വിദ്യാഭ്യാസ വായ്പയ്ക്കും വേണം ചില മുന്നൊരുക്കങ്ങൾ

child planning
SHARE

വിദ്യാഭ്യാസ വായ്പ എടുത്താൽ പ്രതിമാസം എത്ര തുക തിരിച്ചടക്കേണ്ടി വരും? വിദ്യാഭ്യാസ വായ്പയെടത്ത് പഠിച്ച ശേഷം ജോലി കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും? വിദ്യാഭ്യാസ വായ്പ എടുക്കുന്നവർ പലരും ചിന്തിക്കാൻ അത്രയേറെ ഇഷ്ടപ്പെടാത്ത രണ്ടു ചോദ്യങ്ങളാണിവ. പക്ഷേ, വിദ്യാഭ്യാസ വായ്പയെടുത്തു പഠിച്ചു വലിയ ജോലികൾ ലഭിക്കുന്നതിനെക്കുറിച്ചു സ്വപ്നം കാണുന്നതോടൊപ്പം തന്നെ നേരിടേണ്ട വരുന്ന വെല്ലുവിളികളെക്കുറിച്ചു കൂടി തുടക്കത്തിലേ ചിന്തിക്കണം.  വിദ്യാഭ്യാസ വായ്പയെടുത്തു പഠനം പൂർത്തിയാക്കി ആറു മാസത്തിനു ശേഷമാണ് സാധാരണ നിലയിൽ തിരിച്ചടവ് ആരംഭിക്കേണ്ടത്.  ഈ സമയത്തു ജോലിയൊന്നും ലഭിക്കാതിരിക്കുകയോ വളരെ കുറഞ്ഞ ശമ്പളം മാത്രം ലഭിക്കുകയോ ചെയ്താൽ വായ്പാ തിരിച്ചടവിനു മാതാപിതാക്കൾക്കു സാധിക്കുമോ? അതല്ലെങ്കിൽ എന്താണു മാർഗം? 

നഴ്സിങ്, എഞ്ചിനീയറിങ് കോഴ്സുകൾക്കു വിദ്യാഭ്യാസ വായ്പ എടുക്കുന്ന എത്ര പേർക്ക് ഇന്നത്തെ സാഹചര്യത്തിൽ അതു തിരിച്ചടക്കുന്നതിനുള്ള വരുമാനം ലഭിക്കുന്നു എന്നും പരിശോധിക്കണം. മികച്ച കൊളേജുകളിൽ പഠിച്ചവരാണെങ്കിൽ വായ്പ തിരിച്ചടക്കുന്നതിനുള്ളതും അതിൽ കൂടുതലും വരുമാനം ലഭിക്കും. പക്ഷേ, മറ്റു ബഹുഭൂരിപക്ഷം കൊളേജുകളിലും വിദ്യാഭ്യാസ വായ്പയെടുത്തു പഠനം പൂർത്തിയാക്കുന്നവർക്ക് നേരിടേണ്ടി വരുന്നത് ഏറെ ബുദ്ധിമുട്ടുള്ള അവസ്ഥയായിരിക്കും എന്നു മറക്കരുത്. 

ബാങ്കുമായുള്ള കരാർ പ്രകാരം പഠനം പൂർത്തിയാക്കി ആറു മാസത്തിനു ശേഷമാണല്ലോ വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് ആരംഭിക്കേണ്ടത്. എന്നാൽ ഇതിനു കാത്തിരിക്കാതെ പഠന കാലയളവിൽ തന്നെ, അതായത് വായ്പ എടുത്ത് ആറു മാസമോ ഒരു വർഷമോ കഴിയുമ്പോൾ തന്നെ മാതാപിതാക്കളുടെ ചുമതലയിൽ വായ്പാ തിരിച്ചടവ് ആരംഭിക്കുന്നത് ഭാവിയിലെ സമ്മർദ്ദം കുറക്കാൻ ഏറെ സഹായകമാകും. 

വിദ്യാഭ്യാസ വായ്പ എടുക്കുന്നവരും മാതാപിതാക്കളുമെല്ലാം പലപ്പോഴും ചിന്തിക്കുന്ന ഒന്നുണ്ട്– ഇവ സർക്കാർ എഴുതി തള്ളുമെന്ന്. ഇത്തരമൊരു ചിന്താഗതിയുമായി ഒരിക്കലും മുന്നോട്ടു പോകാതിരിക്കുക. വിദ്യാഭ്യാസ വായ്പാ കുടിശിക വന്നാൽ സ്വർണമോ വീടോ സ്ഥലമോ വിറ്റു ബാധ്യത തീർക്കുക എന്നതും അത്ര മികച്ചൊരു തീരുമാനമാവില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA