‘‘സാമ്പത്തിക ലക്ഷ്യങ്ങൾ 3 ചുവട് അകലെ’’

HIGHLIGHTS
  • നിക്ഷേപകർക്കായി അനായാസ നിക്ഷേപ തന്ത്രമൊരുക്കുകയാണ് ഇവിടെ
discussion 1
SHARE

‘‘ഫിനാൻഷ്യൽ പ്ലാനിങ്ങിൽ ആദ്യം വേണ്ടത് നിങ്ങൾ എവിടെ നിൽക്കുന്നു? എത്ര സമയത്തിനുള്ളിൽ എവിടെയെത്തണം? എന്നെല്ലാം കൃത്യമായി കണ്ടെത്തുകയാണ്. ഇതു രണ്ടും ഉറപ്പിച്ചാൽ ഏതു മാർഗത്തിൽ? എത്ര സമയംകൊണ്ട്? എങ്ങനെ ലക്ഷ്യത്തിൽ എത്താം? എന്നെല്ലാം കണ്ടെത്താൻ എളുപ്പമാണ്. ഇതാണ് ഫിനാൻഷ്യൽ പ്ലാനിങ്ങിന്റെ അടിസ്ഥാനം.’’ പറയുന്നത് ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ സൗസ്തവ് ചക്രവർത്തി.

സാങ്കേതികവിദ്യയുടെ പിന്തുണയോടെ പഴ്സനൽ ഫിനാൻസ് സമസ്യകൾക്ക് ലളിതമായി പരിഹാരം കണ്ടെത്തി, വളരെ കുറഞ്ഞ കാലം കൊണ്ട് ഇന്ത്യയിൽ ശ്രദ്ധേയനായ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറാണ് ഇദ്ദേഹം. പഴ്സനൽ ഫിനാൻസിനായി ഒരു അഡ്വാൻസ്ഡ് വർക്ക് ബുക്ക് തന്നെ അവതരിപ്പിച്ചിട്ടുണ്ട് സൗസ്തവ്.

മൂന്നു ഘട്ടങ്ങളാണ് ഈ വർക്ക് ബുക്കിലുള്ളത്. നിങ്ങളുടെ ധനകാര്യ ലക്ഷ്യങ്ങൾ അഥവാ ഗോളുകൾ നിർവചിക്കുക എന്നതാണ് ആദ്യത്തേത്. ഓരോ കാലയളവിലും ഉള്ള ലക്ഷ്യങ്ങൾക്കായി ഏതു തരം റിസ്കുള്ള പോർട്ഫോളിയോ വേണം എന്നതാണ് രണ്ടാം ഘട്ടം. ഈ പോർട്ഫോളിയോകൾക്ക് അനുയോജ്യമായ മികച്ച നിക്ഷേപ പദ്ധതികൾ കണ്ടെത്തുകയാണ് മൂന്നാം ഘട്ടം.

പലവിധ ലക്ഷ്യങ്ങൾ ഓരോരുത്തർക്കും ഉണ്ടാകും. അതിൽ ആദ്യത്തേത് ഏത്, രണ്ടാമത്തേത് ഏത് എന്നു സ്വയം നിശ്ചയിക്കാം. ഓരോ ലക്ഷ്യത്തിലേക്കും എത്താനുള്ള വർഷങ്ങളും സ്വയം കണ്ടെത്താം. പക്ഷേ ആ സമയത്ത് എത്ര തുക വേണ്ടിവരും എന്നു കണ്ടെത്തുക സാധാരണക്കാർക്ക് ബുദ്ധിമുട്ടാണ്.

വർക്ക് ഷീറ്റ് 1, എത്ര തുക വേണം?

വർക്ക് ഷീറ്റ് 1 പ്രകാരം നിശ്ചിത വർഷം കഴിഞ്ഞാൽ എത്ര തുക വേണ്ടി വരുമെന്ന് എളുപ്പത്തിൽ കണ്ടെത്താം. ആദ്യം ആ ലക്ഷ്യത്തിന് ഇന്ന് എത്ര വേണം എന്നറിയുക. എന്നിട്ട് അതിനെ ഒരു നിശ്ചിത തുക (മൾട്ടിപ്ലയർ )കൊണ്ട് ഗുണിച്ചാൽ മതി. വിദ്യാഭ്യാസം, ബിസിനസ് വികസനം, ആസ്തി വാങ്ങൽ എന്നിവയ്ക്കായി 20 വർഷത്തേക്കുള്ള മൾട്ടിപ്ലയറുകൾ വർക്ക്ഷീറ്റിൽ നൽകിയിട്ടുണ്ട്. റിട്ടയർമെന്റ് പ്ലാനിനായി 30 വർഷത്തേക്കുള്ള പ്രത്യേക മൾട്ടിപ്ലയറുകളും ഈ വർക്ക് ഷീറ്റിൽ ഉണ്ട്.

വർക്ക് ഷീറ്റ് 2, എത്ര കിട്ടും?

വിവിധ തരത്തിൽ നഷ്ടസാധ്യതയുള്ള നിക്ഷേപ പദ്ധതികളാണ് മുന്നിലുള്ളത്. ഓരോരുത്തരും സ്വന്തം സാഹചര്യവും ലക്ഷ്യവും അതിനുള്ള സമയവും അടിസ്ഥാനമാക്കി വേണം പദ്ധതികൾ തിരഞ്ഞെടുക്കാൻ. എന്നാൽ നഷ്ടസാധ്യതയുടെ തോത് അനുസരിച്ച് ഓരോ പദ്ധതിയിലും ഇന്ന് എത്ര നിക്ഷേപിച്ചാൽ നിശ്ചിത വർഷം കഴിയുമ്പോൾ എത്ര കിട്ടും എന്നറിഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകില്ലേ? എങ്കിൽ അതിനുള്ള ടേബിളാണ് വർക്ക് ഷീറ്റ് രണ്ടിൽ ഉള്ളത്.

നിശ്ചിത വർഷത്തിനു ശേഷം ഒരു ലക്ഷം രൂപ കിട്ടാൻ നിലവിൽ എത്ര തുക നിക്ഷേപിക്കണം എന്നു പട്ടികയിൽ നൽകിയിരിക്കുന്നു. കുറഞ്ഞ റിസ്ക്, ഇടത്തരം റിസ്ക്, ഉയർന്ന റിസ്ക്, ഏറ്റവും ഉയർന്ന റിസ്ക് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി തിരിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

ബോണസ് കാൽക്കുലേറ്റർ

സ്ഥിരനിക്ഷേപം പോലുള്ളവയിൽ നിശ്ചിത വർഷത്തിനു ശേഷം എന്തു കിട്ടും? മ്യൂച്വൽ ഫണ്ട്, ഓഹരി, പ്രൈവറ്റ് ഇൻവെസ്റ്റ്മെന്റ് തുടങ്ങിയവയിൽ നിശ്ചിത വർഷത്തിനു ശേഷം എന്തു കിട്ടും? തുടങ്ങിയ കാര്യങ്ങൾ കണക്കാക്കാനുള്ള ബോണസ് കാൽക്കുലേറ്ററും ഈ വർക്ക് ഷീറ്റിന്റെ ഭാഗമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA