ADVERTISEMENT

ഇന്ദിരാഗാന്ധി ബജറ്റ് അവതരിപ്പിച്ച്  അരനൂറ്റാണ്ടു പിന്നിടുമ്പോഴാണ് മറ്റൊരു വനിത കേന്ദ്ര ബജറ്റ്  അവതരിപ്പിക്കാനെത്തുന്നത്. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന രണ്ടാം എന്‍ഡിഎ ഗവണ്മെന്റിന്റെ ബജറ്റ് അതുള്‍ക്കൊള്ളുന്ന നയപരമായ സന്ദേശത്തിന്റെ പേരില്‍ ഏറെ ശ്രദ്ധിക്കപ്പെടുമെന്നുറപ്പ്. മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക രംഗം സുപ്രധാന വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലാണ് ഈ ബജറ്റ് അവതരണം എന്നതും പ്രാധാന്യമര്‍ഹിക്കുന്നു.

സാധാരണയായി പൊതു തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി അവതരിപ്പിക്കപ്പെടുന്ന ബജറ്റ്  ജനപ്രിയമായിരിക്കും. എന്നാല്‍ ഒരു പുതിയ ഗവണ്മെന്റിന്റെ ആദ്യ ബജറ്റ്  രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെ നേരിടുന്നതിനുള്ള ഗൗരവതരമായ പരിശ്രമം കൂടി ആയിരിക്കണം. ഇപ്രകാരം നോക്കിയാല്‍ ഈ വര്‍ഷം തന്നെ അവതരിപ്പിച്ച ജനപ്രിയ ഇടക്കാല ബജറ്റിനു ശേഷം വരുന്ന രണ്ടാം എന്‍ഡിഎ ഗവണ്മെന്റിന്റെ ആദ്യ ബജറ്റ്  ശ്രദ്ധയോടെയുള്ള ഒന്നാകാനാണിട. അതിനാല്‍ തന്നെ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ സൗജന്യങ്ങളും പ്രത്യക്ഷ നികുതിയിളവുകളും പ്രതീക്ഷിക്കേണ്ടതില്ല. രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതില്‍ തന്നെയായിരിക്കണം പ്രധാനമായും ബജറ്റ്  ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

സാമ്പത്തിക രംഗം ചില പ്രധാന പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. 2019 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പാദന (GDP) നിരക്ക്  5.8 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞ 20 പാദവര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2019 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച അഞ്ചു വര്‍ഷത്തെ ഏറ്റവും കുറവായ 6.8 ശതമാനമായി കുറഞ്ഞു. സുപ്രധാന സാമ്പത്തിക സൂചകങ്ങളായ IIP (വ്യാവസായിക ഉല്‍പാദന സൂചിക), കയറ്റുമതി, ഇറക്കുമതി, വാഹന വില്‍പന, PMI തുടങ്ങിയ ഘടകങ്ങള്‍ സാമ്പത്തിക രംഗത്തെ ഗതിമാന്ദ്യം ശരിവെയ്ക്കുന്നു. ദേശീയ സാമ്പിള്‍ സര്‍വേ (NSSO) കണക്കുകള്‍ തൊഴിലില്ലായ്മ കൂടിയ നിലയിലാണെന്നാണ് കാണിക്കുന്നത്. ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ രംഗത്ത് ചാലക ശക്തികളായിരുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (NBFCs) പ്രതിസന്ധി നേരിടുകയാണ്. ഇത്തരം ചില സ്ഥാപനങ്ങള്‍ കുഴപ്പത്തിലാണ്.

രാജ്യത്തിന്റെ സ്ഥൂല സാമ്പത്തിക സൂചകാംഗങ്ങള്‍ അത്ര മെച്ചപ്പെട്ട നിലയിലല്ല. കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയും മൊത്തം ധന കമ്മി ജിഡിപിയുടെ 7 ശതമാനമാണ്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പോലുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ വായ്പകളുടെ ശരിയായ കണക്കെടുപ്പു നടത്തിയാല്‍ 2020 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടേയും FCI പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടേയും വായ്്പകളുടെ ആവശ്യം (PSBR) GDP യുടെ ഒമ്പതു ശതമാനത്തോടടുക്കും. സര്‍ക്കാര്‍ കടം GDPയുടെ 70 ശതമാനം എന്നത് കൂടുതലാണ്. ചരക്കുകളുടെ കയറ്റുമതി 2011-12 മുതല്‍ മുന്നോട്ടു പോയിട്ടില്ല. ജിഡിപിയുടെ 2.2 ശതമാനമായ കറണ്ട് അക്കൗണ്ട് കമ്മി  നിയന്ത്രണ വിധേയമെങ്കിലും അത്ര മെച്ചപ്പെട്ട അവസ്ഥയിലല്ല.

