ADVERTISEMENT

ഒരു വീടിന്റെ ബജറ്റ് എന്നത് അതുമായി ബന്ധപ്പെട്ട ആകെ ചെലവാണ്. എന്നാൽ പലപ്പോഴും ഇത് വീടിനു മാത്രം മുടക്കുന്ന തുകയായി തെറ്റിദ്ധരിക്കപ്പെടുന്നു. സ്ക്വയർ ഫീറ്റിനു 2,000 രൂപ നിരക്കിൽ വീടൊരുക്കാമെന്ന അറിവുമായി വീടു പണി തുടങ്ങുന്ന വ്യക്തി 2,000 സ്ക്വയർ ഫീറ്റ് പണിയാൻ കയ്യിൽ കരുതുക 40 ലക്ഷം (2,000x2000) രൂപയാണ്. അതാണ് അദ്ദേഹത്തിന്റെ ‘ബജറ്റ്.’ പക്ഷേ യഥാർഥത്തിൽ അതു വീടു മാത്രം പണിയാൻ വേണ്ടിവരുന്ന തുകയാണ്. കരാറിൽ പറയാത്ത എക്സ്ട്രാ ജോലികളിൽ തുടങ്ങി വീടിനു മുന്നിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതുവരെയുള്ള ചെലവുകൾ അനുബന്ധമായുണ്ട്.

ചെലവുകൾ പലവിധം

ആർക്കിടെക്റ്റ് ഫീ, ഇന്റീരിയർ കൺസൾട്ടിങ്, വിവിധങ്ങളായ സർക്കാർ ഫീസുകൾ, ഇലക്ട്രിക് കണക് ഷൻ, വാട്ടർ കണക് ഷൻ, ഗേറ്റ്, മതിൽ, ഗാർഡൻ, മുറ്റത്തെ ടൈലുകൾ, പുറകുവശത്ത് തുണിയുണങ്ങാനുള്ള സൗകര്യം, ട്രസ്റൂഫ്, സെപ്ടിക് ടാങ്ക്, കിണറ്റിലെ മോട്ടോർ, സോളാർ വാട്ടർ ഹീറ്റർ, ഇൻവേർട്ടർ തുടങ്ങി ഗേറ്റിനു മുന്നിൽ, ഓടയ്ക്കു മുകളിലെ സ്ളാബുകൾ വരെ മേൽപ്പറഞ്ഞ 2,000 രൂപയിൽ ഉൾപ്പെടില്ല.

ഇതു കൂടാതെ വീടുകയറിത്താമസവുമായി ബന്ധപ്പെട്ട ചെലവുകൾ വേറെ വരുന്നു. വീടുപണിത തൊഴിലാളികളിൽ 50 പേരെയെങ്കിലും പാലുകാച്ചലിനു ക്ഷണിക്കുമെന്നു കരുതുക. അവർക്ക് ഒരു നേരത്തെ ഭക്ഷണവും ഒരു ദിവസത്തെ കൂലിയും നൽകിയാൽ തന്നെ പണമെത്രയാകും? നാട്ടുകാരെയും വീട്ടുകാരെയും ക്ഷണിച്ചുള്ള വിഭവസമൃദ്ധമായ സദ്യ പിറകെ വരുന്നു. എത്ര ചുരുക്കിയാലും വീടുകേറിത്താമസത്തിനു രണ്ടോ മൂന്നോ ലക്ഷം രൂപ ചെലവാകും.

ഇതെല്ലാം കൂട്ടിനോക്കിയാൽ ബജറ്റിന്റെ പകുതിയോളം കൂടി വരും. വീട്ടുകാരന്റെ കണക്കുകൂട്ടലുകൾ തെറ്റുന്നത് ഇവിടെയാണ്. പിന്നെ കിട്ടാവുന്നവരോടെല്ലാം പലിശയ്ക്കും അല്ലാതെയും കടം വാങ്ങി എങ്ങനെയെങ്കിലും പുതിയ വീട്ടിലേക്കു കാലെടുത്തു വയ്ക്കുകയേ മാർഗമുള്ളൂ.  

ഇതൊഴിവാക്കാനുള്ള നടപടികൾ പ്ലാനിങ് ഘട്ടത്തിൽ തന്നെയാണ് വേണ്ടത്. വീടുമായി ബന്ധപ്പെട്ട് വരാവുന്ന എല്ലാ ചെലവുകളും കണക്കുകൂട്ടി വേണം ഫൈനൽ എസ്റ്റിമേറ്റ് അല്ലെങ്കിൽ ബജറ്റ് തയാറാക്കാൻ. മുൻകൂർ കണക്കുകൂട്ടിയെടുക്കാൻ കഴിയാത്ത ഒരു ചെലവും വീടു നിർമാണവുമായി ബന്ധപ്പെട്ടില്ല. ഇനി അത്തരത്തിൽ എന്തെങ്കിലും െചലവു വന്നാൽ അതിനായി ഒരു വിഹിതവും ബജറ്റിൽ കരുതാം. ഇങ്ങനെ ദീർഘവീക്ഷണത്തോടെ വീട് നിർമാണവും ബജറ്റും പ്ലാൻ ചെയ്താൽ ബേജാറില്ലാതെ കാര്യങ്ങൾ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com