ADVERTISEMENT

ക്രെഡിറ്റ് കാർഡ് ശീലമാക്കുന്നവരുടെ അമിത ആത്മവിശ്വാസമാണ് കാർഡ് ഉണ്ടല്ലോ പിന്നെന്താ പേടിക്കാൻ എന്നത്. ഉദാഹരണത്തിന് നാം മുണ്ടു മുറുക്കിയുടുക്കുന്ന മാസാവസാനദിനങ്ങളിൽ സൂപ്പർമാർക്കറ്റിൽ കയറുകയാണെന്നു കരുതുക. കണ്ണെത്തുന്നിടത്തും ചെവിയെത്തുന്നിടത്തും ഓഫറുകളും സ്കീമുകളും കൊണ്ടു നിറഞ്ഞിരിക്കുന്ന ഒരു കെണിക്കൂടാണ് സൂപ്പർമാർക്കറ്റുകൾ എന്നറിയാമല്ലോ. 

അവശ്യസാധനങ്ങൾ വാങ്ങിയശേഷമായിരിക്കും നമ്മുടെ കണ്ണുകൾ ഈ ഓഫറുകളിലേക്കു തിരിയുക. വലിയ ഉപകാരമില്ലെങ്കിലും ആ സൗജന്യം വിട്ടുകളയണോ എന്ന് നമ്മളൊന്നു സംശയിക്കും. കയ്യിൽ കാശില്ലെങ്കിൽ നമ്മളാ വഴിയിലേക്കു നോക്കുക പോലുമില്ല. പക്ഷേ, കാർഡാണ് കയ്യിലെങ്കിൽ ആ ഓഫർ നമ്മെ മോഹിപ്പിക്കും. സ്വന്തമാക്കാനുള്ള പ്രവണത നമുക്കുള്ളിൽ ഉയരും.  ഇങ്ങനെ ചെലവിടാനുള്ളതല്ല ക്രെഡിറ്റ് കാർഡിലെ കാശ്. മുണ്ടിന്റെ മുറുക്കം ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ കുറയുമെന്നർഥം. അമിതവ്യയമാകും ഫലം. അതൊഴിവാക്കാൻ പരിശീലനം തന്നെ വേണം.

ക്രെഡിറ്റ് ലിമിറ്റ് എന്ന കെണി

കാർഡിൽനിന്നു നമുക്കെത്ര പണം ഉപയോഗിക്കാമെന്നതിന്റെ പരിധിയാണ് ക്രെഡിറ്റ് ലിമിറ്റ്. ഒരാൾക്ക് ഒരു ലക്ഷം രൂപയാണു ലിമിറ്റ് എന്നു കരുതുക. പലപ്പോഴും അയാൾക്കു കിട്ടുന്ന ശമ്പളത്തിന്റെ ഇരട്ടിയിലധികമായിരിക്കും ഈ തുക. മുപ്പതിനായിരം രൂപ ശമ്പളമുള്ളയാൾക്ക് ഒരു ലക്ഷം രൂപ ഒരു മാസം ചെലവിടാം എന്ന ധാരാളിത്തം. ഈ തുക മുഴുവൻ ആരും ചെലവിടാറില്ല. എങ്കിലും അത്രയും ഉണ്ടല്ലോ എന്നു കരുതി അനാവശ്യച്ചെലവുകൾ നടത്തി തിരിച്ചടവു മുടങ്ങി കെണിയിലായവർ ഏറെയാണ്. ഈ ക്രെഡിറ്റ് ലിമിറ്റിനെയും അതുകൊണ്ടു മറന്നേക്കുക. അത്യാവശ്യത്തിനുള്ള തുകയാണ് ക്രെഡിറ്റ് കാർഡിന്‍റെ പരിധിയെന്ന് മനസിൽ കരുതി മുന്നോട്ടു പോകുക.

ഇഎംഐ

ക്രെഡിറ്റ് കാർഡുകളെ ആകർഷകമാക്കുന്നത് ഇഎംഐ ഓപ്ഷനാണ്. ഏതു പണക്കൈമാറ്റവും (നേരിട്ടു പണം പിൻവലിക്കുന്നതും  സ്വർണം വാങ്ങുന്നതും ഒഴികെ) ഇഎംഐ ആക്കാം.   പലരും സുഹൃത്തുക്കൾക്കും മറ്റും ഫോണുകളും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും വാങ്ങി നൽകുന്നത് കാർഡിലെ ഈ സൗകര്യം പ്രയോജനപ്പെടുത്തിയാണ്. 

ഇഎംഐകളുടെ എണ്ണം കൂടാതിരിക്കാൻ ശ്രദ്ധിക്കുക. പേയ്മെന്റ് ഡേറ്റിനു മുൻപുതന്നെ അവരോട് ഈ തുകയുടെ കാര്യം അറിയിക്കുക. ഇഎംഐകളുടെ എണ്ണം മെല്ലെമെല്ലെ നിങ്ങളുടെ അക്കൗണ്ടിനെ കാർന്നു തിന്നാം. അതൊഴിവാക്കുക.  

തിരിച്ചടവിലെ താമസം

പലരും കാർഡിലെ മിനിമം തുകയാണ് തിരിച്ചടയ്ക്കുന്നത്. മുഴുവൻ തുകയും തിരിച്ചടയ്ക്കാൻ പറ്റുന്ന വിധത്തിൽ മാത്രം ചെലവു ചെയ്യുക. തിരിച്ചടവു വൈകിയാൽ പിഴയായി നല്ലൊരു തുക ഈടാക്കുമെന്നറിയുക. കാർഡുകളുടെ വാർഷിക ഫീ കൃത്യമായി പരിശോധിക്കുക 

വിദേശയാത്രകളിൽ വിദേശ കറൻസി വേണ്ട

വിദേശയാത്രയിൽ കറൻസി പിൻവലിക്കാനായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കരുത്. ഉയർന്ന ൈകമാറ്റ നിരക്കും പിൻവലിക്കലിനു പ്രത്യേക ഫീസും ഈടാക്കും. യാത്രകൾക്കു മുൻപ് ട്രാവൽ കാർഡുകളോ വിദേശ കറൻസിയോ കയ്യിൽ കരുതുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com