ADVERTISEMENT

ജീവിതത്തിൽ ആരാകണം എന്ന ചെറുപ്പം മുതലുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്താറായിരിക്കുന്നു. ഇഷ്ടമുള്ളത് പഠിക്കാനും അതിനനുസരിച്ചുള്ള ജോലി നേടാനുമുള്ള സമയമായി. വിദ്യാഭ്യാസ ചെലവ്‌ ഓരോ ദിവസവും ഉയര്‍ന്ന്‌ വരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ വായ്‌പയെ ആശ്രയിക്കാതെ മുന്നോട്ടുള്ള പഠനം കൊണ്ടു പോകാനാകില്ല. എന്നാല്‍, വിവിധ ബാങ്കുകള്‍ വ്യത്യസ്‌ത തരത്തിലുള്ള വായ്‌പ പദ്ധതികള്‍ ലഭ്യമാക്കുന്നതിനാല്‍ ഇതില്‍ ഏറ്റവും അനുയോജ്യമായത്‌ തിരഞ്ഞെടുക്കുക എന്നത്‌ ശ്രമകരമാണ്‌. 

പഠന ചെലവ്‌ പൂര്‍ണമായി വഹിക്കുന്നതിന്‌ പുറമെ എളുപ്പത്തില്‍ കിട്ടാവുന്നതും കുറഞ്ഞ പലിശ നിരക്കുള്ളതുമായ വിദ്യാഭ്യാസ വായ്‌പകള്‍ ആണ്‌ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തേടി കൊണ്ടിരിക്കുന്നത്‌. പൊതുമേഖലയില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നുമുള്ള ബാങ്കുകള്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ വ്യത്യസ്‌ത തരം വായ്‌പ പദ്ധതികള്‍ ഇന്ന്‌ ലഭ്യമാക്കുന്നുണ്ട്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രവേശനം ലഭിച്ച കോളേജ്‌/ /യൂണിവേഴ്‌സിറ്റി , കോഴ്‌സ്‌, കാലയളവ്‌, പഠന ചെലവുകള്‍, ഇന്ത്യയിലാണോ വിദേശത്താണോ പഠനം എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ ആശ്രയിച്ചാണ്‌ ബാങ്കുകള്‍ വായ്‌പ ലഭ്യമാകുന്നത്‌. 

വിദ്യാഭ്യാസ വായ്‌പ തിരഞ്ഞെടുക്കുമ്പോള്‍ വിവിധ ബാങ്കുകള്‍ ലഭ്യമാക്കുന്ന വിദ്യാഭ്യാസ വായ്‌പകള്‍ താരതമ്യം ചെയ്യുന്നത്‌ ഏറ്റവും അനുയോജ്യമായത്‌ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കും.

1. എസ്‌ബിഐ വിദ്യാഭ്യാസ വായ്‌പ

വ്യത്യസ്‌ത തരം വിദ്യാഭ്യാസ വായ്‌പകള്‍ എസ്‌ബിഐ ലഭ്യമാക്കുന്നുണ്ട്‌. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനും വിദേശത്ത്‌ വിദ്യാഭ്യാസം നേടുന്നതിനും എസ്‌ബിഐയില്‍ നിന്നും വായ്‌പ ലഭ്യമാകും. വൊക്കേഷണല്‍ കോഴ്‌സുകള്‍ക്ക്‌ വേണ്ടിയും എസ്‌ബിഐയില്‍ നിന്നും വായ്‌പ എടുക്കാം.

എസ്‌ബിഐ വിദ്യാഭ്യാസ വായ്‌പയുടെ പ്രധാന ആകര്‍ഷണങ്ങള്‍

∙ ആകര്‍ഷകമായ പലിശ നിരക്ക്‌

∙പ്രോസസിങ്‌ ഫീസ്‌ ഇല്ല

∙100% വായ്‌പ തുക

∙ വളരെ വേഗം വായ്‌പ അനുദിച്ചു കിട്ടും

 

പലിശ നിരക്ക്‌ (2019 ജൂലൈ10ന് എസ്ബിഐയുടെ വെബ് സൈറ്റിൽ വന്ന കണക്കുകളനുസരിച്ച്)