ഈ സാമ്പത്തിക പശ്ചാത്തലത്തില്‍ വളര്‍ച്ച വര്‍ധിപ്പിക്കുന്നതിന് ഉത്തേജക നടപടികള്‍ ആവശ്യമാണ്. ഈ വര്‍ഷം മൂന്നു തവണ പലിശ നിരക്കു കുറച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ശരിയായ സമയത്ത് ശരിയായ നടപടി തന്നെയാണ് കൈക്കൊണ്ടത്. എന്നാല്‍ പലിശനിരക്കു കുറവിന്റെ ആനുകൂല്യം വായ്പ വാങ്ങുന്നവര്‍ക്ക് പൂര്‍ണമായി ലഭിക്കുകയുണ്ടായില്ല. നിക്ഷേപങ്ങളുടെ പലിശ നിരക്കു കുറയ്ക്കാന്‍  വാണിജ്യബാങ്കുകള്‍ക്ക് പ്രയാസമുണ്ട് എന്നതാണ് ഇതിനു കാരണം. നിക്ഷേപ വളര്‍ച്ചാ നിരക്ക് വായ്പകളുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ കുറയുന്ന സാഹചര്യത്തില്‍ കിട്ടാക്കടങ്ങളുടെ പ്രശ്‌നം കൂടി വന്നതോടെ നിക്ഷേപങ്ങളുടെ പലിശ നിരക്കു കുറയ്ക്കാന്‍ ബാങ്കുകള്‍ക്കു പ്രയാസമായി. ചെറുകിട സമ്പാദ്യം പോലുള്ളവയില്‍ നിന്നു ലഭിക്കുന്ന പലിശ ബാങ്ക് നിക്ഷേപ പലിശകളേക്കാള്‍ കൂടുതലായതാണ് നിക്ഷേപ വളര്‍ച്ച മന്ദഗതിയിലാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ചെറുകിട സമ്പാദ്യങ്ങളുടെ പലിശയില്‍ സര്‍ക്കാര്‍ ഈയിടെ ചെറിയ കുറവു വരുത്തുകയുണ്ടായി. ആസന്നമായ ബജറ്റില്‍ ബാങ്ക് ഡിപ്പോസിറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ക്ക് സര്‍ക്കാര്‍ മുതിരേണ്ടിയിരിക്കുന്നു.

സാമ്പത്തിക ഉത്തേജക നടപടികള്‍ ആവശ്യമാണെങ്കിലും അതിനുള്ള സാഹചര്യമില്ല എന്നതാണ് സത്യം. പുതുക്കിയ കണക്കുകളനുസരിച്ച്  2019 സാമ്പത്തിക വര്‍ഷത്തില്‍ നികുതി പിരിവില്‍ 1.6 ട്രില്ല്യണ്‍ രൂപ കുറവുണ്ടായി എന്നത് സാമ്പത്തിക കമ്മി ബജറ്റില്‍ സൂചിപ്പിച്ചതിനേക്കാളൊക്കെ കൂടുതലായിരിക്കും എന്നാണ് കാണിക്കുന്നത്. മാത്രമല്ല 2020 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന വര്‍ധിച്ച തോതിലുള്ള നികുതി പിരിവ് ലക്ഷ്യം കാണുമെന്നും തോന്നുന്നില്ല. ധനകമ്മി ഇന്ത്യയിലെ മൊത്തം കുടുംബങ്ങളുടെ സമ്പാദ്യത്തെ (Household savings)വിഴുങ്ങുന്ന നിലയാണ്. ഈ സാഹചര്യത്തില്‍ ധനകമ്മി വര്‍ധിപ്പിക്കുന്ന നടപടി ഗവണ്മെന്റ് കൈക്കൊള്ളുന്നത് സ്വകാര്യ മോഖലയിലെ വായ്പാ ലഭ്യതയേയും ബാധിക്കും.

