sections
MORE

ഇത്തവണ വിദ്യാഭ്യാസ വായ്പ എടുത്തോ?

HIGHLIGHTS
  • വിദ്യാര്‍ത്ഥികളാണ് വായ്പ തിരിച്ചടക്കേണ്ടത്
education
SHARE

പുതിയ അധ്യയന വര്‍ഷം തുടങ്ങാറായി. കുട്ടികള്‍ക്ക്  ചേരാനുള്ള  കോഴ്‌സും സ്ഥാപനവും തീരുമാനിച്ചു കഴിഞ്ഞു എങ്കില്‍  വിദ്യാഭ്യാസ വായ്പക്കായുള്ള  ശ്രമങ്ങള്‍ തുടങ്ങാന്‍ വൈകരുത്. ഇന്ന് നിരവധി ബാങ്കുകള്‍  വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നുണ്ട്. ഇതെടുക്കാനായി ബാങ്കുകളെ സമീപിക്കും മുമ്പ് ബന്ധപ്പെട്ട  ചില അടിസ്ഥാന കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കും.

വിദ്യാഭ്യാസ വായ്പ എടുക്കും മുമ്പ്  അറിയേണ്ട  കാര്യങ്ങള്‍


1. പലിശ നിരക്ക്
വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് ബാങ്കിന്റെ എംസിഎല്‍ആറുമായി ( മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ് ) ബന്ധിതമാണ്. എംസിഎല്‍ആറില്‍ മാറ്റം ഉണ്ടാകുന്നതിന് അനുസരിച്ച് പലിശ നിരക്കിലും മാറ്റം ഉണ്ടാകും. സാധാരണ ഓരോ ബാങ്കുകളുടെയും പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കും. അതിനാല്‍   ഓരോ ബാങ്കും ലഭ്യമാക്കുന്ന പലിശ നിരക്ക് എത്രയാണന്ന്  കൃത്യമായി ചോദിച്ച് മനസിലാക്കിയിരിക്കണം. കോഴ്‌സിന്റെ സമയത്ത് സാധാരണ പലിശ നിരക്കായിരിക്കും ബാങ്ക് ഈടാക്കുക. ഇത് വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ട ഇഎംഐയുടെ ഭാരം കുറയ്ക്കും. കൃത്യമായി വായ്പ അടയ്ക്കുന്നവര്‍ക്ക് ചില ബാങ്കുകള്‍ ഇളവുകള്‍ അനുവദിക്കാറുണ്ട്. അതെ കുറിച്ചെല്ലാം പൂര്‍ണമായി മനസിലാക്കുക.

2. തിരിച്ചടവ്
വിദ്യാര്‍ത്ഥികളാണ് വായ്പ തിരിച്ചടക്കേണ്ടത്. കോഴ്‌സ് പൂര്‍ത്തിയാകുമ്പോള്‍ മുതല്‍ തിരിച്ചടവ് തുടങ്ങണം. അവര്‍ക്ക് ജോലി ലഭിച്ചതിന് ശേഷം ആറ് മാസം വരെയോ അല്ലെങ്കില്‍ പഠനം പൂര്‍ത്തിയായി കഴിഞ്ഞ് ഒരു വര്‍ഷം വരെയോ ചില ബാങ്കുകള്‍ ആശ്വാസ കാലയളവ് എന്ന തരത്തില്‍ തിരിച്ചടവിന് സാവകാശം അനുവദിക്കാറുണ്ട്. കോഴ്‌സ് പൂര്‍ത്തിയായി കഴിഞ്ഞ് ഉടന്‍ ജോലി ലഭിക്കുന്നവര്‍ ആറ് മാസത്തിനകം തിരിച്ചടവ് തുടങ്ങണം.

3. തിരിച്ചടവ് കാലാവധി 

സാധാരണയായി  ബാങ്കുകള്‍ അനുവദിക്കുന്ന തിരിച്ചടവ് കാലയളവ് 5 മുതല്‍ 7 വര്‍ഷം വരെയാണ്. ചിലർ അതില്‍ കൂടുതല്‍ കാലാവധി നീട്ടി നല്‍കാറുണ്ട്.

4. വായ്പ ലഭ്യമാക്കുന്ന കോഴ്‌സുകള്‍

സര്‍ക്കാര്‍ അംഗീകാരുള്ള ഏത് കോഴ്‌സിനും വായ്പ ലഭിക്കും. ഫുള്‍ടൈം, പാര്‍ട് ടൈം, വൊക്കേഷണല്‍, ബിരുദം, ബിരുദാനന്തര ബിരുദം എന്നിങ്ങനെ വിവിധ തരത്തിലുള്ള കോഴ്‌സുകള്‍ക്ക് വായ്പ ലഭ്യമാകും. എന്‍ജിനീയറിങ്, മെഡിക്കല്‍, മാനേജ്‌മെന്റ്, ആര്‍കിടെക്ചര്‍ തുടങ്ങയി വിവിധ മേഖലകളിലെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും  വായ്പ  ലഭ്യമാകും. വിദേശ പഠനത്തിന് വേണ്ടിയും വായ്പ എടുക്കാം. നിങ്ങള്‍ തിരഞ്ഞെടുത്ത കോഴ്‌സിന് വായ്പ ലഭ്യമാകുമോ എന്ന് ആദ്യമേ മനസിലാക്കണം.

5. വായ്പയില്‍ ഉള്‍പ്പെടുന്ന ചെലവുകള്‍
പല ബാങ്കുകളും പല തരത്തിലാണ് ചെലവുകള്‍ ഉള്‍പ്പെടുത്തുന്നത്.
സാധാരണയായി കോഴ്‌സ് ഫീസിന് പുറമെ, ഹോസ്റ്റല്‍ ഫീസ്, ലൈബ്രറി, ലാബ് ഫീസുകളും പരീക്ഷാ ഫീസ് എന്നിവയും വായ്പ തുകയുടെ പരിധിയില്‍ ഉള്‍പ്പെടുത്താറുണ്ട്. പാഠപുസ്തകങ്ങള്‍, കോഷന്‍ ഡെപ്പോസിറ്റ്, യൂണിഫോം, പ്രോജക്ട് വര്‍ക് തുടങ്ങിയവയുടെ ചെലവും വായ്പ തുകയില്‍  പരിഗണിക്കാറുണ്ട്. നിങ്ങള്‍ വിദ്യാഭ്യാസ വായ്പക്കായി സമീപിക്കുന്ന ബാങ്ക് വായ്പ തുകയില്‍ ഇതില്‍ ഏതെല്ലാം ഉള്‍പ്പെടുത്തുന്നുണ്ട് എന്ന് ചോദിച്ച് മനസിലാക്കുക.

6. വായ്പക്ക് നല്‍കേണ്ട ഈട്

വായ്പ തുക അടിസ്ഥാനമാക്കിയായിരിക്കും ബാങ്കുകള്‍ ഈട് ആവശ്യപ്പെടുക. നാല് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഈട് നല്‍കേണ്ട ആവശ്യമില്ല. അതേസമയം ചില ബാങ്കുകള്‍   വിദ്യാര്‍ത്ഥിയുടെ രക്ഷകര്‍ത്താക്കളില്‍ ഒരാള്‍ വായ്പ എടുക്കുന്നതില്‍ പങ്കാളിയാകണം എന്ന് ആവശ്യപ്പെട്ടേക്കാം.  വായ്പാ തുക 7.5 ലക്ഷത്തിന് മുകളില്‍ ആണെങ്കില്‍ ബാങ്ക് തുല്യ മൂല്യം വരുന്ന ഈട് ആവശ്യപ്പെടും. ഭൂമിയുടെ ആധാരം, പോസ്റ്റ് ഓഫീസ് സേവിങ്‌സ് ഉത്പന്നങ്ങള്‍, ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ട്, ബാങ്ക് നിക്ഷേപങ്ങളുടെ രേഖകള്‍, സ്വര്‍ണം  എന്നിവയെല്ലാം ഈടായി സ്വീകരിക്കും.

7. ചാര്‍ജുകള്‍

വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ബാങ്ക് ഈടാക്കുന്ന ചാര്‍ജുകളെ കുറിച്ചും അറിഞ്ഞിരിക്കണം. പ്രോസസിങ് ഫീസ്, പ്രീ-പേമെന്റ്, ഇഎംഐ അടവ് താമസിച്ചാലുള്ള പിഴ എന്നിവ അറിഞ്ഞിരിക്കണം.

8. ആവശ്യമായ രേഖകള്‍

. വിദ്യാര്‍ത്ഥിയുടെയും രക്ഷിതാവിന്റെയും ആധാര്‍/പാന്‍ കാര്‍ഡ് രേഖകള്‍
. വിദ്യാര്‍ത്ഥിയുടെയും രക്ഷിതാവിന്റെയും മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍
. രക്ഷിതാവിന്റെ / ജാമ്യക്കാരന്റെ വരുമാനസര്‍ട്ടിഫിക്കറ്റ്, , വിദ്യാര്‍ത്ഥിയുടെയും രക്ഷകര്‍ത്താവിന്റെയും ആസ്തി- ബാധ്യതാ വിവരങ്ങള്‍
. വിദ്യാഭ്യാസ വായ്പക്കുള്ള അപേക്ഷ ഫോറം പൂരിപ്പിച്ചത്
. കോളേജില്‍ നിന്നുള്ള അഡ്മിഷന്‍ കാര്‍ഡ്
. ഫീസ് വിവരങ്ങള്‍
. വിജയിച്ച പരീക്ഷയുടെ മാര്‍ക് ലിസ്റ്റ്
. ഫോട്ടോ
. ഈടാവശ്യമെങ്കില്‍ അതിനുള്ള രേഖകള്‍
. സബ്‌സിഡിയ്ക്ക് അര്‍ഹത ഉണ്ടെങ്കില്‍ വരുമാനം തെളിയിക്കാനുള്ള രേഖകള്‍

 വായ്പ എടുക്കുന്നതിനായി സമര്‍പ്പിക്കുന്ന രേഖകള്‍ എല്ലാം പൂര്‍ണവും സത്യസന്ധവും ആയിരിക്കണം. അത് വായ്പ എടുക്കുന്നവരുടെ  വിശ്വാസ്യത ഉയര്‍ത്തും. പഠന ചെലവിനായി വായ്പ എടുക്കുമ്പോള്‍ പരമാവധി വായ്പ തുകയ്ക്ക് അപേക്ഷിക്കാം. എന്നാല്‍ കുറഞ്ഞ തുകയ്ക്കും ചിലപ്പോള്‍ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കും. അതിനാല്‍ വായ്പ തുക പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക അങ്ങനെയെങ്കില്‍ വേഗത്തില്‍ അടച്ച് തീര്‍ക്കാന്‍ കഴിയും. വിവിധ ബാങ്കുകള്‍ ലഭ്യമാക്കുന്ന വിദ്യാഭ്യാസ വായ്പകളുടെ സവിശേഷതകള്‍ വിലയിരുത്തിയതിന് ശേഷം നിങ്ങള്‍ക്ക് ഏറ്റവും ഇണങ്ങുന്നത് തിരഞ്ഞെടുക്കുക.


തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA