ADVERTISEMENT

ഓഹരിയിൽ നിക്ഷേപിക്കാൻ നിങ്ങൾക്ക് ഒരു സ്റ്റോക് ബ്രോക്കറുടെ സഹായം കൂടിയേ തീരൂ. അതിനാൽ ആദ്യമായി നിക്ഷേപത്തിനെത്തുന്നവരുടെ മുന്നിൽ ഒരു ചോദ്യമുണ്ടാകും? ഡീമാറ്റ്–ട്രേഡിങ് അക്കൗണ്ട് തുടങ്ങാൻ ഏതു ബ്രോക്കറാണു നല്ലത്?വിപണിയിലുള്ള വിവിധ തരം ബ്രോക്കിങ് സ്ഥാപനങ്ങളെയും അവയുടെ പ്രത്യേകതകളും മനസ്സിലാക്കി നിക്ഷേപകന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചു  ബ്രോക്കറെ തിരഞ്ഞെടുക്കാം.

ബ്രോക്കർമാർ രണ്ടു തരം

ഫുൾ സർവീസ് ബ്രോക്കർമാർ, ഡിസ്‌കൗണ്ട് ബ്രോക്കർമാർ എന്നിങ്ങനെ രണ്ടു തരം ബ്രോക്കർ
മാരാണ് പ്രധാനമായുള്ളത്. ഇതു കൂടാതെ ബാങ്കുകളുടെ സബ്സിഡിയറി കമ്പനികളായ ഫുൾ സർ
വീസ് ബ്രോക്കർമാരുമുണ്ട്. മറ്റ് ബ്രോക്കർമാരുമായി ചേർന്നു സേവനങ്ങൾ നൽകുന്ന ബാങ്കുകളും ഉണ്ട്. സേവനങ്ങളുടെ വൈവിധ്യം, ബ്രോക്കറേജ്, ഫീസ് എന്നിവയിലെല്ലാം ഇവ വ്യത്യസ്തമായിരിക്കും.

ഫുൾ സർവീസ് ബ്രോക്കർമാർ

ഓഹരി ഇടപാടു നടത്താൻ സഹായിക്കുന്നതോടൊപ്പം ഗവേഷണഫലങ്ങൾ, മാർഗനിർദേശങ്ങൾ, നികുതിയാസൂത്രണം മുതലായ മൂല്യവർധിത സേവനങ്ങളും കൂടി ഉപഭോക്താക്കൾക്കു ലഭ്യമാക്കുന്ന വിദഗ്ധരാണ് ഫുൾ സർവീസ് ബ്രോക്കർമാർ. ഓഹരിയെക്കുറിച്ചു കാര്യമായ അറിവില്ലാത്തവർക്കു യോജിച്ചത് ഇത്തരക്കാരായിരിക്കും.

Angel Broking, Sharekhan, Motilal Oswal, Geojith, Sharewealth എന്നിവയെല്ലാം ഉദാഹരണങ്ങളാണ്. SBICAP Securities, Canara Bank Securities, Axis Direct, HDFC Securities, ICICI Direct തുടങ്ങിയവ ബാങ്കുകളുടെ ഉപകമ്പനികളായ ഫുൾ സർവീസ് ബ്രോക്കർമാരാണ്.

പ്രത്യേകതകൾ

∙ ഉപഭോക്താക്കളെ നേരിട്ടു വന്നു കണ്ട് ട്രേഡിങ് , ഡീമാറ്റ് അക്കൗണ്ടുകൾ തുടങ്ങാൻ സഹായിക്കും.

∙ സൗകര്യപ്രദമായ സ്ഥലത്ത്, ഉപഭോക്താവിന് എപ്പോഴും നേരിട്ടു സമീപിക്കാവുന്ന ബ്രാഞ്ച് ഓഫിസുണ്ടാകും. .

∙ ട്രേഡിങ് നടത്താനുള്ള പരിശീലനം നൽകും.

∙ കമ്പനികളെയും ഓഹരികളെയും കുറിച്ചുള്ള ഗവേഷണഫലങ്ങൾ, മാർഗനിർദേശങ്ങൾ എന്നിവ നൽകും.

∙ നികുതി ആസൂത്രണം ചെയ്തു നിക്ഷേപിക്കാൻ സഹായിക്കും.

∙ സ്റ്റോക്, ഡെറിവേറ്റീവ്സ്, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് സേവനങ്ങൾ നൽകും.

∙ മിതമായ അക്കൗണ്ട്, ബ്രോക്കറേജ് നിരക്കുകൾ.