8.45 ശതമാനം മുതല്‍ 10.65 ശതമാനം വരെ

വായ്‌പ കാലാവധി 

15 വര്‍ഷം

പരമാവധി വായ്‌പ തുക

ഇന്ത്യയിലെ പഠനത്തിന്‌ 10 ലക്ഷം രൂപ വരെ

വിദേശ പഠനത്തിന്‌ 20 ലക്ഷം രൂപ വരെ

ഐഐടി, ഐഐഎം ,ഐഎസ്‌ബി പഠനത്തിന്‌ 40 ലക്ഷം രൂപ വരെ 

മാര്‍ജിന്‍

നാല്‌ ലക്ഷം രൂപ വരെ മാര്‍ജിന്‍ ഇല്ല

നാല്‌ ലക്ഷത്തിന്‌ മുകളില്‍ ഇന്ത്യയിലെ കോഴ്‌സിന്‌ 5 % വും വിദേശ കോഴ്‌സിന്‌ 15 % വും മാര്‍ജിന്‍

വിവിധ സ്‌കീമുകള്‍

∙എസ്‌ബിഐ സ്‌റ്റുഡന്റ് ലോണ്‍ - ഇന്ത്യയിലെ പഠനത്തിന്‌ വേണ്ടി ലഭ്യമാക്കുന്ന വായ്‌പ

∙എസ്‌ബിഐ ഗ്ലോബല്‍ അഡ്വാന്റേജ്‌- വിദേശ പഠനത്തിന്‌ ലഭ്യമാക്കുന്ന വായ്‌പ

∙എസ്‌ബിഐ സ്‌കോളര്‍ സ്‌കീം- ഐഐടി, ഐഐഎം, ഐഎസ്‌ബി പോലുള്ള ഇന്ത്യയിലെ മുന്‍നിര വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പഠനത്തിനുള്ള വായ്‌പ

∙എസ്‌ബിഐ ടേക്‌ ഓവര്‍ ഫോര്‍ എജ്യുക്കേഷന്‍ ലോണ്‍ - നിലവിലെ വിദ്യാഭ്യാസ വായ്‌പ എസ്‌ബിഐയിലേക്ക്‌ മാറ്റി മാസ അടവില്‍ കുറവ്‌ വരുത്തുന്നതിന്‌ വേണ്ടിയുള്ള സ്‌കീം

2. കനറ ബാങ്ക്‌ വിദ്യാഭ്യാസ വായ്‌പ

ഇന്ത്യയിലും വിദേശത്തും ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക്‌ കനറ ബാങ്ക്‌ വിദ്യാഭ്യാസ വായ്‌പ ലഭ്യമാക്കുന്നുണ്ട്‌. വിദ്യാര്‍ത്ഥികളുടെ ആവശ്യം അടിസ്ഥാനമാക്കിയാണ്‌ വായ്‌പ ലഭ്യമാക്കുന്നത്‌. വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്ന കോഴ്‌സിനും കോളേജിനും അനുസരിച്ചായിരിക്കും വായ്‌പ തുക ലഭ്യമാക്കുന്നത്‌ . ഇന്ത്യയിലെ പഠനത്തിന്‌ ലഭിക്കുന്ന പരമാവധി വായ്‌പ തുക 10 ലക്ഷം രൂപയും വിദേശ പഠനത്തിന്‌ ലഭിക്കുന്ന വായ്‌പ തുക 20 ലക്ഷം രൂപയുമാണ്‌. 4 ലക്ഷം വരെയുള്ള വായ്‌പക്ക്‌ ഈട്‌ ആവശ്യമില്ല. വൊക്കേഷണല്‍ എജ്യുക്കേഷനും ട്രെയിനിങ്ങിനും കനറ ബാങ്ക്‌ വായ്‌പ ലഭ്യമാക്കുന്നുണ്ട്‌. 

