ADVERTISEMENT

നാളെ വോട്ടെടുപ്പു നടക്കാനിരിക്കെ അതില്‍ പങ്കാളികളാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കൃത്യമായ തിരഞ്ഞെടുപ്പു നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നമുക്കെല്ലാം വ്യക്തമായ ധാരണയുണ്ട്. ഏതാണ്ട് ഇതേ പ്രാധാന്യം തന്നെയാണ് ഫണ്ടുകള്‍ കൃത്യമായി തിരഞ്ഞെടുക്കുന്നതിലും ഉള്ളതെന്നു മറക്കേണ്ട. ഏതൊക്കെ വിഭാഗത്തിലും ഇനത്തിലും ഉള്ള ഫണ്ടുകളാണ് തിരഞ്ഞെടുക്കാനായി നമുക്കു ലഭ്യമായിട്ടുള്ളതെന്നു മനസിലാക്കുകയാണ് ഇവിടെ ആദ്യമായി ചെയ്യേണ്ടത്. എന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്, അല്ലെങ്കില്‍ എന്താണ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം എന്നതിന് അനുസൃതമായി ഇതിനു സഹായകമാകുന്ന ഫണ്ടുകള്‍ ഏതെന്നു കണ്ടെത്തി അതു വേണം തിരഞ്ഞെടുക്കാന്‍. 

ദീര്‍ഘകാല മൂലധന വളര്‍ച്ചയ്ക്ക് ഇക്വിറ്റി മ്യൂചല്‍ ഫണ്ടുകള്‍

മൂലധനത്തിന്റെ വളര്‍ച്ചയും ദീര്‍ഘകാല നേട്ടവും ഉദ്ദേശിക്കുന്നുവെങ്കില്‍ ഓഹരി അധിഷ്ഠിത മ്യൂചല്‍ ഫണ്ടുകള്‍ സഹായകമാകും. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുവാനും ഇതു പിന്തുണയേകും. 

ഹ്രസകാല ലക്ഷ്യങ്ങള്‍ക്കും ഡെറ്റ് മ്യൂചല്‍ ഫണ്ടുകള്‍

നിങ്ങള്‍ നിക്ഷേപിക്കുന്ന പണത്തിന് താരതമ്യേന മികച്ച സുരക്ഷിതത്വമാണ് കടപത്ര അധിഷ്ഠിത മ്യൂചല്‍ ഫണ്ടുകളായ ഡെറ്റ് പദ്ധതികള്‍ നല്‍കുന്നത്. ഹൃസ്വകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ പരിഗണിച്ച് ഇതില്‍ നിക്ഷേപിക്കാം. പരമ്പരാഗത നിക്ഷേപ പദ്ധതികള്‍, സ്ഥിര നിക്ഷേപങ്ങള്‍ എന്നിവയ്ക്കു പകരമായി ഡെറ്റ് പദ്ധതികള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ നേട്ടമുണ്ടാക്കാം. 

കൂടുതല്‍ നേട്ടമുണ്ടാക്കാൻ എസ്.ഐ.പി.യും ഓഹരി അധിഷ്ഠിത പദ്ധതികളും  

വിപണിയിലെ കയറ്റിറക്കങ്ങള്‍ക്കിടയിലും ശരാശരി നിലവാരത്തില്‍ നിക്ഷേപം തുടരാന്‍ സഹായിക്കുന്ന ഒന്നാണ് സിസ്റ്റമാറ്റിക് ഇന്‍വസ്റ്റമെന്റ് പദ്ധതി എന്ന എസ്.ഐ.പി. ഓഹരി അധിഷ്ഠിത മ്യചല്‍ ഫണ്ടുകളിലാണ് ഇവ കൂടുതല്‍ നേട്ടം നല്‍കുന്നത്. നിക്ഷേപം തുടര്‍ച്ചയായി നടത്തി അതിന്റെ മൂലധന വളര്‍ച്ച സ്വന്തമാക്കി നേട്ടത്തിനു കൂടുതല്‍ മൂല്യം നേടാനും ഇതു സഹായിക്കും. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഏറെ സഹായകമായ ഒന്നു കൂടിയാണ് എസ്.ഐ.പി. 

