സ്വർണത്തിന് ഇന്ന് 5 രൂപ കുറഞ്ഞു; വെള്ളിയാഴ്ച പൊന്നിന് നിർണായകം, വെള്ളി വിലയിൽ മാറ്റമില്ല
Mail This Article
ഇന്നലെ കുത്തനെ കുറഞ്ഞ സ്വർണവിലയിൽ ഇന്ന് നേരിയ ഇറക്കം മാത്രം. കേരളത്തിൽ ഗ്രാമിന് 5 രൂപ കുറഞ്ഞ് വില 7,025 രൂപയായി. 40 രൂപ താഴ്ന്ന് 56,200 രൂപയാണ് പവൻ വില. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്നലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞിരുന്നു (Read more). ഈ മാസം 4ന് രേഖപ്പെടുത്തിയ പവന് 56,960 രൂപയും ഗ്രാമിന് 7,120 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റെക്കോർഡ് വില.
കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,805 രൂപയിലെത്തി. വെള്ളി വിലയിൽ മാറ്റമില്ല; ഗ്രാമിന് 96 രൂപ.
എന്തുകൊണ്ട് 5 രൂപ മാത്രം കുറഞ്ഞു?
രാജ്യാന്തര സ്വർണവില, ഡോളറിന്റെ മൂല്യം, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഇടാക്കുന്ന വില (ബാങ്ക് റേറ്റ്), മുംബൈ വിപണിയിലെ വില, വ്യാപാരികളുടെ ലാഭമാർജിൻ എന്നിവ വിലയിരുത്തിയാണ് കേരളത്തിൽ ഓരോ ദിവസവും സ്വർണവില നിർണയം.
രാജ്യാന്തര വില ഔൺസിന് 2,605 ഡോളർ വരെ താഴ്ന്നെങ്കിലും ഇന്ന് 2,612 ഡോളറിലേക്ക് കയറിയിട്ടുണ്ട്. ഡോളറിനെതിരെ രൂപ കനത്ത സമ്മർദ്ദം നേരിടുന്നുണ്ടെങ്കിലും റിസർവ് ബാങ്കിന്റെ ഇടപെടൽമൂലം മൂല്യം 84ലേക്ക് ഇടിയാതെ പിടിച്ചുനിൽക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. ഇതാണ് ഇന്ന് വിലയിൽ നേരിയ കുറവുമാത്രമുണ്ടാകാൻ കാരണം.
വെള്ളിയാഴ്ച നിർണായകം
അമേരിക്കയിലെ കഴിഞ്ഞമാസത്തെ (സെപ്റ്റംബർ) റീറ്റെയ്ൽ പണപ്പെരുപ്പക്കണക്ക് വെള്ളിയാഴ്ച പുറത്തുവരും. സ്വർണവിലയെ സംബന്ധിച്ചും ഇത് നിർണായകമാണ്. അമേരിക്കൻ സമ്പദ്‍വ്യവസ്ഥ മാന്ദ്യത്തിന്റെ പടിവാതിലിൽ ആയിരുന്നതിനാലും പണപ്പെരുപ്പം കുറഞ്ഞതും പരിഗണിച്ചാണ് കഴിഞ്ഞമാസം യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് അരശതമാനം വെട്ടിക്കുറച്ചത്.
നിലവിൽ മാന്ദ്യഭീഷണിയില്ല. പണപ്പെരുപ്പം ഏത് ദിശയിലേക്കാണ് സെപ്റ്റംബറിൽ നീങ്ങിയതെന്ന ആകാംക്ഷയും ആശങ്കയും നിലനിൽക്കുന്നു. അതുകൊണ്ട് അടുത്തയോഗത്തിൽ പലിശനിരക്കിൽ 0.25% വരെ ഇളവിനേ പലരും സാധ്യത കാണുന്നുമുള്ളൂ. ഈ സാഹചര്യങ്ങളാണ് സ്വർണവിലയെ ആലസ്യത്തിലാക്കിയത്.
പലിശനിരക്ക് കുത്തനെ കുറയാനുള്ള സാധ്യത മങ്ങിയതോടെ യുഎസ് സർക്കാരിന്റെ കടപ്പത്ര യീൽഡും (ആദായനിരക്ക്) യുഎസ് ഡോളറിന്റെ മൂല്യവും മെച്ചപ്പെടുന്നതും സ്വർണവിലയെ കുതിപ്പിൽ നിന്ന് അകറ്റി നിർത്തുകയാണ്.
പണിക്കൂലി ഉൾപ്പെടെ ഇന്നത്തെ വില
56,200 രൂപയാണ് ഇന്ന് പവന് വില. ഇതോടെപ്പം മൂന്ന് ശതമാനം ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നിവയും ചേരുമ്പോഴേ ആഭരണ വിലയാകൂ. പണിക്കൂലി മിനിമം 5 ശതമാനം കണക്കാക്കിയാൽ ഇന്ന് 60,835 രൂപകൊടുത്താൽ ഒരു പവൻ ആഭരണം കേരളത്തിൽ വാങ്ങാം. ഒരു ഗ്രാം സ്വർണാഭരണത്തിന് വില 7,604 രൂപ.