ADVERTISEMENT

 

മാർച്ച് ഇങ്ങെത്താറായി. നികുതി ഇളവ് നേടാൻ എവിടെ നിക്ഷേപിക്കണമെന്ന ചിന്തയിലായിരിക്കും ഇപ്പോൾ മിക്കവരും. നടപ്പു സാമ്പത്തിക വർഷത്തെ ഏകദേശം വരുമാനവും നികുതി ബാധ്യതയും കണക്കാക്കി നികുതി ഇളവ് ലഭിക്കുന്ന പദ്ധതികളിൽ നമ്മുടെ നിക്ഷേപം ക്രമീകരിക്കാൻ അനുയോജ്യമായ സമയമാണ് ഇപ്പോൾ. ഇതിൽ ഏറ്റവും പ്രധാനമാണ് സെക്‌ഷൻ80C പ്രകാരം ലഭിക്കുന്ന നിക്ഷേപ നികുതി ഇളവുകൾ.

ലൈഫ് ഇൻഷുറൻസ് പ്രീമിയം, പി.പി.എഫ്, അഞ്ചുവർഷ കാലാവധിയുള്ള ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ, ദേശീയ സമ്പാദ്യ പദ്ധതിയിലെ നിക്ഷേപം, ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലെ മൂന്നു വർഷ കാലാവധിയോടെയുള്ള നിക്ഷേപം (ELSS) ഇങ്ങനെ ഒട്ടേറെ നിക്ഷേപ പദ്ധതികളെ ഈ വകുപ്പിൽ പെടുത്തി ആനുകൂല്യം നേടാവുന്നതാണ്. ഇവ കൂടാതെ ഗാർഹിക വായ്പയിലെ മുതലിന്റെ തിരിച്ചടവ്, പി.എഫ്, സുകന്യ സമൃദ്ധിയോജന തുടങ്ങിയ പദ്ധതികളിലെ അടവ് എന്നിവയും ഈ വകുപ്പിൽ ഇളവു നേടാൻ അർഹതയുള്ളവയാണ്. ഇവയെല്ലാം കൂടി 1,50,000 എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട് എന്നു മാത്രം.

സുരക്ഷിതത്വം

പല നിക്ഷേപങ്ങളും മൂന്നുമുതൽ അഞ്ചു വർഷം വരെയുള്ള കാലയളവിലേയ്ക്ക് നീക്കിവയ്ക്കേണ്ടതിനാൽ അതിനനുസരിച്ചുള്ള വരുമാനം ഇത്തരം പദ്ധതികളിൽ നിന്നും ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് നിക്ഷേപത്തോളം തന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അങ്ങനെ നോക്കുമ്പോൾ ഓഹരി അധിഷ്ഠിത മ്യൂച്ച്വൽ ഫണ്ടുകൾ ഒഴികെ ബാക്കിയെല്ലാ നിക്ഷേപ പദ്ധതികളിൽനിന്നും ശരാശരി വാർഷിക വരുമാനം ലഭിക്കുന്നത് പരമാവധി ഏഴു ശതമാനം ആണെന്നു കാണാം. ഈ നിക്ഷേപപദ്ധതികൾ എല്ലാം തന്നെ സ്ഥിരവരുമാനം ഉറപ്പുവരുത്തുന്നതും നിക്ഷേപിച്ച പണം താരതമ്യേന സുരക്ഷിതമാണ് എന്ന് കരുതാവുന്നതുമാണ്.

ഉയർന്ന വരുമാനം

ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇഎൽഎസ്എസ് മ്യൂച്വൽ ഫണ്ടുകൾ. വിപണിയുടെ നീക്കങ്ങൾക്ക് അനുസരിച്ച് വില വ്യതിയാനം ഉണ്ടാകുന്നു എന്നതു തന്നെയാണ് പ്രത്യേകത. എന്നാൽ മൂന്നു മുതൽ അഞ്ചുവർഷ കാലയളവിലേയ്ക്കു നിക്ഷേപിക്കുമ്പോൾ ഈ വില വ്യതിയാനത്തെ മറികടക്കാനാവും, മികച്ച വരുമാനം ഉറപ്പാക്കാനും കഴിയും. ഇത്തരം പദ്ധതികളിലെ കഴിഞ്ഞ അ‍ഞ്ചുവർഷത്തെ ശരാശരി വാർഷിക വരുമാനം 15 ശതമാനത്തിനും, 10 വർഷത്തെ വരുമാനം 17 ശതമാനത്തിനും മുകളിലാണ് എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ ഇഎൽഎസ്എസ് (EQUITY LINKED SAVINGS SCHEME) മ്യൂച്വൽ ഫണ്ട് പദ്ധതികളും കൂടി ഉൾപ്പെടുത്തിയാണെങ്കിൽ ശരാശരി ഉയർന്ന വരുമാനം ഈ നിക്ഷേപ പദ്ധതികളിൽ നിന്നെല്ലാം കൂടി ഉറപ്പാക്കാനാകും.

 

സെക്‌ഷൻ 80C പ്രകാരം നികുതി ഇളവു ലഭിക്കുന്ന ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളുടെ കഴിഞ്ഞ 10 വർഷത്തെും അഞ്ചു വർഷത്തെയും പ്രകടനം. പട്ടികയിൽ കൊടുത്തിട്ടുണ്ട്.പത്തുവർഷത്തെ ഏറ്റവും മികച്ച വരുമാനം 21.23 ശതമാനമാണെന്നു കാണാം.

SIP യെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

(ലേഖകൻ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ ജനറൽ മാനേജരാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com