∙ മികച്ച ഓൺലൈൻ, ഓഫ്‌ലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമും മൊബൈൽ ട്രേഡിങ് ആപ്പുകളും.

ഡിസ്കൗണ്ട് ബ്രോക്കർമാർ

ഓഹരി വാങ്ങലും വിൽക്കലും നടത്താൻ സഹായം മാത്രം വേണ്ടവർക്ക് സമീപിക്കാവുന്ന ഓൺലൈൻ ഇടനിലക്കാരാണ് ഡിസ്കൗണ്ട് ബ്രോക്കർമാർ. കുറഞ്ഞ ബ്രോക്കറേജ്, അക്കൗണ്ട് തുടങ്ങാനുള്ള എളുപ്പം, ഓൺലൈൻ സപ്പോർട്ട് മുതലായവ ഇവരുടെ പ്രത്യേകതകളാണ്. Zerodha, 5Paisa, Upstox, SAS Online, ProStocks എന്നിവ ഉദാഹരണം.

പ്രത്യേകതകൾ

∙ അക്കൗണ്ട് തുടങ്ങുന്നതടക്കമുള്ള ഇടപാടുകൾ ലളിതമായി ഓൺലൈനിലൂടെ പൂർത്തീകരിക്കാം.

∙ മറ്റെല്ലാ ബ്രോക്കർമാരെക്കാളും കുറഞ്ഞ ബ്രോക്കറേജും മറ്റു സേവനനിരക്കുകളും.

∙ ഫുൾ സർവീസ് ബ്രോക്കർമാരോടു കിടപിടിക്കുന്ന മികച്ച ഓൺലൈൻ, ട്രേഡിങ് പ്ലാറ്റ്ഫോമും മൊബൈൽ ട്രേഡിങ് ആപ്പുകളും.

∙ സ്റ്റോക്, ഡെറിവേറ്റീവ്സ്, മ്യൂച്വൽ ഫണ്ട് സേവനങ്ങൾ നൽകുന്നു.

∙ ഗവേഷണഫലങ്ങൾ, ഓഫ്‌ലൈൻ സപ്പോർട്ട്, നികുതിയാസൂത്രണം, ഇൻഷുറൻസ് മുതലായ മൂല്യവർധിത സേവനങ്ങൾ ലഭ്യമല്ല.

ബാങ്കുകൾ പ്രമോട്ട് ചെയ്യുന്നവ

മിക്കവാറും എല്ലാ പൊതു,സ്വകാര്യമേഖല ബാങ്കുകളും ഓഹരി, ഇടനിലക്കാരായി പ്രവർത്തിക്കുന്നു. ചില ബാങ്കുകൾ ഉപകമ്പനികളായ ഫുൾ സർവീസ് ബ്രോക്കർമാരിലൂടെയാണ് സേവനം നൽകുന്നത്. മറ്റു ചിലരാകട്ടെ തേർഡ് പാർട്ടി ബ്രോക്കറുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. ഓഹരി ഇടപാടിനാവശ്യമായ ബാങ്ക്, ഡീമാറ്റ്, ട്രേഡിങ് എന്നീ മൂന്ന് അക്കൗണ്ടുകളും ഒരൊറ്റ സ്ഥാപനത്തിൽ തന്നെ തുടങ്ങാം എന്നതാണ് ഇവരുടെ ഗുണം.

പ്രത്യേകതകൾ

∙ മൂന്ന് അക്കൗണ്ടും ഒരു സ്ഥാപനത്തിൽ തുടങ്ങാവുന്ന ത്രീ ഇൻ വൺ സൗകര്യം.

∙ ഓഹരി വാങ്ങാൻ ബാങ്ക് അക്കൗണ്ടിലെ പണം എളുപ്പത്തിൽ ട്രേഡിങ് അക്കൗണ്ടിലേക്കു മാറ്റാം. ഓഹരി വിറ്റുകിട്ടുന്ന പണം നേരിട്ടു ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യാം.

∙ ട്രേഡിങ് അക്കൗണ്ടിൽ ഉപയോഗിക്കാതെ കിടക്കുന്ന തുകയ്ക്കു പലിശ നൽകുന്ന ബാങ്കുകളുണ്ട്.

∙ മറ്റു ബ്രോക്കർമാരെക്കാൾ ബ്രോക്കറേജ് നിരക്കുകൾ അൽപം കൂടുതലാണ്.



 ലേഖകൻ കോടഞ്ചേരി ഗവൺമെന്റ് കോളജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ആണ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com