ADVERTISEMENT

ഓഹരി വിപണിയിൽ ഇടപെടുന്നതിൽ നിന്ന് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെ 5 വർഷത്തേക്ക് വിലക്കിയ സെബിയുടെ (SEBI) നടപടി സെക്യൂരിറ്റീസ് അപ്‍ലറ്റ് ട്രൈബ്യൂണൽ (SAT) സ്റ്റേ ചെയ്തു. ഉപകമ്പനിയായ റിലയൻസ് ഹോം ഫിനാൻസിലെ (RHFL) പണം ഉദ്യോഗസ്ഥരുടെ സഹായത്തോടെ അനിൽ അംബാനി അനധികൃത വായ്പ വഴി തിരിമറി നടത്തിയെന്നായിരുന്നു ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) കണ്ടെത്തൽ. ഇതിനെതിരെ അനിൽ അംബാനി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് എസ്എടിയുടെ നടപടി.

അനിൽ അംബാനിക്ക് പുറമേ ആർഎച്ച്എഫ്എല്ലിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അമിത് ബപ്ന, രവീന്ദ്ര സുധാൽകർ, പിങ്കേഷ് ആർ. ഷാ എന്നിവർക്കും റിലയൻസിന്റെ ഉപസ്ഥാപനങ്ങൾക്കും ഉൾപ്പെടെ 24 പേർക്കാണ് സെബി വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് നിലനിൽക്കുന്നിടത്തോളം ഓഹരി വിപണിയിലെ ലിസ്റ്റഡ് കമ്പനികളുടെ ഡയറക്ടറാകാനോ മാനേജ്മെന്റ് പദവികൾ വഹിക്കാനോ കഴിയില്ല.

sebi

വിലക്കിന് പുറമേ അനിൽ അംബാനിക്ക് 25 കോടി രൂപയും മറ്റുള്ളവർക്ക് 21 മുതൽ 27 കോടി രൂപവരെയും പിഴയും സെബി വിധിച്ചിരുന്നു. റിലയൻസ് ഹോം ഫിനാൻസിനെ ആറു മാസത്തേക്ക് ഓഹരി വിപണിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു; പുറമേ 6 ലക്ഷം രൂപ പിഴയും വിധിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 23നാണ് വിലക്കേർപ്പെടുത്തിക്കൊണ്ട് സെബിയുടെ ഉത്തരവ് വന്നത്. സെബിയുടെ ഉത്തരവ് സ്റ്റേ ചെയ്തെങ്കിലും അനിൽ അംബാനി പിഴത്തുകയായ 25 കോടി രൂപയുടെ 50% നാലാഴ്ചയ്ക്കകം കെട്ടിവയ്ക്കാൻ എസ്എടി നിർദേശിച്ചിട്ടുണ്ട്.

English Summary:

Anil Ambani receives interim relief from the Securities Appellate Tribunal (SAT) as his five-year securities market ban by SEBI is stayed. However, he is required to deposit 50% of the ₹25 crore penalty.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com