ഓഹരിവില്‍പനയിലൂടെ കമ്മി മറികടക്കാം

വായ്പയെടുത്ത് സാമ്പത്തിക ഉത്തേജന പരിപാടി നടപ്പാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതിനാല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയിലൂടെ സാമ്പത്തിക ഉത്തേജന പരിപാടി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഓഹരി വില്‍പനയ്ക്കായി സര്‍ക്കാര്‍ ഫലപ്രദമായ കര്‍മ്മ പദ്ധതി കൊണ്ടുവന്ന് ഈ പണം സാമ്പത്തിക രംഗത്തെ ഉത്തേജക പരിപാടികള്‍ക്ക് ഉപയോഗപ്പെടുത്തണം. ബിമല്‍ ജലാന്‍ കമ്മിറ്റി ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതോടെ റിസര്‍വ് ബാങ്കില്‍ നിന്ന് കൂടുതല്‍ പണം സര്‍ക്കാറിനു കിട്ടാനിടയുണ്ട്.  ഈ പണം പൊതുമേഖലാ ബാങ്കുകളുടെ പുനര്‍  മൂലധനവല്‍ക്കരണത്തിനായി മാത്രം ഉപയോഗപ്പെടുത്തുകയാണു വേണ്ടത്. 

ഘടനാപരമായ മാറ്റങ്ങളില്‍ ശ്രദ്ധ വയ്ക്കണം

ബജറ്റും തുടര്‍ന്നുണ്ടാവേണ്ട നയപരമായ നടപടികളും ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുന്ന ഘടനാപരമായ മാറ്റങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. ഭൂമി, തൊഴില്‍ പരിഷ്‌കാരങ്ങള്‍ക്ക്  ഒട്ടും കാലവിളംബം പാടില്ല. ആഗോള വ്യാപാര രംഗത്ത് ധാരാളം അവസരങ്ങള്‍ ഉണ്ടാകുന്നുണ്ട്. ചൈനയിലെ വര്‍ധിച്ചു വരുന്ന കൂലി നിലവാരം ധാരാളം തൊഴില്‍ ശക്തി ആവശ്യമുള്ള ടെക്‌സ്റ്റൈല്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ ന ിന്ന് അകന്നു പോകാന്‍ അവരെ പ്രേരിപ്പിക്കുന്നുണ്ട്.  ഇതുമൂലം ഉയര്‍ന്നു വന്നിട്ടുള്ള വന്‍തോതിലുള്ള അവസരങ്ങള്‍ മുതലെടുത്തുകൊണ്ട് ബംഗഌദേശും വിയറ്റ്‌നാമും മറ്റും ആയിരക്കണക്കിനാളുകള്‍ പണിയെടുക്കുന്ന വന്‍കിട തൊഴില്‍ശാലകള്‍ ആരംഭിക്കുകയാണ്. എന്നാല്‍ ഇന്ത്യയിലെ കര്‍ശനമായ തൊഴില്‍ നിയമങ്ങള്‍ ഇതനുവദിക്കുന്നില്ല. ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്‍സോള്‍വെന്‍സി ബാങ്ക്‌റെപ്‌സി കോഡ് (IBC) , റിയല്‍ എസ്‌റ്റേറ്റ് റെഗുലേഷന്‍ ആക്ട് (RERA)  തുടങ്ങിയ പരിഷ്‌കരണ നടപടികളിലൂടെ ശുചീകരണം നടത്തിക്കൊണ്ടിരിക്കയാണ് സര്‍ക്കാര്‍. ഈ നടപടി തുടരേണ്ടിയിരിക്കുന്നു.

സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്. വര്‍ഷം മൂന്നു തവണ പലിശ നിരക്കു കുറച്ചുകൊണ്ട് റിസര്‍വ് ബാങ്ക് അതിന്റെ പങ്കു നിര്‍വഹിച്ചു കഴിഞ്ഞു. ഇനി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ഗവണ്മെന്റാണ്. ഭാവനാ സമ്പന്നമായ ബജറ്റിലൂടെ ശരിയായ സന്ദേശം നല്‍കാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കഴിയുമോ?

ലേഖകൻ, ഡോ.വി.കെ വിജയകുമാര്‍: (ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com