ADVERTISEMENT

കുട്ടികളുടെ പഠനത്തിനും മറ്റ്‌ ചെലവുകള്‍ക്കുമായി പണം കണ്ടെത്തുന്നതിന്‌ സഹായിക്കുന്ന നിരവധി നിക്ഷേപ പദ്ധതികള്‍ ഇന്നുണ്ട്‌. ഇതില്‍ തന്നെ നികുതി ആനുകൂല്യത്തോടു കൂടി ആദായം ലഭ്യമാക്കുന്ന നിക്ഷേപമാര്‍ഗങ്ങളില്‍ ഒന്നാണ്‌ പിപിഎഫ്‌. മാതാപിതാക്കള്‍ക്ക്‌ അവരുടെ കുട്ടികള്‍ക്ക്‌ വേണ്ടി തുറക്കാവുന്ന പിപിഎഫ്‌ അക്കൗണ്ടാണ്‌ മൈനര്‍ പിപിഎഫ്‌ അക്കൗണ്ട്‌. വളരെ ചെറിയ പ്രായത്തില്‍ കുട്ടികളുടെ പേരില്‍ പിപിഎഫ്‌ അക്കൗണ്ട്‌ എടുക്കുകയാണെങ്കില്‍ അവര്‍ പ്രായപൂര്‍ത്തി ആകുമ്പോഴേക്കും അക്കൗണ്ടിന്റെ കാലാവധി പൂര്‍ത്തിയാക്കാനും കഴിയും. ഈ തുക അവരുടെ പഠന ചെലവിനോ മറ്റ്‌ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ കഴിയും. അക്കൗണ്ട്‌ തുറക്കുന്ന സാമ്പത്തിക വര്‍ഷം മുതല്‍ 15 വര്‍ഷത്തെ ലോക്‌ ഇന്‍ കാലാവധി ഉണ്ടായിരിക്കും. 

പിപിഎഫ്‌ അക്കൗണ്ടിലെ നിക്ഷേപം വര്‍ഷം 1.5 ലക്ഷം രൂപയില്‍ കൂടരുത്‌. പിപിഎഫിലെ നിക്ഷേപത്തിന്‌ ആദായനികുതി നിയമത്തിലെ 80സി വകുപ്പ്‌ പ്രകാരം നികുതി ഇളവ്‌ ലഭിക്കും. 

മൈനര്‍ പിപിഎഫ്‌ അക്കൗണ്ട്‌ തുറക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും അനുവാദം കുട്ടിയുടെ അച്ഛന്‍ അല്ലെങ്കില്‍ അമ്മക്ക്‌ മാത്രമായിരിക്കും. സ്വന്തം മാതാപിതാക്കളുടെ അസാന്നിദ്ധ്യത്തില്‍ നിയമപരമായുള്ള രക്ഷകര്‍ത്താവിനെയും അനുവദിക്കും. ഒരേ കുട്ടിയുടെ പേരില്‍ അച്ഛനും അമ്മയ്‌ക്കും പിപിഎഫ്‌ അക്കൗണ്ട്‌ തുറക്കാന്‍ സാധിക്കില്ല. 

എവിടെയാണ്‌ മൈനര്‍ പിപിഎഫ്‌ അക്കൗണ്ട്‌ തുറക്കേണ്ടത്‌

പിപിഎഫ്‌ അക്കൗണ്ട്‌ തുറക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള ബാങ്കുകളുടെ ശാഖകളില്‍ അല്ലെങ്കില്‍ പോസ്‌റ്റ്‌ ഓഫീസുകളില്‍ മൈനര്‍ പിപിഎഫ്‌ എക്കൗണ്ടുകള്‍ തുറക്കാം.

ആവശ്യമായ രേഖകള്‍

പിപിഎഫ്‌ അക്കൗണ്ട്‌ തുറക്കുന്നതിന്‌ വേണ്ടിയുള്ള അപേക്ഷാ ഫോമില്‍ കുട്ടിയുടെ വിവരങ്ങള്‍ക്ക്‌ ഒപ്പം രക്ഷകര്‍ത്താവിന്റെ വിവരങ്ങളും നല്‍കണം. അക്കൗണ്ട്‌ തുറക്കുന്നതിന്‌ രക്ഷകര്‍ത്താവിന്റെ ഫോട്ടോഗ്രാഫോടു കൂടിയ കെവൈസി രേഖകള്‍, കുട്ടിയുടെ ജനന തീയിതി തെളിയിക്കുന്ന രേഖ( ആധാര്‍ കാര്‍ഡ്‌ അല്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കേറ്റ്‌) പിപിഎഫ്‌ അക്കൗണ്ടില്‍ ആദ്യ നിക്ഷേപം നടത്തുന്നതിനുള്ള ചെക്ക്‌( 500 രൂപ മുതല്‍ മുകളിലേക്ക്‌) എന്നിവ നല്‍കണം. പിപിഎഫ്‌ അക്കൗണ്ട്‌ തുറക്കമ്പോള്‍ ഒരു നോമിനിയെ കൂടി നാമനിര്‍ദ്ദേശം ചെയ്യാം. 

നിക്ഷേപം

മൈനര്‍ പിപിഎഫ്‌ അക്കൗണ്ടില്‍ ഒരു സാമ്പത്തിക വര്‍ഷം നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 500 രൂപയും പരമാവധി തുക 1.5 ലക്ഷം രൂപയുമാണ്‌. നിങ്ങളുടെയും കുട്ടിയുടെയും പിപിഎഫ്‌ അക്കൗണ്ടുകളിലെ അകെ നിക്ഷേപം ഒരു വര്‍ഷം 1.5 ലക്ഷം രൂപയ്‌ക്ക്‌ മുകളിലേക്ക്‌ എത്തരുത്‌. 

നികുതി ആനുകൂല്യം

അക്കൗണ്ട്‌ ഉടമയുടെ കൈകളില്‍ എത്തുന്ന പലിശയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയും നികുതി മുക്തമായിരിക്കും. ആദായ നികുതി വകുപ്പിന്റെ 80 സി വകുപ്പ്‌ പ്രകാരം പിപിഎഫ്‌ അക്കൗണ്ടിലെ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന്‌ നികുതി ഇളവ്‌ ലഭിക്കും. രക്ഷകര്‍ത്താവിന്റെയും കുട്ടിയുടെയും പിപിഎഫ്‌ അക്കൗണ്ടിലെ തുക ഒരുമിച്ച്‌ കണക്കാക്കി 1.5 ലക്ഷം വരെ പരമാവധി നികുതി ഇളവ്‌ ലഭിക്കും.

18 വയസിന്‌ മുകളില്‍ പ്രായം ഉള്ള മക്കളുടെ പേരിലാണ്‌ പിപിഎഫ്‌ അക്കൗണ്ട്‌ എടുക്കുന്നത്‌ എങ്കില്‍ മക്കളുടെ വരുമാനം മാതാപിതാക്കളുടെ വരുമാനവുമായി കൂട്ടിയോജിപ്പിക്കല്ല. അതിനാല്‍ കുട്ടിക്കും മുതിര്‍ന്നവര്‍ക്ക്‌ ലഭിക്കുന്ന അതേ നികുതി ഇളവ്‌ ലഭിക്കും. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com