sections
MORE

‘തട്ടിപ്പു പദ്ധതികൾ’ നിക്ഷേപകർ ജാഗ്രത പുലർത്തുക

HIGHLIGHTS
  • ഉയർന്ന വരുമാനമോ ആനുകൂല്യങ്ങളോ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ/വ്യക്തികൾക്കെതിരെ കരുതൽ വേണം
risk 1
SHARE

മുണ്ടു മുറുക്കിയുടുത്ത് സമ്പാദിക്കുന്ന പണം സ്വകാര്യ ഫിനാൻസ് കമ്പനികളിൽ നിക്ഷേപിക്കുന്നവർ ധാരാളം.ഇങ്ങനെ നിക്ഷേപിച്ചിട്ടുള്ള ആയിരക്കണക്കിന് പ്രൈവറ്റ് ഫിനാൻസ് കമ്പനികളും ചിട്ടി കമ്പനികളും പൊട്ടിപ്പൊളിഞ്ഞ സംഭവങ്ങൾ കേട്ടിട്ടുണ്ടാകുമല്ലോ. അതുകൊണ്ട് ഇത്തരം പദ്ധതികളിൽ നിക്ഷേപം നടത്തുമ്പോൾ കരുതലുണ്ടാവണം.

പലിശയും നിക്ഷേപത്തിലെ നഷ്ടസാധ്യതകളും

റിസർവ് ബാങ്കിന്റെ കടപ്പത്രത്തിൽ നിക്ഷേപം നടത്തുന്നതുപോലെ സുരക്ഷിതമായ മറ്റൊരു നിക്ഷേപാവസരം വേറെ ഇല്ല. പക്ഷേ, മൂന്നര അല്ലെങ്കിൽ 4% പലിശ മാത്രമേ കിട്ടുകയുള്ളൂ. ബാങ്കുകളിലിത് ആറോ ഏഴോ ശതമാനം വരും. കമ്പനികളുടെ കടപ്പത്രങ്ങളിലുള്ള നിക്ഷേപങ്ങൾക്ക് 10–11% വരെ കിട്ടാം. പക്ഷേ, അവിടെ നിക്ഷേപം 100% സുരക്ഷിതമെന്നു പറയാൻ കഴിയില്ല. കമ്പനി പാപ്പരായാൽ നഷ്ടസാധ്യതയുണ്ട്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഈ നിരക്കിൽ പലിശ തരുന്നുണ്ട്. ശക്തമായ നിയമങ്ങളും നിരീക്ഷണവും ഉള്ള മേഖലയാണെങ്കിലും കമ്പനികൾക്കു നഷ്ടം വന്നാൽ പ്രശ്നം തന്നെ.

ഈ സാഹചര്യം മുതലെടുത്താണ് സ്വകാര്യവ്യക്തികൾ അഥവാ സ്ഥാപനങ്ങൾ ഉയർന്ന വരുമാനം അല്ലെങ്കിൽ ആനുകൂല്യങ്ങൾ വാഗ്ദാനം നൽകി അനിയന്ത്രിതമായ സ്കീമുകളിൽ പൊതുജനങ്ങളെ േചർക്കാൻ ഉത്സാഹിക്കുന്നത്. ഇത്തരം സ്കീമുകളെ പൊതുവേ ‘പൊൻസി’ സ്കീമുകൾ (Ponzi) എന്നാണു പറയുന്നത്.നിക്ഷേപകർക്ക് ആദ്യമാദ്യം പറഞ്ഞുറപ്പിച്ച ‘നേട്ടം’ നൽകി വിശ്വാസം വളർത്തി എടുത്ത ശേഷം മുങ്ങുകയാണ് തട്ടിപ്പുകാരുടെ രീതി. 

പുതിയ ഓർഡിനൻസും ശിക്ഷകളും

ഇത്തരം സ്കീമുകളെ നിയമത്തിന്റെ വരുതിയിലാക്കി നിയന്ത്രിക്കുന്നതിനായാണ് കഴിഞ്ഞ ഫെബ്രുവരി 21ന് ഇന്ത്യാ ഗവൺമെന്റ് ഓർ‌ഡിനൻസ് പുറപ്പെടുവിച്ചത്. ഒരു വർഷം മുതൽ 10 വർഷം വരെ തടവും രണ്ടു ലക്ഷം മുതൽ 50 കോടി രൂപ വരെയും പിഴ ഈടാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. കൂടാതെ നിക്ഷേപം സ്വീകരിച്ച കമ്പനി/വ്യക്തിയുടെ വസ്തുവകകളുടെയും അസെറ്റുകളുടെയും അറ്റാച്ച്മെന്റിനും തുടർന്നു നിക്ഷേപകർക്കു പണം തിരികെ കൊടുക്കുവാനുമുള്ള നടപടികളും ഇതിന്റെ ഭാഗമാണ്. ഇതിനുപുറമേ വസ്തുവകകളുടെ അറ്റാച്ച്മെന്റിനായി സമയബന്ധിതമായ മാർഗനിർദേശങ്ങളും ഉണ്ട്.

റിസർവ്ബാങ്ക്, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (IRDA), സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI),  നാഷനൽ െപൻഷൻ സ്കീം (PFRDA), എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO), സ്റ്റേറ്റ് ഗവൺമെന്റുകളുടെ നിയമപരിധിയിൽ വരുന്ന കമ്പനികൾ/സ്ഥാപനങ്ങൾ, 1992 കോർപറേറ്റീവ് സൊസൈറ്റി ആക്ടിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ, 1982 ചിട്ടി ഫണ്ട് ആക്ടിന്റെ കീഴിലുള്ള ചിട്ടി ഫണ്ടുകൾ, സ്ഥാപനങ്ങൾ, സ്റ്റേറ്റ് ഗവൺമെന്റിന്റെ കീഴിലുള്ള ധനകാര്യസ്ഥാപനങ്ങൾ എന്നിവയാണ് ജനങ്ങളുടെ കയ്യിൽനിന്നു ഡിപ്പോസിറ്റ് വാങ്ങുന്നതിന് അംഗീകാരമുള്ള ഏജൻസികൾ. 

നിക്ഷേപകർ ശ്രദ്ധിക്കേണ്ടത്

പലിശനിരക്കുകൾ (റിട്ടേണ്‍) കുറഞ്ഞിരുന്നാൽ നഷ്ടസാധ്യത (റിസ്ക്) കുറയും. പലിശനിരക്കുകൾ കൂടിക്കൂടി വന്നാൽ നഷ്ടസാധ്യത കൂടുകയും ചെയ്യും. ബാങ്ക് പലിശയ്ക്കു മുകളിൽ പലിശ ലഭിക്കുന്നു എന്നു പറയുമ്പോൾ ആ നിക്ഷേപത്തിൽ റിസ്കിന്റെ ചെറിയ അംശം ഉണ്ടാകും. എന്നാൽ ബാങ്ക് പലിശയെക്കാൾ ഇരട്ടി പലിശ ലഭിക്കുമെന്നു പറഞ്ഞാൽ റിസ്ക് വളരെ കൂടുതലാണെന്ന് ഉറപ്പിക്കാം.

നമ്മൾ മുൻപു സൂചിപ്പിച്ച ഗവൺമെന്റ് ഏജൻസികൾ, നിയമങ്ങൾക്കു വിധേയമായ സ്ഥാപനങ്ങൾ തുടങ്ങിയവ വളരെ കുറഞ്ഞ പലിശയേ നിക്ഷേപങ്ങൾക്കു നൽകുന്നുള്ളൂ. എന്നാൽ ഈ നിയമങ്ങൾക്കും സ്ഥാപനങ്ങൾക്കും പുറത്തുള്ള കമ്പനികൾ/ സ്ഥാപനങ്ങൾ, വ്യക്തികൾ എല്ലാം വളരെ ഉയർന്ന പലിശ നൽകാമെന്നു പറ‍ഞ്ഞാൽ അതിനർഥം നിക്ഷേപങ്ങൾക്ക് റിസ്ക് വളരെ കൂടുതലാണ് എന്നാണ് 

നിക്ഷേപ പദ്ധതികൾക്കും നിയന്ത്രണം വരാം

ബിൽഡേഴ്സ്, ജ്വല്ലേഴ്സ് തുടങ്ങിയവർ ഇവരുടെ ബിസിനസിൽ നിക്ഷേപിച്ചാൽ ഉയർന്ന റിട്ടേൺ ലഭിക്കുമെന്നു പറഞ്ഞ് പരസ്യം നൽകിയാലും ശിക്ഷാനടപടികൾക്കു  വിധേയമാകാം. ഫ്ലാറ്റ്, ബിൽഡിങ്ങുകൾ, ജ്വല്ലറി (ആഭരണങ്ങൾ) എന്നിവ വാങ്ങുന്നതിലേക്കു കമ്പനികളോ വ്യക്തികളോ പണം വാങ്ങിയാൽ, പറഞ്ഞ കാലാവധിക്കുള്ളിൽ ഇവ നിക്ഷേപകർക്കു നൽകാൻ ബാധ്യസ്ഥരാണ്. ഒരുപക്ഷേ, കാലാവധി കഴിഞ്ഞിട്ടും മേൽപറഞ്ഞ കാര്യങ്ങൾ നടത്താതിരുന്നാൽ നിയമനടപടികൾ നേരിടേണ്ടിവരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA