ADVERTISEMENT

മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നവരെ പൊതുവെ നമുക്കൊക്ക പുച്ഛമാണ്. ജീവിതം അതിന്റെ വഴിക്ക് തന്നെ പോകും, എത്ര മുന്‍കൂട്ടി പ്ലാന്‍ ചെയ്തിട്ടെന്താ അതൊന്നും നടക്കാന്‍ പോകുന്നില്ല. ഒട്ടുമിക്ക മലയാളികളുടെയും ചിന്തയാണിത്. എന്നുവെച്ച് നാമെല്ലാം വെറുതെയിരിക്കുകയാണോ. അല്ലേയല്ല.  എല്ലാക്കാര്യവും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നവരാണ് മലയാളികള്‍, സാമ്പത്തിക കാര്യങ്ങളിലൊഴികെ.

ആസൂത്രണം പലവിധം

ഏതുഭക്ഷണം ഉണ്ടാക്കണം, എപ്പോള്‍ ഓഫീസിലെത്തണം, എപ്പോള്‍ തിരിച്ച് വീട്ടിലെത്തണം, ആരെ പ്രണയിക്കണം, ആരെ വിവാഹം കഴിക്കണം, ഏതുകാര്‍ വാങ്ങണം, അതിന് ഏതു കളര്‍ ആയിരിക്കണം തുടങ്ങി ചെറുതും വലുതുമായ എല്ലാക്കാര്യങ്ങളിലും മുന്‍കൂട്ടി ധാരണയുണ്ട്. എന്നാല്‍ ജീവിതലക്ഷ്യങ്ങള്‍ ഏതൊക്കെയാണ്, അതിന് എത്ര പണം വേണ്ടിവരും അത് എങ്ങനെ സ്വരുക്കൂട്ടാം എന്നൊന്നും ചിന്തിക്കാനോ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താനോ മടിയാണ്. അതുകൊണ്ട് കാര്യമില്ല എന്നോര്‍ത്തിട്ടല്ല. ഭാവി ജീവിതലക്ഷ്യങ്ങളെക്കുറിച്ച് ഓര്‍ക്കുന്നതും അതിനുവേണ്ടിവരുന്ന ചിലവുകള്‍ കണക്കാക്കുന്നതും അതെങ്ങനെ ഉണ്ടാക്കുമെന്നതിനെക്കുറിച്ച് ആലോചിക്കുന്നതും ഭീതിയുണ്ടാക്കും. 

അൽപം മിനക്കെടാം

അത്തരത്തില്‍ ഭീതിയുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍ നമുക്കാര്‍ക്കും ഇഷ്ടമില്ലല്ലോ. അതുകൊണ്ടു തന്നെയാണ് ഭാവി ആസൂത്രണം ചെയ്യാന്‍ അല്‍പ്പം മിനക്കെടാന്‍ ആരും തയ്യാറാകാത്തത്. എല്ലാം വരുന്നിടത്തുവെച്ച് കാണാം എന്നതാണ് ഭാവം. അപ്പോള്‍ ദൈവം ഓരോ വഴികാണിച്ചുതരുമെന്ന് വിശ്വസിക്കുകയും ചെയ്യും. ഓരോരോ ആവശ്യങ്ങള്‍ വരുമ്പോള്‍ നമുക്കുമുന്നില്‍ ഏതു വഴിയാണ് തെളിഞ്ഞുവരിക. പണത്തിന്റെ കാര്യം വരുമ്പോള്‍ വായ്പ, ബന്ധുക്കളുടെയും പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും സാമ്പത്തിക സഹായം എന്നിവയല്ലാതെ മറ്റെന്താണ് മാര്‍ഗം. ഈ വഴികള്‍ എപ്പോഴും സ്വീകരിക്കാവുന്ന ആശാസ്യമായ മാര്‍ഗമാണോ? അല്ല എന്ന് നമുക്കൊക്കെ അറിയാം.

ലക്ഷ്യത്തിലേക്ക് ഒരു മുതൽക്കൂട്ട്

പ്രായമായാല്‍ വിവാഹം കഴിക്കേണ്ടിവരും എന്നറിയാം. അതിന് പണച്ചിലവ് ഉണ്ട് എന്നും അറിയാം. ജോലികിട്ടിയാല്‍ ശമ്പളം ഉണ്ടാകും. ജോലി കിട്ടിയാല്‍ ഉടനെ ആരും വിവാഹം കഴിക്കാന്‍ പോകുന്നില്ലല്ലോ. ഏതാനും വര്‍ഷങ്ങള്‍ ജോലിചെയ്ത ശേഷമേ ഭൂരിഭാഗം പേരും വിവാഹിതരാകൂ. എന്നാല്‍ ഇക്കാലയളവില്‍ വിവാഹത്തിനു വേണ്ടിവരുന്ന പണം സ്വരുക്കൂട്ടാന്‍ ഒരു ശ്രമം നടത്തിയാലോ. വിവാഹത്തിനു രണ്ടുവര്‍ഷത്തെ സമയമുണ്ട് എന്ന് കരുതുക. അതായത് 24 മാസം. ഓരോ മാസവും ചെറിയ രീതിയില്‍ ഒരു നിശ്ചിത തുക മാറ്റിവെച്ചാലോ. ലക്ഷ്യത്തിലേക്ക് അതൊരു മുതല്‍ കൂട്ടാകില്ലേ.

കുരുന്നിലെ കരുതലാകാം

വിവാഹം കഴിഞ്ഞാല്‍ കുട്ടികളുണ്ടാകും. അവര്‍ക്ക് അഞ്ചുവയസ് ആകുമ്പോള്‍ നല്ല സ്‌കൂളില്‍ അഡ്മിഷന്‍ വേണ്ടിവരും. ചിലപ്പോള്‍ ലക്ഷങ്ങള്‍ ചെലവാകും. ആ സമയത്ത് ഇതിനേക്കുറിച്ച് ഓര്‍ത്ത് ആധിപിടിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് വിവാഹം കഴിക്കുമ്പോഴേ ഇതിനായുള്ള ഒരു കരുതല്‍ തുടങ്ങുന്നത്.അഞ്ച് വര്‍ഷം എന്നാല്‍ 60 മാസം. പ്രതിമാസം 2000 രൂപ മാറ്റിവെച്ചാല്‍തന്നെ കുട്ടിയുടെ സ്‌കൂള്‍ അഡ്മിഷന്റെ സമയത്ത് 1.2 ലക്ഷം രൂപകയ്യിലുണ്ടാകും.

ഇരുപതാമത്തെ വയസില്‍ കുട്ടിയുടെ വിവാഹം വേണ്ടിവരും എന്ന് സ്‌കൂള്‍അഡ്മിഷന്റെ സമയത്തു തന്നെ ഒരു ചിന്ത ഉണ്ടായാല്‍ അതിനുള്ള പണം സ്വരുക്കൂട്ടാന്‍ നീണ്ട 20 വര്‍ഷം ലഭിക്കും. പ്രതിമാസം 3500 രൂപ മാറ്റിവയ്ക്കാന്‍ കഴിഞ്ഞാല്‍ തന്നെ 20 വര്‍ഷം കൊണ്ട് 8.4 ലക്ഷം രൂപ സ്വരുക്കൂട്ടാന്‍ കഴിയും. ഓരോ ജീവിത ലക്ഷ്യങ്ങളും നിറവേറ്റാനുള്ള പണം ഇതുപോലെ അനായാസം ഉണ്ടാക്കാം. അതിനുവേണ്ടത് മുന്‍കൂട്ടിയുള്ള ചിന്തയും വരുമാനത്തിന്റെ ചെറിയ ഒരു ഭാഗം മാറ്റിവയ്ക്കാനുള്ള മനസുമാണ്. ഇതില്ലാത്തതുകൊണ്ടാണ്കുട്ടികളുടെ സ്‌കൂള്‍ അഡ്മിഷന്റെ സമയത്ത് ആധിപിടിച്ച് ഓടുന്നതും, വിവാഹസമയത്ത് പണത്തിനായി നെട്ടോട്ടമോടുന്നതും. അതുകൊണ്ടാണ്പെട്ടെന്ന് പണമുണ്ടാക്കാനായി കുറുക്കുവഴികള്‍ തേടുന്നത്. എന്നും ലോട്ടറി എടുത്തുകൂട്ടുന്നത്. തട്ടിപ്പു സ്‌കീമുകളില്‍ തലവെച്ചുകൊടുക്കുന്നത്.

ഫിനാൻഷ്യല്‍ പ്ലാനർ

ഭാവിയിലെന്നോ നടക്കാനുള്ള കാര്യത്തിനായി ഇപ്പോഴേ മുണ്ടുമുറുക്കിയുടുത്ത് ജീവിക്കണം എന്നല്ല പറഞ്ഞുവരുന്നത്. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ടുതന്നെ ഭാവിയിലെ ഓരോ ആവശ്യത്തിനുമുള്ള സമ്പത്ത് ഉണ്ടാക്കാം. അതിന് ആകെ വേണ്ടത് ജീവിതം തുടങ്ങുമ്പോഴേ വ്യക്തമായ ഒരു ഫിനാന്‍ഷ്യല്‍ പ്ലാനിങ് ആണ്.അതിനായി നല്ല ഒരു ഫിനാന്‍ഷ്യല്‍ പ്ലാനര്‍ ഉണ്ടാക്കിയാല്‍ മതി.

(പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. ഇമെയ്ല്‍ jayakumarkk8@gmail.com)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com