വിദ്യാഭ്യാസ വായ്പ ആരു തിരിച്ചടയ്ക്കണം, വിദ്യാർഥിയോ രക്ഷിതാക്കളോ?

HIGHLIGHTS
  • മക്കള്‍ക്കു വേണ്ടി വായ്പ തിരിച്ചടക്കാന്‍ രക്ഷിതാക്കള്‍ തയ്യാറായിരിക്കുക
piggy broken
SHARE

ചേരുന്ന കോഴ്‌സ് ഏതുമാകട്ടെ, വായ്പ എങ്ങനെ തിരിച്ചടക്കും എന്നതാണ് വിദ്യാഭ്യാസ വായ്പ എടുക്കും മുന്‍പ് വളരെ വിശദമായി അവലോകനം ചെയ്യേണ്ട ഒരു ഘടകം. പഠനം പൂര്‍ത്തിയാക്കി ആറു മാസത്തിനകം മികച്ചൊരു ജോലി ലഭിച്ചാല്‍ വായ്പാ തിരിച്ചടവ് ഒരു പ്രശ്‌നമേ ആവില്ല. പക്ഷേ സ്ഥിതി തിരിച്ചാണെങ്കിലോ?  പലരും വിലയിരുത്താന്‍ മറക്കുന്നത് ഇത്തരമൊരു സാഹചര്യമാണ്. ജാമ്യമില്ലാതെ ലഭിക്കുന്ന ചെറിയ തുകയുടെ വായ്പയായാലും വീടും സ്ഥലവുമെല്ലാം പണയപ്പെടുത്തിയുള്ള താരതമ്യേന വലിയ തുകയുടെ വായ്പയായാലും മികച്ച ജോലി കിട്ടാതെ വന്നാല്‍ എങ്ങനെ തിരിച്ചടക്കും എന്ന് ആദ്യം തന്നെ കണക്കു കൂട്ടണം. പത്തു ലക്ഷം രൂപയുടെ വായ്പയെടുത്തു പഠിക്കുന്നു എന്നു കരുതുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ 10500 രൂപയില്‍ താഴെ പ്രതിമാസം തിരിച്ചടക്കേണ്ടി വരും. ഏകദേശം 25,000 രൂപ ആദ്യ മാസത്തില്‍ തന്നെ ലഭിക്കുന്നവര്‍ക്കേ ഈ തുക ഏറെ ബുദ്ധിമുട്ടില്ലാതെ തിരിച്ചടക്കാനാവൂ. 

കോഴ്‌സ് കഴിഞ്ഞ് ആറു മാസത്തിനു ശേഷവും വായ്പ തിരിച്ചടക്കാനാവാത്ത സ്ഥിതി വന്നാല്‍ എന്തു ചെയ്യും എന്നാണ് ആദ്യം വിലയിരുത്തേണ്ടത്. അക്കാലത്തും മക്കള്‍ക്കു വേണ്ടി വായ്പ തിരിച്ചടക്കാന്‍ രക്ഷിതാക്കള്‍ തയ്യാറായിരിക്കുക എന്നതാണ് ആദ്യ മാര്‍ഗം. വിദ്യാഭ്യാസ വായ്പയെടുത്ത് ആറു മാസമോ ഒരു വര്‍ഷമോ കഴിയുമ്പോള്‍ മുതല്‍ക്കേ രക്ഷിതാക്കള്‍ അതു തിരിച്ചടച്ചു തുടങ്ങിയാല്‍ ഭാവിയില്‍ വലിയ ബാധ്യതകള്‍ ഒഴിവാവാക്കാനാവും. മോറട്ടോറിയം കാലമാണല്ലോ തിരിച്ചടക്കേണ്ടതില്ലല്ലോ എന്നെല്ലാമുള്ള ഔപചാരികമായ വിഷയങ്ങള്‍ ഇവിടെ കണക്കിലെടുക്കേണ്ടതില്ല.

സാധിക്കുമെങ്കില്‍ വായ്പാ അക്കൗണ്ടില്‍ തന്നെ അതു തിരിച്ചടച്ചു തുടങ്ങുക. അല്ലെങ്കില്‍ അതിനു തുല്യമായ തുക മ്യൂചല്‍ ഫണ്ടുകളിലോ മറ്റു നിക്ഷേപ പദ്ധതികളിലോ തുടര്‍ച്ചയായി അടച്ചു കൊണ്ടിരിക്കുകയും പിന്നീട് വായ്പാ തിരിച്ചടവിനായി ഉപയോഗിക്കുകയും ചെയ്യുക. ഇതു വഴി ഭാവിയിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കുക മാത്രമല്ല, മക്കള്‍ക്കു മികച്ച ജോലി ലഭിച്ചാല്‍ ഈ തുക സമ്പാദ്യമാക്കി മാറ്റുവാന്‍ സഹായിക്കുകയും ചെയ്യും. ഇനി ഇക്കാലത്തു വായ്പാ തിരിച്ചടവു തുടങ്ങാനായില്ലെങ്കില്‍ കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ മുതല്‍ രക്ഷിതാക്കള്‍ നിര്‍ബന്ധമായും തിരിച്ചടവു തുടങ്ങിയിരിക്കണം.  

ഇതൊന്നും സാധിക്കാതെ വായ്്പാ തിരിച്ചടവു മുടങ്ങിയാലുള്ള സാഹചര്യവും യുക്തിസഹമായി നേരിടാന്‍ കഴിയണം. കയ്യിലുള്ള സ്വര്‍ണം വിറ്റ് നാലോ അഞ്ചോ ഗഡുക്കള്‍ അടക്കുക, വലിയ തുകയാണെങ്കില്‍ വസ്തു വില്‍ക്കുക തുടങ്ങിയവയൊന്നും ഇവിടെ ആശ്യാസ്യമായ രീതിയല്ല. ബാങ്കിനെ സമീപിച്ചു വായ്പ പുനക്രമീകരിക്കുന്നതാണ് മികച്ചത്. ഓഹരികളും മ്യൂചല്‍ ഫണ്ടുകളും വില്‍ക്കാന്‍ സാധിക്കുന്ന സാഹചര്യമാണെങ്കില്‍ അവയും പരിഗണിക്കാം. ഇങ്ങനെ പുനക്രമീകരിക്കുന്ന വായ്പകള്‍ എന്‍.പി.എ. വിഭാഗത്തില്‍ ഉള്‍പ്പെടില്ലെന്നതാണ് ഏറ്റവും ഗുണകരം. ഇതേ സമയം ഏതെങ്കിലും രീതിയില്‍ എഴുതിത്തള്ളുന്ന വായ്പകള്‍ ക്രെഡിറ്റ് സ്‌ക്കോറിനെ ബാധിക്കുമെന്നും മറക്കരുത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA