വിരമിച്ച ശേഷം ഇ–വഴിയിൽ; സ്റ്റാർട്ടപ്പുകൾക്കും കരുത്ത്, 'മഹാരാജ'യെ തിരിച്ചെത്തിച്ച് മടക്കയാത്ര
Mail This Article
മുംബൈ ∙ പ്രായമേറിവരുമ്പോഴും ഒരു ചെറുപ്പക്കാരൻ രത്തൻ ടാറ്റയിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു. തനിക്കൊപ്പമുള്ളവരെല്ലൊം എക്സ് (ട്വിറ്റർ) അടക്കമുള്ള സമൂഹമാധ്യമങ്ങൾ ഒൗദ്യോഗിക സ്വഭാവത്തോടെ ഉപയോഗിക്കുമ്പോൾ രത്തന്റെ ആദ്യപ്രതികരണങ്ങളിലേറെയും ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു.
മൃഗസ്നേഹിയായ രത്തൻ ടാറ്റാ, മുംബൈ തെരുവിൽ നിന്നു രക്ഷിച്ച നായ്കൾക്ക് രക്തവും സഹായങ്ങളും ആവശ്യപ്പെട്ടും മറ്റും നടത്തുന്ന ‘ഇൻസ്റ്റ’ പോസ്റ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. എപ്പോഴും ചെറുപ്പമായി ഇരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഓർമിപ്പിക്കുന്നതാണ് വിരമിച്ച ശേഷം ചെറുതും വലുതുമായ ഒട്ടേറെ സ്റ്റാർട്ടപ്പുകളിൽ നടത്തിയിട്ടുള്ള നിക്ഷേപങ്ങൾ. ചെറുപ്പക്കാരായ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിൽ വരുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാനും ശ്രമിച്ചു.
ഓല ഇലക്ട്രിക്, പേയ്ടിഎം, സ്നാപ് ഡീൽ, കാർ ദേഖോ, സിവാമെ, ലെൻസ് കാർട്ട് തുടങ്ങി ഒട്ടേറെ സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപത്തിലൂടെ പുതിയ സംരംഭകരെ സഹായിക്കുകയും അവർക്ക് ആത്മവിശ്വാസം പകരുകയുമായിരുന്നു രത്തൻ ടാറ്റ. ഇനിയുള്ള കാലം ഇത്തരം സംരംഭങ്ങളുടേതു കൂടിയാണെന്ന് അദ്ദേഹം വർഷങ്ങൾക്കു മുൻപേ സൂചിപ്പിച്ചു. ഒപ്പം, ‘ന്യൂ ജെൻ’ ആകാനുള്ള ആഗ്രഹവും അതിലൂടെ പ്രകടമാക്കി.
ടാറ്റ ക്ലിക് എന്ന പേരിൽ ഇ–കൊമേഴ്സിനായി മൊബൈൽ ആപ് തുടങ്ങി പുതിയ തലമുറയോട് മത്സരിച്ചു. എല്ലാ ഉൽപന്നങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സൂപ്പർ മാർക്കറ്റിനു തുല്യമായി ടാറ്റ ന്യൂ എന്ന സൂപ്പർ മൊബൈൽ ആപ്പിനു പിന്നിൽ രത്തന്റെ ആവേശമുണ്ട്.
ഇലക്ട്രിക് കാർ രംഗത്ത് ടാറ്റ നടത്തിയ വലിയ നിക്ഷേപം ‘ഇ’ വഴിയേ രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ഐ ഫോണിനായി അസംസ്കൃത വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറി, ഓൺലൈൻ ഫാർമസിയായ 1 എംജി, ഗ്രീൻ എനർജി കമ്പനിയായ അഗ്രാടാസ് എന്നിങ്ങനെ ടാറ്റ ഗ്രൂപ്പിന്റെ നവസംരംഭങ്ങളിലെല്ലാം മാറുന്ന കാലത്തിനൊപ്പം ഓടിയെത്താൻ ശ്രമിക്കുന്ന രത്തന്റെ കയ്യൊപ്പുണ്ട്.