ഓഹരി, കടപത്ര മേഖലകളിലെ നേട്ടം ഒരുമിച്ചു സ്വന്തമാക്കാന്‍ ഹൈബ്രീഡ് പദ്ധതികള്‍

പൂര്‍ണമായും ഓഹരി അധിഷ്ഠിതമായ പദ്ധതികളെ അപേക്ഷിച്ച് വിപണിയുടെ ചാഞ്ചാട്ടം കുറച്ചു മാത്രം ബാധിക്കുന്നവയാണ് ഓഹരി അധിഷ്ഠിത പദ്ധതികളേയും കടപത്ര അധിഷ്ഠിത പദ്ധതികളേയും സംയോജിപ്പിച്ചുള്ള ഹൈബ്രീഡ് മ്യൂചല്‍ ഫണ്ട് പദ്ധതികള്‍. മൂലധന വളര്‍ച്ച കൈവരിക്കാനും വ്യക്തിഗത താല്‍പ്പര്യമനുസരിച്ച് നിക്ഷേപ വകയിരുത്തലുകള്‍ നടത്താനും ഈ പദ്ധതികള്‍ വഴിയൊരുക്കും. ഇടക്കാല-ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇവ പ്രയോജനപ്പെടുത്താം. 

നികുതി ആസൂത്രണത്തിന് ഇ എല്‍ എസ് എസ്

ദീര്‍ഘകാല വളര്‍ച്ച നേടാന്‍ സഹായിക്കുന്ന പദ്ധതികളാണ് ഓഹരി അധിഷ്ഠിത സമ്പാദ്യ പദ്ധതികള്‍ എന്ന ഇ എല്‍ എസ് എസ്. 80 സി പ്രകാരമുള്ള ആദായ നികുതി ആനൂകൂല്യങ്ങള്‍ കൂടി ലഭ്യമാണന്നതാണ് ഇവയെ കൂടുതല്‍ ജനപ്രിയമാക്കുന്നത്. 

 പ്രത്യേക ലക്ഷ്യങ്ങളുള്ള പദ്ധതികള്‍

കുട്ടികളുടെ വിദ്യാഭ്യാസം, ജോലിയില്‍ നിന്നു വിരമിച്ചതിനു ശേഷമുള്ള സാമ്പത്തിക ആവശ്യങ്ങള്‍ തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങള്‍ നിറവേറാന്‍ സഹായിക്കുന്ന പദ്ധതികളുണ്ട്. ഓഹരി അധിഷ്ഠിത പദ്ധതികളാണ് ഇവിടെ പ്രയോജനപ്പെടുത്താനാവുക. 

 ഇന്‍ഡക്‌സ് ഫണ്ടുകള്‍ അടക്കമുള്ളവ

മറ്റു പദ്ധതികള്‍ക്കൊപ്പം ഇന്‍ഡസ്‌ക് ഫണ്ടുകള്‍. ഇ.ടി.എഫ്. തുടങ്ങിയവയെല്ലാം തെരഞ്ഞെടുക്കാനും നിക്ഷേപകര്‍ക്ക് അവസരമുണ്ട്. തങ്ങളുടെ വ്യക്തിഗത  സവിശേഷതകള്‍ വിലയിരുത്തിയ ശേഷം വേണം ഇവയടക്കം ഏതു പദ്ധതികളിലും നിക്ഷേപം നടത്താന്‍. 

ഇപ്പോള്‍ നിങ്ങള്‍ നടത്തുന്ന തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയായിരിക്കും  ഭാവിയിലെ നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങള്‍.  അതിനാല്‍ കൃത്യമായ വിലയിരുത്തലും കണക്കു കൂട്ടലുകളും നടത്തിയ ശേഷമായിരിക്കണണം ഇപ്പോള്‍ ഏതു പദ്ധതി തിരഞ്ഞെടുക്കണം എന്നു തീരുമാനിക്കുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com