമുഖങ്ങൾ ഹെറ്ററോ ലാബ്സ് സ്ഥാപകൻ ബി. പാർഥസാരഥി റെഡ്ഡി (റാങ്ക് 81, ആസ്തി 3.95 ബില്യൺ), ഷാഹി എക്സ്പോർട്സിന്റെ ഹരീഷ് അഹൂജ (റാങ്ക് 84, ആസ്തി 3.8 ബില്യൺ), ബയോളജിക്കൽ ഇ മേധാവി മഹിമ ദാത്‍ല (റാങ്ക് 100, ആസ്തി 3.3 ബില്യൺ) എന്നിവരാണ്. 11 ശതകോടീശ്വരന്മാർ ഇക്കുറി പട്ടികയിൽ നിന്ന് പുറത്തായെന്നും ഫോബ്സ് വ്യക്തമാക്കി.
മലയാളികളിൽ മുത്തൂറ്റ് കുടുംബവും യൂസഫലിയും
ഫോബ്സിന്റെ ഈ വർഷത്തെ ഏറ്റവും സമ്പന്നരായ 100 പേരുടെ പട്ടികയിൽ മലയാളികളിൽ മുന്നിൽ 37-ാം സ്ഥാനത്തുള്ള മുത്തൂറ്റ് ഫിനാൻസ് കുടുംബമാണ്. 7.80 ബില്യൺ ഡോളറാണ് ആസ്തി (ഏകദേശം 65,130 കോടി രൂപ). ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 7.40 കോടി ഡോളറുമായി (61,790 കോടി രൂപ) 39-ാം സ്ഥാനത്താണ്. വ്യക്തിഗത ആസ്തിയിൽ മലയാളികളിൽ ഏറ്റവും സമ്പന്നനും യൂസഫലിയാണ്.

കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ 5.38 കോടി ഡോളർ (44,900 കോടി രൂപ) ആസ്തിയുമായി മൂന്നാമതും ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്ണൻ 4.35 ബില്യൺ ഡോളറുമായി (36,325 കോടി രൂപ) നാലാമതുമാണ്. ജെം എഡ്യുക്കേഷൻ സാരഥി സണ്ണി വർക്കി 3.50 ബില്യൺ ഡോളർ (29,200 കോടി രൂപ) ആസ്തിയുമായി അഞ്ചാം സ്ഥാനത്തുണ്ട്.

ആറാം സ്ഥാനത്താണ് ആർ.പി. ഗ്രൂപ്പ് മേധാവി രവി പിള്ള. ആസ്തി 3.40 ബില്യൺ ഡോളർ (28,390 കോടി രൂപ). ജോയാലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആണ് ഏഴാം സ്ഥാനത്ത്; ആസ്തി 3.37 ബില്യൺ ഡോളർ (28,140 കോടി രൂപ).