ADVERTISEMENT

മുപ്പതുകളിൽ വിശ്രമകാലത്തെക്കുറിച്ച് ചിന്തിക്കുകയോ? അതിന് എനിക്കിപ്പോഴേ വയസ്സായോ എന്നു ചിരിച്ചുതള്ളാൻ വരട്ടെ. റിട്ടയർമെന്റിന് സമയമാകുമ്പോൾ മാത്രം അതിനെക്കുറിച്ചു ആലോചിക്കാമെന്നു കരുതുന്നവരാണ് ഭൂരിഭാഗവും. പ്ലാൻ ചെയ്യുമ്പോൾ പലപ്പോഴും ആശയക്കുഴപ്പത്തിൽ പെട്ടുപോകുന്നവരും കുറവല്ല. റിട്ടയർമെന്റ് പ്ലാനിങ്ങിനെ ഇങ്ങനെ നിർവചിക്കാം. നിങ്ങൾക്ക് കഴിയുന്നിടത്തോളം സമ്പാദിക്കുക. പറ്റുന്നിടത്തോളം നിക്ഷേപിക്കുക. എത്ര നേരത്തേ തുടങ്ങുന്നോ അത്രയും കൂടുതൽ ഫലവും ലഭിക്കും. വിശ്രമകാല ജീവിതത്തിലേക്ക് സമ്പാദ്യം സ്വരുക്കൂട്ടാനുള്ള കുറച്ച് ടിപ്സ് ഇതാ.

1) ചെലവുകൾ തരംതിരിക്കുക

ഇപ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന ഒരു മാസത്തെ ചെലവുകൾ തരംതിരിക്കുക. അതായത് വീട്ടിലെ ചെലവുകളുടെ ലിസ്റ്റ് ഉണ്ടാക്കുക. അതിൽ പലചരക്ക് സാധനങ്ങൾ, പഴം, പച്ചക്കറികൾ, മത്സ്യ–മാംസാദികൾ, വാട്ടർ ബിൽ, കറന്റ് ബിൽ, തുടങ്ങിയവ ജോലിയിൽ നിന്നു വിരമിച്ച ശേഷവും ആവശ്യമുള്ളവയാണ്. എന്നാൽ ജോലി സ്ഥലത്തേക്കു പോകുവാനുള്ള യാത്രാ ചെലവ്, വസ്ത്രങ്ങൾ പോലുള്ളവയ്ക്കുള്ള അധിക ഷോപ്പിങ്, ഭവന വായ്പാ തിരിച്ചടവ് തുടങ്ങിയവ റിട്ടയർമെന്റ് കാലഘട്ടത്തിൽ ഉണ്ടാകില്ല. മാസചെലവുകളിൽ സ്ഥിരമായ ചെലവുകൾ മാത്രമേ കണക്കാക്കാവൂ. മെഡിക്കൽ ചെലവുകൾ കൂടാൻ സാധ്യയുള്ളതിനാൽ നീക്കിയിരുപ്പ് കൂട്ടണം. മുകളിൽ ഒഴിവാക്കിയിട്ടുള്ളവയിൽ നിന്നു അതിനുള്ള പണം കണ്ടെത്താം. 

2) റിട്ടയർമെന്റിനു ശേഷം നിങ്ങൾക്ക് എത്ര വരുമാനം ഉണ്ടാകും? 

റിട്ടയർമെന്റിനു ശേഷം സ്ഥിരവരുമാനം കുറവായിരിക്കും. എത്രത്തോളം വരുമാനം ഉണ്ടാകുമെന്ന് കണക്കാക്കുക. കമ്പനിയിൽനിന്നുള്ള പെൻഷൻ, ഇപിഎസ് പെൻഷൻ, ഇൻഷുറൻസ്, പെൻഷൻ പോളിസി തുടങ്ങിയവയിൽ നിന്നുള്ള വരുമാനം, സ്വത്ത്, കൃഷി തുടങ്ങിയവയിൽ നിന്നുള്ള വരുമാനം എല്ലാം കണക്കാക്കാം. ഇത് നിലവിലെ ശമ്പളവുമായി താരതമ്യം ചെയ്തു നോക്കുക. 

3) റിട്ടയർമെന്റ് കാലത്ത് മാസം എത്ര വേണ്ടി വരും?

റിട്ടയർമെന്റിനു ശേഷം മാസം എത്ര തുക ആവശ്യമായി വരുമെന്ന് കണക്കാക്കണം. അന്നുള്ള പണപ്പെരുപ്പം എത്രയാണെന്നു കൂടി ഉൾപ്പെടുത്തിവേണം ചെലവ് കണക്കാക്കാൻ. അതായത് ഇപ്പോൾ നിങ്ങളുടെ ഒരു മാസത്തെ ചെലവ് 35,000 ആണെന്നിരിക്കട്ടെ. റിട്ടയർമെന്റിനു ശേഷം മാസം 15,000 മാത്രമേ വരുമാനം ഉള്ളൂ എങ്കിൽ നിങ്ങൾ ബാക്കി 20,000 രൂപ കൂടി കണ്ടത്തേണ്ടിയിരിക്കുന്നു.

4) തുക കണക്കാക്കുന്നതെങ്ങനെ?

അധികമായി വരുന്ന തുകയുടെ അന്നത്തെ മൂല്യം എത്രയാണെന്ന് പരിശോധിക്കുക. ഇപ്പോഴത് ചെറിയ തുകയായിട്ടു തോന്നാമെങ്കിലും ഭാവിയിലെ പണപ്പെരുപ്പം കൂടി നോക്കുമ്പോൾ അത് വൻ തുകയായിരിക്കും. 6% എങ്കിലും പണപ്പെരുപ്പം കൂട്ടി വേണം തുക കണക്കാക്കാൻ. ഉദാഹരണത്തിന് മാസചെലവ് 50,000 ആണെങ്കിൽ മുപ്പതു വർഷത്തിനുള്ളിൽ അത് 2.87 ലക്ഷമായി വർദ്ധിക്കും. അതായത് നിങ്ങൾക്ക് 60 വയസ്സാകുമ്പോൾ മാസം 2.87 ലക്ഷം രൂപയെങ്കിലും ചെലവ് വരും.

5) ഓരോ പ്രായത്തിലും പ്ലാനിങ് വേണം

ഈ വർഷം പോലെയാകില്ല അടുത്ത വർഷം. ഓരോ വർഷവും ചെലവ് കൂടുന്നതിനൊപ്പം പണപ്പെരുപ്പവും കൂടുന്നുണ്ട്. 

റിട്ടയർമെന്റ് ആകുമ്പോൾ മാത്രമല്ല, ഓരോ കാലഘട്ടത്തിലും എത്ര തുക ആവശ്യമായി വരുമെന്ന് കണക്കാക്കണം. അതായത് 35, 40, 45, 50  അങ്ങനെ ഓരോ പ്രായത്തിലും വരുന്ന ചെലവുകൾ കണക്കാക്കുന്നത് നല്ലതായിരിക്കും. അതനുസരിച്ച് നിക്ഷേപത്തിൽ മാറ്റം വരുത്തണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com