sections
MORE

ബാങ്ക് അക്കൗണ്ടോ മ്യൂച്ചൽ ഫണ്ടോ നല്ലത്?

HIGHLIGHTS
  • ഒരുമിച്ചൊരു തുകയോ കൈയിലുള്ളതനുസരിച്ച് ഘട്ടംഘട്ടമായോ നിക്ഷേപിക്കാം
money grow
SHARE

ബാങ്കുകളുടെ സേവിങ്സ് അക്കൗണ്ടിനും കറന്റ് അക്കൗണ്ടിനും പകരമുള്ള മികച്ച പദ്ധതികൾ മ്യൂച്വൽ ഫണ്ടിലുമുണ്ട്. മ്യൂച്ചൽ ഫണ്ടുകളിലെ ലിക്വിഡ് ഫണ്ടുകളും അൾട്രാ ഷോർട് ടേം ഫണ്ടുകളും ഇത്തരത്തിൽ ബാങ്കുകളുടെ എസ്‌ബി–കറന്റ് അക്കൗണ്ട് പോലെ ഉപയോഗിക്കാവുന്നതാണ്. എസ്ബിക്കു 3.5 ഉം കറന്റ് അക്കൗണ്ടിനു പൂജ്യവും പലിശ ലഭിക്കുന്ന സ്ഥാനത്ത് ഇവയ്ക്ക് ആറര ശതമാനത്തിൽ അധികം ആദായം കിട്ടും. റിസക് ഏറ്റവും കുറഞ്ഞ ഫണ്ടുകളാണിവ. 

ബാങ്ക് എഫ്ഡിക്കു സമാനമായി പലതരം ഡെറ്റ് ഫണ്ടുകളും ആസൂത്രണം ചെയ്യാം. അക്രൂവൽ ബേയ്സ് സ്റ്റാറ്റർജി ഫണ്ടുകൾ ആണ് ഇതിനായി പരിഗണിക്കേണ്ടത്. സ്റ്റാറ്റർജിക് ബോണ്ട് ഫണ്ട്, ക്രെഡിറ്റ് റിസ്ക് ഫണ്ട് എന്നിവ ഇതിന് ഉദാഹരണാണ്. ആദായനികുതിദായകർ മൂന്നു വർഷത്തിലധികമുള്ള കാലാവധിയിൽ നിക്ഷേപിക്കുന്നതാണു നല്ലത്. മൂന്നു വർഷത്തിനു മുൻപേ പിൻവലിച്ചാൽ സ്ലാബ് അനുസരിച്ച് നികുതി നൽകണം. എന്നാൽ മൂന്നു വർഷത്തിനു ശേഷമാണെങ്കിൽ പണപ്പെരുപ്പം കുറച്ച ശേഷം ഉള്ള നേട്ടത്തിനു (ഇൻഡക്സേഷൻ ബെനിഫിറ്റ്) നികുതി നൽകിയാൽ മതി. 

അതായത്, നിങ്ങൾ ഇട്ട നൂറു രൂപ കാലാവധിക്കു ശേഷം 107 രൂപയായി എന്നിരിക്കട്ടെ. അക്കാലയളവിലെ പണപ്പെരുപ്പം അഞ്ചു ശതമാനമാണെങ്കിൽ കിട്ടിയ ഏഴു രൂപയുടെ സ്ഥാനത്ത് രണ്ടു രൂപയ്ക്ക് (7–5) നികുതി നൽകിയാൽ മതി. 

എന്നിരുന്നാലും ബാങ്ക് സ്ഥിരനിക്ഷേപം ഒരു ലക്ഷം രൂപ വരെ പൂർണസുരക്ഷിതമാണ്. എത്ര ആദായം കിട്ടുമെന്ന് അറിയാം. അത് ഗാരന്റീഡ് ആണ്. മ്യൂച്വൽ ഫണ്ടിലാകട്ടെ ഇതൊന്നും കൃത്യമായി പറയാനാകില്ല.

മ്യൂച്വൽ ഫണ്ടിൽ ഘട്ടംഘട്ടമായി നിക്ഷേപിക്കുന്നതിന് അവസരമൊരുക്കുന്ന എസ്ഐപി എന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ നിക്ഷേപകർക്ക് പ്രിയങ്കരമാണ്. ബാങ്ക് റിക്കറിങ് ഡിപ്പോസിറ്റിനു സമാനമാണിതെന്നു പറയാം. കയ്യിലൊതുങ്ങുന്ന തുക  ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിച്ച് ഒരു ലക്ഷ്യത്തിനായി വലിയ സമ്പത്ത് വളർത്താനുള്ള  മികച്ച വഴിയാണിത്. എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കാം. വിപണിയുടെ ഇടിവിൽ ഇത്തരം നിക്ഷേപമുള്ളവർക്ക് കാര്യമായ ആശങ്കയ്ക്ക് വകയില്ല.  നിങ്ങളുടെ ഒരു സാമ്പത്തികലക്ഷ്യത്തിനു വേണ്ടിയാകണം എസ്ഐപിയിൽ ചേരേണ്ടത്. അത് ഒരിക്കലും ഒന്നോ രണ്ടോ മൂന്നോ വർഷത്തേക്ക് ആകരുത്. മക്കളുടെ വിവാഹം, വിദ്യാഭ്യാസം, നിങ്ങളുടെ റിട്ടയർമെന്റ് എന്നിവ പോലെ പത്തോ അതിലധികമോ വർഷത്തേക്കു വേണം. ഇക്വിറ്റി ഫണ്ടിലെ എസ്ഐപി പോലെ 10–20 വർഷ കാലയളവുകൊണ്ട് സമ്പത്തു വളർത്താൻ മറ്റൊരു നിക്ഷേപ പദ്ധതിയില്ല.

വലിയ ഒരു തുക ഒന്നിച്ചു നിക്ഷേപിച്ച് ലാഭവീതം മാസംതോറും നേടാൻ അവസരമുണ്ട്. ഒറ്റത്തവണയായി അടയ്ക്കാൻ പണമുണ്ടെങ്കിൽ അതു ചെയ്യാം. പക്ഷേ, ഇത് ഒരിക്കലും ഗാരന്റീഡ് അല്ല. വിപണി ചാഞ്ചാട്ടം അനുസരിച്ചു മാസവരുമാനത്തിൽ വ്യത്യാസം വരും. മാത്രമല്ല, ഈ കിട്ടുന്ന ഡിവിഡൻഡിനു നികുതിയും നൽകണം. ഇക്വിറ്റി ഫണ്ടിലെ സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ (എസ്‌ഡബ്ല്യുപി) മാസവരുമാനത്തിനു ഉപയോഗപ്പെടുത്താം. ലഭ്യമായ പലതരം ഫണ്ടുകളിൽ നിന്ന് നിങ്ങളുടെ റിസ്ക് എടുക്കാനുള്ളശേഷി‌, നിക്ഷേപലക്ഷ്യം,  നിലവിലുള്ള സാമ്പത്തികവും സാമൂഹികവും ആയ ബാധ്യതകൾ, നിലവിലുള്ള വരുമാനം, വയസ്സ്, ആദായനികുതി സ്ലാബ് എന്നീ ഘടകങ്ങൾ  വിലയിരുത്തി വേണം ഏതുതരം ഫണ്ടാണു യോജിക്കുക എന്നു തീരുമാനിക്കേണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA