ADVERTISEMENT

വീട്ടു ജോലിക്കാരും കൂലിപ്പണിക്കാരും അടക്കം അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവർക്കും പ്രതിമാസം കുറഞ്ഞത് 3,000 രൂപ കേന്ദ്രസർക്കാരിൽ നിന്നു പെൻഷനായി നേടാം. പ്രധാന്‍ മന്ത്രി ശ്രം യോഗി മാന്‍-ധന്‍ (പി. എം-എസ് വൈഎം) ആണ് ഇതിന് അവസരം നൽകുന്നത്.

എന്താണ് പദ്ധതി?

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷിതത്വവും വാർധക്യകാല പെന്‍ഷനും വാഗ്ദാനം ചെയ്യുന്ന കേന്ദ്ര പദ്ധതിയാണിത്. ചുമട്ടുതൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്നവര്‍, നെയ്ത്തുകാര്‍ തുടങ്ങി അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ആര്‍ക്കും പങ്കാളികളാകാം.

പദ്ധതി പ്രകാരം 60 വയസ്സിനു ശേഷം മിനിമം 3,000 രൂപ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. പെന്‍ഷനർ മരിച്ചാൽ പെന്‍ഷന്‍ തുകയുടെ 50% പങ്കാളിക്ക് ഫാമിലി പെന്‍ഷനായി ലഭിക്കും. പെന്‍ഷന്‍ ഫണ്ടിലേക്ക് വിഹിതം നല്‍കുന്ന ആൾ മരണപ്പെട്ടാൽ പങ്കാളിക്കു പെന്‍ഷന്‍ ഫണ്ട്
മുന്നോട്ടു കൊണ്ടുപോകുകയോ, തൊഴിലാളിയുടെ വിഹിതവും പലിശയും ചേര്‍ത്തുള്ള തുക പിന്‍വലിക്കുകയോ ചെയ്യാം.

എത്ര രൂപ നിക്ഷേപിക്കണം?

പ്രായമനുസരിച്ച് കുറഞ്ഞത് 55 രൂപ മുതല്‍ പരമാവധി 200 രൂപ വരെയാണ് പദ്ധതിയിലേക്ക് അടയ്‌ക്കേണ്ടത്. അതായത്, പതിനെട്ടുകാരൻ 55 രൂപ വീതം 42 വർഷം അടയ്ക്കണം. എന്നാൽ നാൽപതുകാരനാണെങ്കിൽ 200 വച്ച് തുടർന്നുള്ള 20 വർഷത്തേക്ക് അടയ്ക്കണം. പദ്ധതിയിൽ ചേരുന്നവർ സേവിങ്‌സ് ബാങ്ക് അക്കൗണ്ടോ, ജന്‍ധന്‍ അക്കൗണ്ടോ മുഖേന പെന്‍ഷന്‍ ഫണ്ടിലേക്ക് നിശ്ചിത തുക വീതം മാസം അടയ്ക്കണം.

എത്ര പെൻഷൻ കിട്ടും?

നിങ്ങൾ അടയ്ക്കുന്ന അതേ തുക തന്നെ സര്‍ക്കാരും പ്രതിമാസം നിങ്ങളുടെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യും. ഇങ്ങനെ 60 വയസ്സു വരെ തൊഴിലാളിയുടെ വിഹിതത്തിന് ഒപ്പം സര്‍ക്കാരിന്റെ സംഭാവനയും ചേര്‍ത്ത് മൊത്തം അടയ്ക്കുന്ന തുകയ്ക്കും പലിശയ്ക്കും അനുസൃതമായാവും പെന്‍ഷന്‍ ലഭിക്കുക.

പതിനെട്ടുകാരൻ പദ്ധതിയില്‍ അംഗമായാൽ മാസം 55 രൂപ അടയ്ക്കണം. സർക്കാർ വിഹിതവും ചേർത്ത് ഒരു മാസം ആകെ 110 രൂപ പെന്‍ഷന്‍ ഫണ്ടിൽ എത്തും. ഇരുനൂറു രൂപ അടയ്ക്കുന്ന നാൽപതുകാരന്റെ അക്കൗണ്ടിൽ സര്‍ക്കാര്‍ വിഹിതം ചേർത്ത് മാസം 400 രൂപയും. അപേക്ഷകന് 60 വയസ്സു വരെ നിക്ഷേപം തുടരാം. അതിനുശേഷം നിക്ഷേപവും ഫണ്ടിന്റെ പലിശയും ഉള്‍പ്പെടുന്ന തുകയ്ക്ക്് അനുസരിച്ച് പെന്‍ഷന്‍ ലഭിക്കും.

എങ്ങനെ അംഗമാകാം?

ഏറ്റവും അടുത്തുള്ള പൊതുജന സേവാകേന്ദ്രങ്ങള്‍ വഴി പദ്ധതിയില്‍ അംഗമാകാം. അപേക്ഷകന് ആധാര്‍ കാര്‍ഡും സേവിങ്‌സ് ബാങ്ക് അല്ലെങ്കില്‍ ജന്‍ധന്‍ അക്കൗണ്ട് നമ്പറും ഉണ്ടായിരിക്കണം. പദ്ധതിയിലേക്ക് ആദ്യം അടയ്ക്കുന്ന തുക പണമായി നല്‍കണം. തുടർമാസങ്ങളില്‍ നിങ്ങളുടെ അക്കൗണ്ടില്‍നിന്നു പണം നേരിട്ടു പെൻഷൻ അക്കൗണ്ടിലേക്ക് അടയ്ക്കാം. പിഎംഎസ് വൈഎം വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ് വഴിയും സേവനം ലഭ്യമാണ്.

ആർക്കെല്ലാം ചേരാം?

1. ‍അസംഘടിത മേഖലയിലെ തൊഴിലാളി ആയിരിക്കണം.

2. 18 വയസ്സു മുതല്‍ 40 വയസ്സു വരെയാണ് ചേരുവാനുള്ള പ്രായപരിധി.

3. മാസവരുമാനം 15,000 രൂപയില്‍ താഴെ മാത്രം.

4. ഇപിഎഫ്, എന്‍പിഎസ്, ഇഎസ്ഐസി എന്നീ പദ്ധതികളില്‍ അംഗം ആയിരിക്കരുത്.

കൂടുതൽ വിവരങ്ങൾക്ക്

കേന്ദ്ര തൊഴില്‍ വകുപ്പ് മേല്‍നോട്ടം വഹിക്കുന്ന ഈ പദ്ധതിയുടെ ഫണ്ട് മാനേജര്‍ എല്‍ഐസിയാണ്. പെന്‍ഷന്‍ വിതരണച്ചുമതലയും എല്‍ഐസിക്കു തന്നെ.എല്‍ഐസി ശാഖകള്‍, ഇഎസ്ഐസി, ഇപിഎഫ്ഒ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ സമീപിച്ചാൽ പദ്ധതി സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയാൻ കഴിയും

പണത്തിന് അത്യാവശ്യം വന്നാൽ?

നിക്ഷേപത്തുക ഉപാധികളോടെ പിൻവലിക്കാൻ അനുവദിക്കും. നിക്ഷേപം 10 വര്‍ഷം എത്തും മുൻപാണ് പിന്‍വലിക്കുന്നതെങ്കിൽ പദ്ധതിയിലേക്കു തൊഴിലാളി അടച്ച വിഹിതം മാത്രമേ തിരിച്ചു കിട്ടൂ. അത് സേവിങ്‌സ് ബാങ്ക് പലിശ സഹിതം ആയിരിക്കും.

അതേസമയം 10 വര്‍ഷത്തിനു ശേഷമാണ് പിൻവലിക്കുന്നതെങ്കിൽ ഫണ്ടില്‍ ഉള്ള തുക മുഴുവന്‍ തിരിച്ചു ലഭിക്കും. സർക്കാർ വിഹിതം അടക്കം. മാത്രമല്ല ഫണ്ടിന്റെ പലിശയോ സേവിങ്‌സ് ബാങ്ക് പലിശയോ ഏതാണോ കൂടുതൽ അത് ഉൾപ്പെടെയാണു ലഭിക്കുന്ന തുക.

കസ്റ്റമര്‍ കെയര്‍ ടോൾഫ്രീ നമ്പര്‍: 1800 2676 88

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com