ADVERTISEMENT

ഡോക്ടറോ എൻജിനിയറോ ആകുന്നതിന് വര്‍ഷങ്ങള്‍ പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുണ്ട്. എന്നാല്‍ പലര്‍ക്കും പ്രവേശന പരീക്ഷയിലെ മികച്ച വിജയം എന്ന കടമ്പ കടക്കാനാവാതെ നിരാശരാകേണ്ടി വരുന്നു. ഇക്കൂട്ടത്തില്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു.

ഡോക്ടര്‍മാരെയും എന്‍ജിനിയര്‍മാരെയും മാത്രമല്ല, ഓരോ മേഖലകളിലും വൈദഗ്ധ്യവും പ്രാവീണ്യവും ഉള്ളവരെ സമൂഹത്തിന് ആവശ്യമാണ്. നിരാശരായി സമയം പാഴാക്കാതെ നിങ്ങളുടെ അഭിരുചികള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും ഇണങ്ങുന്ന മികച്ച ഒരു കോഴ്‌സ് കണ്ടെത്തി അതില്‍ വിജയിക്കാന്‍ ശ്രദ്ധിക്കാം. കോഴ്‌സിന്റെ ഡിമാന്‍ഡിനനുസരിച്ച് പഠിച്ചിറങ്ങിയാല്‍ ഉള്ള
ജോലിസാധ്യത, ലഭിക്കാനിടയുള്ള ശമ്പളം, ജോലിയുടെ സ്വഭാവം ഇവയെല്ലാം കോഴ്‌സ് തിരഞ്ഞെടുക്കും മുമ്പ് അറിഞ്ഞിരിക്കുകയും വേണം.

മികച്ച തൊഴില്‍ സാധ്യതയുള്ള ന്യൂജെന്‍ കോഴ്‌സുകള്‍

1. കമ്പനി സെക്രട്ടറിഷിപ്പ്

കോര്‍പ്പറേറ്റ് പ്രഫഷണലുകള്‍ക്കിടയിലെ തിളക്കമാര്‍ന്ന ജോലിയാണിത്. മാനേജീരിയല്‍ തസ്തികയ്‌ക്കോ അതിനു മുകളിലെ വരും കമ്പനി സെക്രട്ടറിയുടെ സ്ഥാനം. കമ്പനിയുടെ ഭരണം, നയപരമായ നടപടികള്‍, മറ്റു സാമ്പത്തിക കാര്യങ്ങളിലെ നിയന്ത്രണം ഇതൊക്കെ കമ്പനി സെക്രട്ടറിക്ക് ചെയ്യേണ്ടതായി വന്നേക്കാം. ഈ രംഗത്ത് ഇപ്പോള്‍ നിരവധി അവസരങ്ങളുണ്ട്. ന്യൂ ഡല്‍ഹി ആസ്ഥാനമായുള്ള ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ ഇന്ത്യയില്‍ ഈ കോഴ്‌സ് നടത്തുന്നുണ്ട്. 

പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യേഗ്യതയുള്ള ആര്‍ക്കും എട്ട് മാസത്തെ  ഫൗണ്ടേഷന്‍ കോഴ്‌സിന് ചേരാം. ബിരുദധാരികള്‍ക്ക് ഒന്‍പത് മാസത്തെ എക്‌സിക്യൂട്ടിവ് പ്രോഗ്രാം ലഭ്യമാണ്. എന്നാല്‍ ഫൈന്‍ ആര്‍ട്‌സ് ബിരുദം നേടിയവര്‍ ഫൗണ്ടേഷന്‍ കോഴ്‌സ് പാസായിരിക്കണം. തുടര്‍ന്ന് 9 മാസത്തെ പ്രഫഷണല്‍ പ്രോഗ്രാം ഉണ്ടായിരിക്കും. തുടര്‍ച്ചയായി 15 മാസം ഏതെങ്കിലും കമ്പനി സെക്രട്ടറിയുടെ കീഴില്‍ പരിശീലനം നേടിയാലെ കോഴ്‌സ് പൂര്‍ണ്ണമാകൂ.

2. ഡാറ്റ അനാലിസിസ്

കമ്പനികളുമായി ബന്ധപ്പെട്ട വിവിധ ഡാറ്റകള്‍ വിശകലനം ചെയ്ത് ബിസിനസ് വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക സ്ഥാനമാണ് ഇപ്പോള്‍ ഡാറ്റ സയന്റിസ്റ്റുമാര്‍ക്കുള്ളത്.പൊതുമേഖലാ സ്ഥാപനങ്ങള്‍ മുതല്‍ മറ്റ് വന്‍കിട കമ്പനികളില്‍ വരെ ജോലി സാധ്യതയുണ്ട് എന്നതിനൊപ്പം ഈ രംഗത്ത് ആകര്‍ഷകമായ ശമ്പളവ്യവസ്ഥകളാണ് എന്നതും പ്രധാനമാണ്. സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയ ശേഷം ഡാറ്റ സയന്‍സ്, അനാലിസിസ് കോഴ്‌സുകള്‍ പഠിക്കാവുന്നതാണ്.

3. ഇ- കൊമേഴ്‌സ്

ഇ- കൊമേഴസിന്റെ വ്യാപനത്തോട് കൂടി ഈ രംഗത്തെ തൊഴില്‍ അവസരങ്ങള്‍ കൂടിയിട്ടുണ്ട്. വെബ് പ്രോഗ്രാമര്‍, ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റര്‍, വെബ്‌പേജ് ഡെവലപ്പര്‍ തുടങ്ങി നിരവധി തൊഴില്‍ സാധ്യതകളാണ് ഇപ്പോള്‍ ഈ മേഖലയില്‍ ഉള്ളത്.ഇന്റർനെറ്റ് മുഖേന സാധനങ്ങളും സേവനങ്ങളും വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന സമ്പ്രദായമാണ് ഇ- കൊമേഴ്‌സ്. 

ഓണ്‍ലൈന്‍ ബാങ്കിങ്, ഇലക്ട്രോണിക് ടിക്കറ്റിങ്, ഇന്‍സ്റ്റന്റ് മെസേജിങ്, സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡാറ്റാ എക്സ്ചേഞ്ച്, ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ ഇവയൊക്കെ ഇ-കൊമേഴ്സിന്റെ ഭാഗം തന്നെയാണ്.

വിവിധ കംപ്യൂട്ടര്‍ സോഫ്റ്റുവെയറുകളില്‍ പ്രാവീണ്യം ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.പ്ലസ് ടു കഴിഞ്ഞവര്‍ക്കു ഇ -കൊമേഴ്‌സ് ബിരുദത്തിനു ചേരാം. B.Ecom, BBA - E Commerce തുടങ്ങിയവയാണു പ്രധാന കോഴ്‌സുകള്‍. ചില സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുമുണ്ട്. ബിരുദ ധാരികള്‍ക്കായി  പി ജി, പി .ജി ഡിപ്ലോമ കോഴ്‌സുകളും ലഭ്യമാണ്.

4. കെമിക്കല്‍ സയന്‍സ്

കെമിക്കല്‍ എന്‍ജിനിയറിങ് പോലെ തന്നെ ആകര്‍ഷകമാണ്് കെമിക്കല്‍ സയന്‍സ് കോഴ്‌സുകളും. വിദേശത്ത് ഉള്‍പ്പെടെ നിരവധി ജോലി സാധ്യതയാണ് കെമിക്കല്‍ സയന്റിസ്റ്റിന് ഉള്ളത്. പുതിയ ഉത്പന്നങ്ങള്‍  വികസിപ്പിക്കുന്നതിനും മറ്റുമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് കെമിക്കല്‍ സയന്റിസ്റ്റുകളുടെ സഹായവും ഗവേഷണവും കൂടിയേ തീരൂ. കമ്പനികളുടെ ഉത്പാദന, ഉത്പാദന ഇതര മേഖലകളില്‍ ജോലി ചെയ്യേണ്ടതായി വന്നേക്കാം.