കനറ ബാങ്ക്‌  വിദ്യാഭ്യാസ വായ്‌പയുടെ ഗുണങ്ങള്‍ 

∙ താഴ്‌ന്ന പലിശ നിരക്ക്‌

∙കുറഞ്ഞ പേപ്പര്‍വര്‍ക്ക്‌

∙പ്രോസസിങ്‌ ഫീസ്‌ ഇല്ല

∙വേഗത്തില്‍ വായ്‌പ വിതരണം

∙പ്രീപേമെന്റ്‌ ചാര്‍ജുകള്‍ ഇല്ല

∙പ്രീ- ക്ലോഷര്‍ ചാര്‍ജുകള്‍ ഇല്ല

യോഗ്യത

കോഴ്‌സിന്‌ പ്രവേശനം ലഭിക്കണം

വായ്‌പ കാലാവധി

15 വര്‍ഷം വരെ

വായ്‌പ തുക

ഇന്ത്യയിലെ പഠനത്തിന്‌ 10 ലക്ഷം രൂപ വരെ 

വിദേശ പഠനത്തിന്‌ 20 ലക്ഷം രൂപ വരെ

ഐഐടി, ഐഐഎം,ഐഎസ്‌ബി പഠനത്തിന്‌ 20 ലക്ഷം വരെ

മാര്‍ജിന്‍

നാല്‌ ലക്ഷം രൂപ വരെ മാര്‍ജിന്‍ ഇല്ല, 

ഇന്ത്യയിലെ പഠനത്തിന്‌ നാല്‌ ലക്ഷത്തിന്‌ മുകളില്‍ ഉള്ള വായ്‌പയ്‌ക്ക്‌ 5 % മാര്‍ജിന്‍

വിദേശ പഠനത്തിന്‌ നാല്‌ ലക്ഷത്തിന്‌ മുകളില്‍ ഉള്ള വായ്‌പക്ക്‌ 15 % മാര്‍ജിന്‍

പലിശ നിരക്ക്‌ 

4-7.5 ലക്ഷം വരെ- 10.70 % , പെണ്‍കുട്ടികള്‍ക്ക്‌ 10.20 %

7.5 ലക്ഷത്തിന്‌ മുകളില്‍- 10.50 % , പെണ്‍കുട്ടികള്‍ക്ക്‌ 9.95 %

പ്രോസസിങ്‌ ഫീസ്‌ ഇല്ല

കോഴ്‌സുകള്‍

പ്രൊഫഷണല്‍/ സാങ്കേതിക കോഴ്‌സുകള്‍ യുജിസി/ സര്‍ക്കാര്‍ അംഗീകൃത കോളേജുകളിലെ ബിരുദം, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍, ഐഐഎം,ഐഐടി കോഴ്‌സുകള്‍

വായ്‌പയില്‍ ഉള്‍പ്പെടുന്ന ചെലവുകള്‍

കോഴ്‌സ്‌ ഫീസ്‌, ബുക്കുകള്‍, പഠനോപകരണങ്ങള്‍, യൂണിഫോം , ഹോസ്‌റ്റല്‍ ഫീ, പരീക്ഷ ഫീസ്‌, യാത്രാ ചെലവ്‌ 

വിവിധ വായ്‌പ സ്‌കീമുകള്‍

. വൊക്കേഷണല്‍ എജ്യുക്കേഷന്‍ ട്രെയ്‌നിങിന്‌ പ്രത്യേക സ്‌കീം

. വിദ്യാ സഹായ്‌

. വിദ്യ തുരന്ത്‌

3. എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ വിദ്യാഭ്യാസ വായ്‌പ

ഇന്ത്യയിലെ പഠനത്തിന്‌ വേണ്ടിയും വിദേശ പഠനത്തിന്‌ വേണ്ടിയും എച്ച്‌ഡ്‌എഫ്‌സി ബാങ്കിന്റെ വിദ്യാഭ്യാസ വായ്‌പകള്‍ ലഭിക്കും. 

എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ വിദ്യാഭ്യാസ വായ്‌പയുടെ ഗുണങ്ങള്‍

∙ താഴ്‌ന്ന പലിശ നിരക്ക്‌

∙കുറഞ്ഞ പേപ്പര്‍ ജോലികൾ

?‌∙വേഗത്തില്‍ വിതരണം

∙ലളിതമായ നടപടിക്രമങ്ങള്‍

യോഗ്യത 

കോഴ്‌സിന്‌ പ്രവേശനം നേടണം

വായ്‌പ കാലാവധി

15 വര്‍ഷം വരെ

വായ്‌പ തുക

ഇന്ത്യയിലെ പഠനത്തിന്‌ 10 ലക്ഷം രൂപ വരെ 

വിദേശ പഠനത്തിന്‌ പരിധിയില്ല

പലിശ നിരക്ക്‌ 

9.4%- 14.13 % വരെ

പ്രോസസിങ്‌ ഫീസ്‌

ഇന്ത്യയിലെ പഠനത്തിന്‌ വായ്‌പ തുകയുടെ 1 ശതമാനം അല്ലെങ്കില്‍ 1000 രൂപ (ഏതാണോ വലുത്‌ ) 

വിദേശ പഠനത്തിന്‌ വായ്‌പ തുകയുടെ 1.5 ശതമാനം വരെ

മാര്‍ജിന്‍ 

നാല്‌ ലക്ഷം രൂപ വരെ മാര്‍ജിന്‍ ഇല്ല

ഇന്ത്യയിലെ പഠനത്തിന്‌ നാല്‌ ലക്ഷത്തിന്‌ മുകളില്‍ വരുന്ന വായ്‌പക്ക്‌ 5% ശതമാനം മാര്‍ജിന്‍

തിരച്ചടവ്‌ കാലാവധി

7.5 ലക്ഷം വരെയുള്ള വായ്‌പകള്‍ക്ക്‌ 10 വര്‍ഷം വരെ 

7.5 ലക്ഷത്തിന്‌ മുകളില്‍ ഉള്ള വായ്‌പകള്‍ക്ക്‌ 15 വര്‍ഷം വരെ

4. എച്ച്‌ ഡിഎഫ്‌സി ക്രഡില്ല

എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ ക്രഡില്ലയുമായി ചേര്‍ന്ന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരുടെ ഇഷ്ടാനുസരണം 38 രാജ്യങ്ങളിലെ 2500 റിലേറെ സ്ഥാപനങ്ങളിലെ 1500ല്‍പരം കോഴ്‌സുകള്‍ തിരഞ്ഞെടുത്ത്‌ പഠിക്കുന്നതിനുള്ള വിദ്യാഭ്യാസ വായ്‌പ ലഭ്യമാക്കുന്നുണ്ട്‌. വിദ്യാഭ്യാസ വായ്‌പയ്‌ക്ക്‌ മാത്രമായുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഉപകമ്പനിയാണ്‌ എച്ച്‌ഡിഎഫ്‌സി ക്രഡില്ല. പഠന ചെലവിനായി 100 ശതമാനം വായ്‌പതുകയും ലഭ്യമാക്കുന്ന ക്രഡില്ലയുടെ പലിശ നിരക്ക്‌ ആകര്‍ഷകമാണ്‌. 

ഡോക്യുമെന്റേഷന്‍ വളരെ എളുപ്പമായതിനാല്‍ വളരെ വേഗത്തില്‍ വായ്‌പ ലഭ്യമാകും. ഇന്ത്യയിലും വിദേശത്തുമുള്ള ഉന്നത പഠനത്തിന്‌ ആവശ്യമായ വായ്‌പ എച്ച്‌ഡിഎഫ്‌സി ക്രഡില്ല ലഭ്യമാക്കുന്നുണ്ട്‌. 

പഠന നിലവാരം, സ്ഥാപനം, ജോയിന്റ്‌ ആപ്ലിക്കന്റിന്റെ വിവരങ്ങള്‍ , ഈട്‌ എന്നിവ അടിസ്ഥാനമാക്കി വ്യത്യസ്‌ത തരത്തിലുള്ള പലിശ നിരക്കാണ്‌ വായ്‌പ എടുക്കുന്ന ഓരോരുത്തര്‍ക്കും ക്രഡില്ല ലഭ്യമാക്കുന്നത്‌. അപേക്ഷകന്റെ വിശ്വാസ്യത, വായ്‌പ ചരിത്രം,സാമ്പത്തിക ശേഷി എന്നിവ കൂടി വിലയിരുത്തും. 

സവിശേഷതകള്‍

∙പ്രവേശനം ഉറപ്പാകുന്നതിന്‌ മുമ്പ്‌ വായ്‌പ അനുവദിച്ച്‌ കിട്ടും

∙ഡോര്‍സ്‌റ്റെപ്‌ സര്‍വീസ്‌

∙മാര്‍ജിന്‍ തുക ആവശ്യമില്ല

∙സെക്ഷന്‍ 8ഇ പ്രകാരം നികുതി ആനുകൂല്യം

∙ഫ്‌ളോട്ടിങ്‌ പലിശ നിരക്ക്‌ 

∙പഠന ചെലവിന്റെ 100 ശതമാനം വായ്‌പ അനുവദിക്കും . 20 ലക്ഷം രൂപയ്‌ക്ക്‌ മുകളിലും വായ്‌പ ലഭിക്കും.

