എന്ത് പറയാനാ ഏട്ടാ... പണ്ട് പൂരത്തിനു പോകുമ്പോൾ നൂറുർപ്യയും കൊണ്ടുപോയാൽ ഓരോ പൊതി പൊരിയും അലുവയും അവലും എല്ലാം വാങ്ങി വരാം.
ഇന്നാണെങ്കിൽ 1000 രൂപ കൊണ്ടുപോയാലും ഒന്നിനും തികയൂല്ല.
കാലം പോയ പോക്കേ...
ഒരു ബസ് യാത്രക്കിടെയിൽ കേട്ട സംഭാഷണമാണിത്.
എന്തുകൊണ്ടാണ് 1000 രൂപയുണ്ടായിട്ടും ഒന്നിനും തികയാത്തത്? കാരണം പണപ്പെരുപ്പം തന്നെ. എന്നുവച്ചാൽ പണത്തിന്റെ മൂല്യം കുറയുകയും സാധനങ്ങൾക്ക് വില കൂടുകയും ചെയ്യുന്നു. എന്നാൽ വരുമാനം കൂടുന്നുമില്ല. കഴിഞ്ഞ ആഴ്ചയിൽ വന്ന വാർത്തയാണ് പണപ്പെരുപ്പം 3.15 % കൂടി. ഓ..അത് സർക്കാരിനെ ബാധിക്കുന്ന കാര്യമാണെന്നു കരുതി തള്ളാൻ വരട്ടെ. രാജ്യത്ത് പണപ്പെരുപ്പം കൂടുന്നുവെങ്കിൽ അത് നിങ്ങളെയും ബാധിക്കും.
∙ നിങ്ങളുടെ ചെലവഴിക്കാനുള്ള പവർ കുറയുന്നു
ഒരാളുടെ ജീവിത നിലവാരം അളക്കുന്നത് അയാളുടെ വരുമാനത്തെയും ചെലവിനെയും അടിസ്ഥാനപ്പെടുത്തിയാണ്. പണപ്പെരുപ്പം കൂടുമ്പോൾ നിങ്ങൾക്ക് ചെലവഴിക്കാനുള്ള പവർ കുറയുന്നു. അതായത് സാധനങ്ങളുടെ വില കൂടുമ്പോൾ പല സാധനങ്ങൾ വാങ്ങുന്നതിനു പകരം ഒന്നു മാത്രം വാങ്ങുക. അല്ലെങ്കിൽ വാങ്ങുന്ന സാധനങ്ങളുടെ അളവ് കുറയുകയോ ചെയ്യുന്നു. ചെലവഴിക്കാനുള്ള പണം കുറയുന്നു. അപ്പോൾ ആളുകളുടെ വാങ്ങാനുള്ള കഴിവ് കുറയുന്നു.
ചെയ്യേണ്ടത്: നിങ്ങളുടെ കയ്യിൽനിന്നു അനാവശ്യമായി പണം ചോരുന്നതെങ്ങനെ എന്നു മനസ്സിലാക്കുക. അതനുസരിച്ചു ബജറ്റ് പ്ലാൻ ചെയ്യാം.
∙ കുടുംബ ബജറ്റ് താളം തെറ്റും
നിലവിലെ ജീവിത നിലവാരം തുടരണമെങ്കിൽ കൂടുതൽ പണം ചെലവഴിക്കേണ്ടി വരുന്നു. വീട്ടിലെ പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിന് 5000 രൂപ ചെലവഴിക്കേണ്ടിടത്ത് 8000 രൂപയോ 10000 രൂപയോ ചെലവഴിക്കേണ്ടി വരുന്നു. ഇത് കുടുംബ ബജറ്റിനെ താളം തെറ്റിക്കും. സ്വന്തം വാഹനം ഉപയോഗിക്കുന്നവർക്ക് പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കേണ്ടിവരാം.
ചെയ്യേണ്ടത്: കാണുന്നതെല്ലാം വാങ്ങിച്ചു കൂട്ടുന്നവർ, ആ സ്വഭാവം നിയന്ത്രിക്കുക. വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ ലിസ്റ്റ് ചെയ്യുക. അതു മാത്രം വാങ്ങാൻ ശ്രമിക്കുക. അനാവാശ്യമായി സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക.
∙ ആശുപത്രി ചെലവ് കൂടുന്നു
ഒരു അസുഖം വന്നാൽ ചികിത്സിക്കുന്നതിനുള്ള ചെലവ് വർധിക്കും. സാധാരണ പനി പോലുള്ള അസുഖങ്ങൾ വന്നാൽ പോലും ഫീസിനും മരുന്നിനും നല്ലൊരു തുക ചെലവഴിക്കേണ്ടിവരും. മെഡിക്കൽ ഇൻഷുറൻസ് ഇല്ലെങ്കിൽ ചികിത്സാ ചെലവ് താങ്ങാൻ വളരെ പ്രയാസമാകും.
ചെയ്യേണ്ടത്: മെഡിക്കൽ ഇൻഷുറൻസ് ഇല്ലെങ്കിൽ എത്രയും വേഗം ഇൻഷുറൻസ് പോളിസി എടുക്കുക. ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളെ ആശ്രയിക്കാം. സർക്കാർ ആശുപത്രികളും മികവിന്റെ പാതയിലാണ്.
∙ വിൽപ്പന കുറയുന്നു
പണപ്പെരുപ്പം കൂടുമ്പോൾ ചെറുകിട കച്ചവടക്കാരെ കാര്യമായി ബാധിക്കും. വിൽപ്പനയിൽ ഇടിവുണ്ടാകും. സ്വയം തൊഴിൽ കണ്ടെത്തുന്നവരെയാണ് ഏറ്റവുമധികം ബാധിക്കുക. ആളുകൾ സാധനങ്ങൾ വാങ്ങുന്നത് കുറയും. ഹോട്ടൽ, വിനോദം, ടൂറിസം രംഗങ്ങളെയെല്ലാം ബാധിക്കും.
ചെയ്യേണ്ടത്: കച്ചവടക്കാർ ഒന്നിച്ചു സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നത് കുറയ്ക്കുക. ആളുകളുടെ ആവശ്യം അനുസരിച്ചു കച്ചവടത്തിൽ മാറ്റം വരുത്താം. പുതിയ ഉപഭോക്താക്കളെ കണ്ടെത്തുക.
∙ സമ്പാദ്യം കുറയും
ജീവിത നിലവാരത്തിൽ വ്യത്യാസം വരുന്നതനുസരിച്ച് സമ്പാദ്യത്തിൽ മാറ്റം വരും. പണ നിക്ഷേപം കുറയും. ചെലവ് വർധിക്കുന്നതിനാൽ സാമ്പാദ്യത്തിലേക്കുള്ള നീക്കിയിരിപ്പ് കുറയുന്നതാണ് കാരണം.
ചെയ്യേണ്ടത്: ജീവിത ചെലവ് ചുരുക്കുക. എല്ലാ ആഴ്ചയും സിനിമയ്ക്കു പോകുന്നവർ അത് മാസത്തിൽ രണ്ടുതവണ ആക്കാം. പുറമെയുള്ള ഭക്ഷണം വല്ലപ്പോഴും മാത്രം മതിയെന്നു വയ്ക്കാം. സമ്പാദ്യത്തിലേക്കുള്ള നീക്കിയിരിപ്പിൽ ചെറിയ കുറവ് വന്നാലും പൂർണമായും വകമാറ്റി ചെലവഴിക്കരുത്.
എപ്പോഴും എമർജൻസി ഫണ്ട് കരുതുക.