ഓർമയുണ്ടോ ഇന്ത്യയിലെ ആദ്യ സീപ്ലെയ്ൻ ജപ്തി? അതും കേരളത്തിൽ! പൊളിച്ച് കഷ്ണങ്ങളാക്കി അമേരിക്കയ്ക്ക് കൊണ്ടുപോയി!

Mail This Article
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ കുതിപ്പേകുമെന്ന് പ്രതീക്ഷിക്കുന്ന സീപ്ലെയ്ൻ പദ്ധതിക്ക് തുടക്കമായിക്കഴിഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന സീപ്ലെയിനിന്റെ ലാൻഡിങ് കൊച്ചി ബോൾഗാട്ടി പാലസിന് സമീപം കൊച്ചിക്കായലിലായിരുന്നു. മാട്ടുപ്പെട്ടി, കൊച്ചി, അഗത്തി യാത്രയാണ് സീപ്ലെയ്ൻ നടത്തുന്നത്. ഇതേ നെടുമ്പാശേരി വിമാനത്താവളത്തിൽ മറ്റൊരു സീപ്ലെയ്ൻ ഏതാനും വർഷം മുമ്പുവരെ ചിറകുതാഴ്ത്തി കിടന്നിരുന്നു; പിന്നെയത് പൊളിച്ച് കഷ്ണങ്ങളാക്കി അമേരിക്കയ്ക്ക് കൊണ്ടുപോയി! പറക്കുംമുമ്പേ പൊലിഞ്ഞ കേരളത്തിന്റെ 'ജലപക്ഷി'!

മലയാളി പൈലറ്റുമാരായ ക്യാപ്റ്റൻ സുധീഷ് ജോർജും ക്യാപ്റ്റൻ സൂരജ് ജോസും മറ്റുചില നിക്ഷേപകർക്കൊപ്പം 2012 നവംബറിലാണ് കൊച്ചി ആസ്ഥാനമായി സീബേർഡ് സീപ്ലെയ്ൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിസ്ഥാപിച്ചത്. 2015ൽ ഇവർ യുഎസ് ആസ്ഥാനമായ ക്വസ്റ്റ് എന്ന കമ്പനിയിൽ നിന്നൊരു സീപ്ലെയ്ൻ വാങ്ങി. 15 കോടിയോളം രൂപയായിരുന്നു വില. ഇതിന്റെ ഭാഗമായി ഫെഡറൽ ബാങ്കിൽ നിന്ന് 4.15 കോടി രൂപ വായ്പയുമെടുത്തിരുന്നു. ക്യാപ്റ്റൻ സുധീഷ് ജോർജും ക്യാപ്റ്റൻ സൂരജ് ജോസും ചേർന്ന് നേരിട്ടാണ് സീപ്ലെയ്ൻ യുഎസിൽ നിന്ന് കൊച്ചിയിലേക്ക് പറത്തിക്കൊണ്ട് വന്നത്. കോഡിയാക് 100 (VT-SEA/N92KQ) ശ്രേണിയിലെ 9-സീറ്റർ വിമാനമായിരുന്നു അത്.
ചിറകുവിടർത്തുംമുമ്പേ... പൊലിഞ്ഞു
പ്രധാനമായും ലക്ഷദ്വീപിലെ ദ്വീപസമൂഹങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസായിരുന്നു സീബേർഡിന്റെ ഉന്നം. കേരളത്തിലെയും ലക്ഷദ്വീപിലെയും ടൂറിസത്തിനും ഉണർവാകുമെന്ന് പ്രതീക്ഷിച്ചു. ലക്ഷദ്വീപുകാർക്ക് എയർ ആംബുലൻസായും പ്രയോജനപ്പെടുത്താമായിരുന്നു. അനുമതിക്കായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) സമീപിച്ചെങ്കിലും കിട്ടിയില്ല. ഇന്ത്യയിൽ അതുവരെ സീപ്ലെയ്ൻ പദ്ധതികൾ ഉണ്ടായിരുന്നില്ല എന്നതിനാൽ, സീപ്ലെയ്ൻ സംബന്ധിച്ച പ്രത്യേക ചട്ടങ്ങളും ഡിജിസിഎയ്ക്ക് ഇല്ലായിരുന്നു എന്നും ഇതാണ് അനുമതിക്ക് തടസ്സമായതെന്നും ക്യാപ്റ്റൻ സുധീഷ് 'മനോരമ ഓൺലൈനിനോട്' പറഞ്ഞു.

