ADVERTISEMENT

പോര്‍ട്‌ഫോളിയോ പുനഃപരിശോധിക്കണം എന്നു സാധാരണ പറയാറുണ്ട്. നിക്ഷേപകര്‍ ഫണ്ടിന്റെ പ്രകടനം ശ്രദ്ധിക്കുന്നതിനു വേണ്ടിയും പ്രതീക്ഷിച്ച രീതിയില്‍ തന്നെയല്ലേ പ്രകടനമെന്ന് ഉറപ്പിക്കുന്നതിനും വേണ്ടിയാണിത്. ആറു മാസത്തിലൊരിക്കലെങ്കിലും ഈ വിലയിരുത്തൽ വേണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിക്ഷേപത്തിൽ തുടരണോ പിന്‍മാറണോ അല്ലെങ്കില്‍ മറ്റൊരു ഫണ്ടിലേക്ക്‌ മാറണോ എന്നു തീരുമാനിക്കാം. ഇതിന് മ്യൂച്വല്‍ ഫണ്ട്‌ കമ്പനിയില്‍നിന്നു ഫണ്ടിന്റെ പ്രകടനം സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ (പെര്‍ഫോമന്‍സ്‌ സ്റ്റേറ്റ്‌മെന്റ്‌) തേടണം. കമ്പനിയില്‍ നേരിട്ട്‌ വിളിച്ചു പറയുകയോ ഇടനിലക്കാര്‍ വഴിയോ ഇക്കാര്യം ചെയ്യാം.

ഓഹരി വിപണിയുമായി ബന്ധപ്പെട്ടുള്ള പല വെബ്‌സൈറ്റുകളിലും ഇതു ലഭ്യമാണ്‌. സ്റ്റേറ്റ്‌മെന്റ്‌ എടുത്ത തീയതി അനുസരിച്ചുള്ള പ്രകടനം ഇതില്‍ കാണും. ഒറ്റത്തവണയായി അല്ലെങ്കില്‍ എസ്‌ഐപിയായി നിക്ഷേപിച്ച തുക, നിലവിലെ മൂല്യം എന്നിവ സ്റ്റേറ്റ്മെന്റില്‍ കാണിച്ചിട്ടുണ്ടാവും. ഫണ്ടിന്റെ പ്രകടനം ഏതു രീതിയിലാണന്നും പ്രതീക്ഷിച്ച റിട്ടേണ്‍ നല്‍കുന്നുണ്ടോ എന്നും ഇതുവഴി മനസ്സിലാക്കാം.

ഒന്നോ രണ്ടോ പാദങ്ങളില്‍ പ്രകടനം മോശമായി എന്നു കരുതി മറ്റൊന്നിലേക്കു മാറുന്നതിനെക്കുറിച്ചു ചിന്തിക്കരുത്. തുടര്‍ച്ചയായി പ്രകടനം ശരാശരിക്കു താഴെ ആണെങ്കില്‍ മാത്രം മറ്റൊരു ഫണ്ടിലേക്കു മാറുന്ന കാര്യം പരിഗണിക്കുക.

മ്യൂച്വല്‍ ഫണ്ട്‌ കമ്പനിയും അവരുടെ ഏജന്റ്‌/അഡ്വൈസര്‍/ ഇടനിലക്കാരും പോര്‍ട്‌ഫോളിയോ പുനഃപരിശോധിക്കാന്‍ സഹായിക്കും. നിക്ഷേപത്തിന്റെ ആത്യന്തികമായ ഉദ്ദേശ്യം ലക്ഷ്യങ്ങളാണ്‌. ഓരോ ലക്ഷ്യവും നേടാന്‍ ഒരു കാലയളവുണ്ട്‌. ലക്ഷ്യം ഹ്രസ്വമാണെങ്കില്‍ നിക്ഷേപത്തിന്റെ കൂടുതല്‍ പങ്കും ഡെറ്റിലായിരിക്കണം. ദീര്‍ഘകാല ലക്ഷ്യമാണെങ്കില്‍ കൂടുതല്‍ പങ്ക്‌ ഓഹരികളില്‍ ആവണം.

ഏതെങ്കിലും പ്രത്യേക നിക്ഷേപമാര്‍ഗത്തില്‍ മാറ്റം വരുത്തണോ എന്നു മനസ്സിലാക്കുന്നതിനു വേണ്ടിയാണ്‌ പോര്‍ട്ഫോളിയോ പുനഃപരിശോധിക്കുന്നത്‌.ലക്ഷ്യത്തിന്‌ അടുത്തെത്തുകയും നിങ്ങളുടെ നിക്ഷേപമാര്‍ഗത്തിലൂടെ (ഉദാഹരണത്തിന്‌ ഇക്വിറ്റി നിക്ഷേപം) ആവശ്യമായ തുക നേടുകയുമാണെങ്കില്‍, നിക്ഷേപം തിരിച്ചെടുത്ത്‌ ശേഷിക്കുന്ന കാലയളവിലേക്ക് അതൊരു ഡെറ്റ്‌ മാർഗത്തില്‍ നിക്ഷേപിക്കാം. അതുപോലെ പ്രായം, ആഗ്രഹങ്ങള്‍, തുടങ്ങി വിവിധ ഘടകങ്ങളില്‍ മാറ്റം വരുന്നതനുസരിച്ച്‌ ലക്ഷ്യത്തിലും മാറ്റം വരുത്താന്‍ കഴിയും. നിക്ഷേപ രീതി, വിവിധ നിക്ഷേപങ്ങളിലേക്കുള്ള നിക്ഷേപ വിന്യാസം എന്നിവയിലും ആവശ്യമെങ്കില്‍ മാറ്റം വരുത്തണം •

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com