∙ഹോസ്‌റ്റല്‍ ഫീസ്‌, ബുക്ക്‌, ഫീസ്, ട്യൂഷന്‍ ഫീസ്‌, യാത്ര ചെലവ്‌ എന്നിവ എച്ച്‌ഡിഎഫ്‌സിയുടെ വിദേശ പഠനത്തിനുള്ള വായ്‌പയില്‍ ഉള്‍പ്പെടും.

∙1.5 ശതമാനമാണ്‌ പ്രോസസിങ്‌ ഫീസ്‌

∙പഠന ശേഷം തിരിച്ചടവ്‌ തുടങ്ങുകയോ അല്ലെങ്കില്‍ പഠന കാലയളവില്‍ പലിശ അടക്കാനുള്ള അവസരം തിരഞ്ഞെടുക്കുകയോ ചെയ്യാം.

∙നാല്‌ ലക്ഷം വരെയുള്ള വായ്‌പക്ക്‌ ഈട്‌ ആവശ്യമില്ല. 4 മുതല്‍ 7.5 ലക്ഷം രൂപയുടെ വായ്‌പയ്‌ക്കും ഈട്‌ വേണ്ട. പക്ഷെ തേര്‍ഡ്‌ പാര്‍ട്ടി ഗ്യാരന്റി വേണം. 7.5 ലക്ഷത്തിന്‌ മുകളിലുള്ള വായ്‌പയ്‌ക്ക്‌ ഈട്‌ ആവശ്യമാണ്‌.

 

വിദ്യാലക്ഷ്‌മി പോര്‍ട്ടല്‍ വഴി വിദ്യാഭ്യാസ വായ്‌പക്ക്‌ അപേക്ഷിക്കുന്നത്‌ എങ്ങനെ?

വിദ്യാഭ്യാസ വായ്‌പ എടുക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ പല ബാങ്കുകള്‍ കയറി ഇറങ്ങി സമയം പാഴാക്കേണ്ടതില്ല. നിങ്ങള്‍ക്ക്‌ അനുയോജ്യമായ വിദ്യാഭ്യാസ വായ്‌പ കണ്ടെത്താന്‍ സര്‍ക്കാരിന്റെ വിദ്യാലക്ഷ്‌മി വെബ്‌സൈറ്റ്‌ സഹായിക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ എവിടെ നിന്നും ഏത്‌ സമയത്തും വിവിധ ബാങ്കുകള്‍ ലഭ്യമാക്കുന്ന വിദ്യാഭ്യാസ വായ്‌പകളെ കുറിച്ച്‌ അറിയാനും താരതമ്യം ചെയ്യാനും അനുയോജ്യമായത്‌ കണ്ടെത്തി അപേക്ഷിക്കാനും അപേക്ഷയുടെ സ്ഥിതി വിലയിരുത്താനും വിദ്യാലക്ഷ്‌മി വെബ്‌സൈറ്റിലൂടെ കഴിയും. 

എസ്‌ബിഐ, കനറ ബാങ്ക്‌, പിഎന്‍ബി, കൊട്ടക്‌ മഹീന്ദ്ര ബാങ്ക്‌, ഫെഡറല്‍ ബാങ്ക്‌, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, ഐസിഐസിഐ ബാങ്ക്‌ ഉള്‍പ്പടെ മുപ്പത്തിയാറോളം ബാങ്കുകള്‍ വിദ്യാലക്ഷ്‌മി പോര്‍ട്ടലില്‍ രജിസ്‌ടര്‍ ചെയ്‌തിട്ടുണ്ട്‌. ഈ ബാങ്കുകള്‍ ലഭ്യമാക്കുന്ന 110 വായ്‌പ സ്‌കീമുകളിൽ നിന്നും അനുയോജ്യമായത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. കേന്ദ്ര ധന, മാനവശേഷി മന്ത്രാലയങ്ങളും ഇന്ത്യന്‍ ബാങ്ക്‌ അസോസിയേഷനും ചേര്‍ന്ന്‌ ആവിഷ്‌കരിച്ച വിദ്യാലക്ഷ്‌മി വിദ്യാഭ്യാസ വായ്‌പ പദ്ധതിയുടെ ലക്ഷ്യം വിദ്യാര്‍ത്ഥികള്‍ക്ക്‌ വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ വിദ്യാഭ്യാസ വായ്‌പ ലഭ്യമാക്കുക എന്നതാണ്‌. 

വിദ്യാലക്ഷ്‌മി പോര്‍ട്ടല്‍ വിദ്യാഭ്യാസ വായ്പാ പദ്ധതിയുടെ ഗുണങ്ങള്‍

∙വിവിധ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്‌പകളെ കുറിച്ചുള്ള വിവരങ്ങള്‍ 

∙വിവിധ വിദ്യാഭ്യാസ വായ്‌പകള്‍ക്ക്‌ പൊതുവായ അപേക്ഷ ഫോം 

∙വിവിധ ബാങ്കുകളിലെ വിദ്യാഭ്യാസ വായ്‌പക്ക്‌ വേണ്ടി ഒരു അപേക്ഷ ഫോം വഴി അപേക്ഷിക്കാന്‍ കഴിയും

∙അപേക്ഷാ ഫോമിന്റെ നിലവിലെ സ്ഥിതി വിദ്യാര്‍ത്ഥികള്‍ക്ക്‌ ഏത്‌ സമയവും വെബ്‌സൈറ്റില്‍ നിന്നും വേഗത്തില്‍ മനസിലാക്കാന്‍ കഴിയും. 

∙വിദ്യാഭ്യാസ സംബന്ധിച്ച്‌ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ബാങ്കിന്റെ ഇ-മെയില്‍ വഴി അന്വേഷിക്കാം. 

∙വായ്‌പയുടെ നടപടിക്രമങ്ങളുടെ സ്ഥിതി യഥാസമയം ബാങ്കുകള്‍ അപ്‌ ലോഡ്‌ ചെയ്യും

∙വിദ്യാര്‍ത്ഥികളുടെ വായ്‌പ അപേക്ഷകള്‍ ബാങ്കുകള്‍ക്ക്‌ ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കാം.

∙സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ദേശീയ സ്‌കോളര്‍ഷിപ്പ്‌ പോര്‍ട്ടലിലേക്കുള്ള ലിങ്ക്‌ 

 പോര്‍ട്ടല്‍ വഴി എങ്ങനെ വിദ്യാഭ്യാസ വായ്‌പക്ക്‌ അപേക്ഷിക്കാം

വിദ്യാലക്ഷ്‌മി വെബ്‌സൈറ്റ്‌ - www.vidyalakshmi.co.in സന്ദര്‍ശിക്കുക. 

∙ പോര്‍ട്ടലില്‍ രജിസ്‌ടര്‍ ചെയ്‌ത്‌ സൈന്‍ ഇന്‍ ചെയ്യുന്നതിന്‌ ഒരു അക്കൗണ്ട്‌ ഉണ്ടാക്കുക.

∙അപ്പോള്‍ ലഭ്യമാകുന്ന പേജില്‍ പേര്‌, ഇമെയില്‍ ഐഡി, തുടങ്ങിയ വിവരങ്ങള്‍ നല്‍കി submit -ല്‍ ക്ലിക്‌ ചെയ്യുക

∙നിങ്ങളുടെ രജിസ്‌ടര്‍ ചെയ്‌ത ഇമെയില്‍ ഐഡിയില്‍ ഒരു ആക്ടിവേഷന്‍ ലിങ്ക്‌ വരും. മെയില്‍ ബോക്‌സില്‍ ചെന്ന്‌ ഈ ലിങ്കില്‍ ക്ലിക്‌ ചെയ്യണം. 24 മണിക്കൂര്‍ മാത്രമാണ്‌ ഈ ലിങ്കിന്റെ സാധുത.

∙ഇ-മെയില്‍ ഐഡിയും പാസ്വേഡും ,കാപ്‌ച്ചയും വീണ്ടും നല്‍കുക

∙വായ്‌പയ്‌ക്ക്‌ വേണ്ടിയുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന്‌ മുമ്പായി ബാങ്കുകള്‍ ലഭ്യമാക്കുന്ന വായ്‌പ സ്‌കീമുകള്‍ ഏതെല്ലാമാണന്ന്‌ നോക്കുക. അതിനായി search for Loan scheme എന്ന ടാബില്‍ ക്ലിക്‌ ചെയ്യുക. 

∙പരമാവധി മൂന്ന്‌ ബാങ്കുകളില്‍ അപേക്ഷിക്കാം. ഓരോ ബാങ്കിന്റെയും ഓരോ സ്‌കീമുകളില്‍ മാത്രമാണ്‌ അപേക്ഷിക്കാന്‍ കഴിയുക.

∙ഇനി വായ്‌പക്ക്‌ അപേക്ഷിക്കുന്നതിനായി അപേക്ഷാ ഫോം പൂരിപ്പിച്ച്‌ നല്‍കണം. 

∙ഇതിനായി കോമണ്‍ എജ്യുക്കേഷന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഫോം ( സി ഇ എൽ എ എഫ്‌ ) പൂരിപ്പിച്ച്‌ നല്‍കണം. വരുമാന സര്‍ട്ടിഫിക്കറ്റ്‌, തിരിച്ചറിയല്‍ രേഖകള്‍, വിദ്യാഭ്യാസ രേഖകള്‍ എന്നിവ അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോള്‍ കൈവശം ഉണ്ടായിരിക്കണം. 

∙വായ്‌പയ്‌ക്ക്‌ വേണ്ടിയുള്ള പൊതു അപേക്ഷാ ഫോം ആണ്‌ കോമണ്‍ എജ്യുക്കേഷന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഫോം( CELAF) ഇന്ത്യന്‍ ബാങ്ക്‌ അസ്സോസിയേഷന്‍ (ഐബിഎ) അംഗീകരിച്ച ഈ ഫോം എല്ലാ ബാങ്കുകളും സ്വീകരിക്കും. 

∙വായ്‌പ തുക, വരുമാനം, ബന്ധപ്പെടേണ്ട വിവരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ വായിച്ചു നോക്കുക. 

∙അപേക്ഷാ ഫോമില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കണം. 

∙വെബ്‌സൈറ്റിലെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക. 

∙യോഗ്യത മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകുന്ന വിവിധ വായ്‌പ സ്‌കീമുകള്‍ പോര്‍ട്ടല്‍ നിര്‍ദ്ദേശിക്കും. 

∙വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരുടെ ആവശ്യം, യോഗ്യത, സൗകര്യം എന്നിവ അനുസരിച്ച്‌ ഇതില്‍ നിന്നും അനുയോജ്യമായ വിദ്യാഭ്യാസ വായ്‌പ തിരഞ്ഞെടുക്കാം. 

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ കോമണ്‍ എജ്യുക്കേഷന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഫോം (CFLAF) പൂരിപ്പിച്ച്‌ സമര്‍പ്പിക്കണം. തുടര്‍ന്ന്‌ നിങ്ങളുടെ വായ്‌പ അപേക്ഷ സ്വീകരിച്ചോ നിരസിച്ചോ എന്ന്‌ പോര്‍ട്ടലില്‍ നിന്ന്‌ അറിയാന്‍ കഴിയും. വായ്‌പ അംഗീകരിക്കുകയാണെങ്കില്‍ , വായ്‌പ തുക നേരിട്ട്‌ നിങ്ങളുടെ അക്കൗണ്ടിലേക്ക്‌ എത്തും. വായ്‌പ നിരസിച്ചാല്‍ ബാങ്കുമായി ബന്ധപ്പെടുക. വായ്‌പ ലഭിക്കുന്നതിന്‌ കൂടുതല്‍ രേഖകള്‍ ലഭ്യമാക്കണം എന്നുണ്ടെങ്കില്‍ അതെ കുറിച്ച്‌ റിമാര്‍ക്‌സ്‌ കോളത്തില്‍ കാണാന്‍ കഴിയും, ആവശ്യമായ രേഖകള്‍ എല്ലാം നല്‍കി കഴിഞ്ഞാല്‍ വായ്‌പ അനുവദിച്ച്‌ കിട്ടും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com