പിൻഗാമിയായി ചെയർമാൻ സ്ഥാനത്തെത്തിയ സൈറസ് മിസ്ത്രി സ്വന്തം നിലയിൽ ഉടച്ചുവാർക്കലുകൾക്ക് ശ്രമിച്ചത് രത്തനെ അസ്വസ്ഥനാക്കി. പൈലറ്റ് കൂടിയായ രത്തൻ ടാറ്റയ്ക്ക് വ്യോമയാന മേഖലയിലെ ബിസിനസുകൾ പ്രിയപ്പെട്ടതായിരുന്നു. എന്നാൽ, ആഗോളതലത്തിൽത്തന്നെ ചുരുക്കം വിമാനക്കമ്പനികൾ മാത്രമേ ലാഭത്തിൽ പ്രവർത്തിക്കുന്നുള്ളൂവെന്നും അതിനാൽ ആ മേഖലയിൽ നിന്നു ടാറ്റ ഗ്രൂപ്പ് മാറിനിൽക്കുന്നതാണ് നല്ലതെന്നുമായിരുന്നു സൈറസ് മിസ്ത്രിയുടെ നിലപാട്.
സൗമ്യനെന്നു വിലയിരുത്തപ്പെട്ട സൈറസിന്റെ എടുത്തുചാടിയുള്ള നീക്കങ്ങൾ ടാറ്റ ഗ്രൂപ്പിലെ രത്തൻ അടക്കമുള്ള മുതിർന്നവർക്ക് അസ്വസ്ഥതയുണ്ടാക്കി. ചില കരാറുകൾ സൈറസ് മിസ്ത്രിയുടെതന്നെ കമ്പനിക്ക് ലഭിക്കുന്നതായുള്ള ആരോപണങ്ങൾ കൂടി ഉയരുകയും അവഗണിക്കുന്നു എന്ന തോന്നൽ മുതിർന്ന ഡയറക്ടർമാർക്ക് ഉണ്ടാകുകയും ചെയ്തതോടെ മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തു നിന്നു നീക്കുന്നതിന് രത്തൻ ടാറ്റ തന്നെ നേതൃത്വം നൽകി. വിരമിച്ചശേഷവും എത്രമാത്രം സജീവമായിരുന്നു അദ്ദേഹം എന്നു ചൂണ്ടിക്കാട്ടുന്നു ഇൗ സംഭവങ്ങൾ.
ടാറ്റ ഗ്രൂപ്പിന്റെ താൽക്കാലിക ചെയർമാനാക്കിയ എൻ. ചന്ദ്രശേഖരൻ തങ്ങളുടെ പാതയിലാണ് സഞ്ചരിക്കുന്നതെന്നുറപ്പിച്ച ശേഷമാണ് അദ്ദേഹത്തെ കസേരയിൽ സ്ഥിരപ്പെടുത്തിയത്. അതിനു പിന്നാലെ കോവിഡ് വ്യാപനമുണ്ടായി. തുടർന്നുള്ള കാലഘട്ടത്തിലാണ് എയർ ഇന്ത്യയുടെ ഏറ്റെടുക്കൽ. വിരമിച്ചിട്ടും അതിനുള്ള തിരക്കഥയിൽ രത്തൻ ടാറ്റ സജീവമായിരുന്നു. ടാറ്റ കുടുംബത്തിൽ നിന്നു പറന്നകന്ന, ഇന്ത്യൻ വ്യോമയാന രംഗത്തെ 'മഹാരാജ'യായ എയർ ഇന്ത്യയെ ഒടുവിൽ സ്വന്തം റൺവേയിൽ തിരിച്ചെത്തിച്ചാണ് രത്തൻ ടാറ്റയുടെ മടക്കയാത്ര.