ഡിജിസിഎ മുഖംതിരിച്ചതോടെ ജലവിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ പാർക്ക് ചെയ്തു. ഇതിനിടെ ബാങ്ക് വായ്പ കുടിശികയായി. ബാങ്ക് കണ്ടുകെട്ടൽ (റിക്കവറി) നടപടിക്കും തുടക്കമിട്ടു. കൊച്ചി വിമാനത്താവളത്തിന് പാർക്കിങ് ഫീസ് ഇനത്തിൽ നൽകേണ്ട 4 ലക്ഷത്തിലധികം രൂപയും കുടിശികയായി.
ഇന്ത്യയിലെ ആദ്യ സീപ്ലെയ്ൻ ജപ്തി
ഫെഡറൽ ബാങ്കിന് വീട്ടാനുള്ള വായ്പ പലിശയും പിഴപ്പലിശയും സഹിതം 6 കോടി രൂപ കവിഞ്ഞിരുന്നു. ഇതോടെ ബാങ്ക് ചെന്നൈയിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ (എൻസിഎൽടി) സമീപിച്ച് ജലവിമാനം കണ്ടുകെട്ടാനുള്ള നടപടിക്ക് തുടങ്ങി. ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റസി കോഡ് (ഐബിസി) പ്രകാരമായിരുന്നു നടപടി. ട്രൈബ്യൂണൽ നിയോഗിച്ച ലിക്വിഡേറ്ററും ഫെഡറൽ ബാങ്കിന്റെ റിക്കവറി വിഭാഗവും ചേർന്ന് 2019ൽ സീപ്ലെയ്ൻ ജപ്തി ചെയ്തു. ഇന്ത്യയിൽ തന്നെ ഒരു സീപ്ലെയ്ൻ ജപ്തിചെയ്യപ്പെട്ടത് ആദ്യം.
സീപ്ലെയ്ൻ പിന്നീട് ഒരു യുഎസ് ഡീലർ ലേലത്തിലൂടെ സ്വന്തമാക്കി. മൂന്ന് കോടിയോളം രൂപയാണ് ലേലത്തിലൂടെ ലഭിച്ചത്. ഇതിൽ മുഖ്യപങ്കും ഫെഡറൽ ബാങ്കിന് തന്നെ ലഭിച്ചെങ്കിലും വായ്പാക്കുടിശിക പൂർണമായും തീർക്കാൻ അപര്യാപ്തമായിരുന്നു. സീബേർഡ് കമ്പനി പ്രൊമോട്ടർമാർക്കെതിരെ ബാങ്കിന്റെ നടപടി ഇപ്പോഴും തുടരുകയാണന്നാണ് അറിയുന്നത്.
കഷണങ്ങളായി യുഎസിലേക്ക്
പറക്കൽ അനുമതി ഇല്ലാതെ കൊച്ചി വിമാനത്താവളത്തിൽ ദീർഘകാലം വെറുതേയിട്ട സീബേർഡ് സീപ്ലെയ്ൻ ലേലത്തിലൂടെ സ്വന്തമാക്കിയയാൾ എൻജിനും മറ്റ് ഭാഗങ്ങളും വേർപെടുത്തി കണ്ടെയ്നറിലാക്കിയാണ് അമേരിക്കയിലേക്ക് കൊണ്ടുപോയത്. അമേരിക്കയിൽ വച്ച് വീണ്ടും അസംബിൾ ചെയ്തു മറിച്ചുവിൽക്കുകയായിരുന്നു ഉദ്ദേശ്യം. ഏറെക്കാലം പറക്കാതിരുന്നതിനാൽ പറത്തിക്കൊണ്ട് പോകാവുന്ന സ്ഥിതിയിലുമായിരുന്നില്ല. ടയറുകൾ, സോഫ്റ്റ്‍വെയർ എന്നിവയിലും മാറ്റം ആവശ്യമായിരുന്നു. ഇതിനെല്ലാമുള്ള ചെലവുകൾ കിഴിച്ചുള്ളതായിരുന്നു ലേലത്തിലൂടെ ലഭിച്ച തുകയെന്നും അറിയുന്നു.
നയത്തിൽ തട്ടിക്കൊഴിഞ്ഞ ചിറക്
കേന്ദ്രസർക്കാർ സീപ്ലെയ്ൻ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന നയമെടുക്കുകയും നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഈ രംഗത്തേക്ക് എത്തുകയും ചെയ്തതോടെ ഡിജിസിഎയും ഇപ്പോൾ അനുമതി നൽകിത്തുടങ്ങിയിട്ടുണ്ട്. ഡിജിസിഎ ഈ നിലപാട് നേരത്തേ സ്വീകരിച്ചിരുന്നെങ്കിൽ, സീബേർഡ് സീപ്ലെയ്ൻ പദ്ധതി ഉയർന്ന പ്രവർത്തനവരുമാനം ഉൾപ്പെടെ നേടി മികച്ച വിജയമാകുമായിരുന്നു എന്ന് ക്യാപ്റ്റൻ സുധീഷ് 'മനോരമ ഓൺലൈനിനോട്' പറഞ്ഞു.