രസതന്ത്രത്തിന്റെ പ്രായോഗികതയിലും ഗവേഷണങ്ങളിലും അധിഷ്ഠിതമായ പഠനമായിരിക്കും എന്നതിനാല്‍ കോഴ്‌സ് തെരഞ്ഞെടുക്കുന്നവര്‍ കെമിസ്ട്രിയില്‍ താല്‍പ്പര്യം ഉള്ളവര്‍ ആയിരിക്കണം. ഓര്‍ഗാനിക് കെമിസ്ട്രി, ഇന്‍ ഓര്‍ഗാനിക് കെമിസ്ട്രി, മെഡിക്കല്‍ കെമിസ്ട്രി, ഫോട്ടോ കെമിസ്ട്രി തുടങ്ങി നിരവധി വിഷയങ്ങള്‍ ഇതിന്റെ പരിധിയില്‍ വരുന്നു.

പെട്രോളിയം ഉത്പന്നങ്ങള്‍, റബ്ബര്‍, പ്ലാസ്റ്റിക്, ഫാര്‍മസ്യൂട്ടിക്കല്‍സ്, രാസവളങ്ങള്‍, മെറ്റല്‍, സിമന്റ് എന്നിവയുടെയൊക്കെ ഉത്പാദന രംഗത്തും അനുബന്ധ മേഖലകളിലും നിരവധി അവസരങ്ങള്‍ ഉണ്ട്. സയന്‍സ് ബിരുദധാരികള്‍ക്ക് കെമിക്കല്‍ സയന്‍സിന്റെ വിവിധ മേഖലകളില്‍ ഉപരിപഠനവും ഗവേഷണവും നടത്താം.


5. ഫൂഡ് സയന്‍സ് /ഫൂഡ് ടെക്‌നോളജി
 
ഫൂഡ് ടെക്‌നോളജിയുടെ ഒരു ശാഖ തന്നെയാണ് ഫൂഡ് സയന്‍സ്. ഫൂഡ് എന്‍ജിനിയറിങ്, ഫൂഡ് കെമിസ്ട്രി ആന്‍ഡ് ന്യൂട്രീഷന്‍, ഫൂഡ് മൈക്രോ ബയോളജി, ഫൂഡ് ക്വാളിറ്റി ആന്‍ഡ് സേഫ്റ്റി തുടങ്ങിയ മേഖലകളില്‍ ഫൂഡ് സയന്‍സ് ബിരുദധാരികള്‍ക്ക് ശോഭിക്കാം. പി.ജി കോഴ്‌സുകളും ലഭ്യമാണ്. ഇന്ത്യയിലും വിദേശത്തും ഗവേഷണ സാധ്യതകളും ഉണ്ട്.

ഭക്ഷ്യോല്‍പ്പാദന രംഗത്തും സംസ്‌കരണ, പാക്കേജിങ്, പ്രിസേര്‍വിങ് രംഗത്തുമെല്ലാം നിരവധി അവസരങ്ങള്‍ ആണുള്ളത്. ഫൂഡ് ലാബുകളിലെ ലാബ് ടെക്‌നീഷ്യന്‍, ഫൂഡ് പ്രോസസ്സിങ് ഓപ്പറേറ്റര്‍, റിസേര്‍ച്ച് സയന്റിസ്റ്റ്‌സ് തുടങ്ങിയ നിരവധി പ്രൊഫൈലുകള്‍ക്കൊപ്പം ഫൂഡ് പ്രോസസിങ് കമ്പനികളിലും റിസേര്‍ച്ച് ലബോറട്ടറികളിലും അവസരങ്ങള്‍ ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com