റിപോ നിരക്കിലെ കുറവ്: ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് കുറയുമോ?

money-fixed
Representative Image
SHARE


റിപോ നിരക്കില്‍ ആര്‍ബിഐ കുറവ് വരുത്തിയത് ഉറപ്പായും സ്ഥിരനിക്ഷേപത്തിനുള്ള പലിശ നിരക്കിലും കുറവ് വരുത്തും. ബാങ്ക് സ്ഥിര നിക്ഷേപം, കമ്പനികള്‍ സ്വീകരിക്കുന്ന കോര്‍പ്പറേറ്റ് നിക്ഷേപം, നോണ്‍കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ എന്നിവയുടെയെല്ലാം പലിശ നിരക്കില്‍ കുറവ് വന്നേക്കാവുന്ന സാഹചര്യമാണ് റിപ്പോ നിരക്ക് കുറയ്ക്കല്‍ ഉണ്ടാക്കിയിരിക്കുന്നത്.

പോസ്റ്റോഫീസ് നിക്ഷേപങ്ങളിലും പബ്ലിക് പ്രോവിഡന്റ് ഫണ്ടിലും ഇപ്പോള്‍ പലിശ അല്‍പ്പം കൂടുതലാണ് എങ്കിലും അത് എത്രകാലം അങ്ങനെ തുടരുമെന്ന പറയാന്‍ വയ്യ. കാരണം സമ്പദ് വ്യവസ്ഥയിലെ പണ ലഭ്യത, ബാങ്ക് പലിശ നിരക്ക്, ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ നിന്നുള്ള യീല്‍ഡ് തുടങ്ങിയവയെ അടിസ്ഥാനമാക്കി ഓരോ മൂന്നുമാസം കൂടുമ്പോഴും ഇവയുടെ പലിശ നിരക്കിലും വ്യത്യാസം വരും.

ഇപ്പോഴത്തെ സാഹചര്യത്തില്‍ വ്യത്യാസമെന്നാല്‍ പലിശ നിരക്കിലെ കുറവ് എന്നുതന്നെയാണ് അര്‍ത്ഥം. ഒക്ടോബറില്‍ കേന്ദ്ര ഗവണ്‍മെന്റ് പോസ്റ്റോഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ചില രാഷ്ട്രീയ കാരണങ്ങളാല്‍ കുറയ്ക്കാതിരുന്നതാണ് എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഡിസംബര്‍ ആകുമ്പോള്‍ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ ഇവയുടെ പലിശ നിരക്കിലും കാര്യമായ കുറവുണ്ടായേക്കും.

ബാങ്ക് സ്ഥിര നിക്ഷേപകര്‍ ചെയ്യേണ്ടത്

ഇതേവരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പലിശ നിരക്കില്‍ വ്യത്യാസം വരില്ല. പുതുതായി തുടങ്ങുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയാനാണ് സാധ്യത. ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നതിനുമുമ്പുതന്നെ പല ബാങ്കുകളും പടിപടിയായി സ്ഥിര നിക്ഷേപ പലിശ നിരക്ക് കുറച്ചുകൊണ്ടുവരികയായിരുന്നു.

ബാങ്കിന്റെ കൈവശം പണം കൂടുതലുണ്ടാകുകയും വായ്പ എടുക്കാന്‍ ആളുകള്‍ കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബാങ്കുകള്‍ സ്ഥിര നിക്ഷേപ പലിശ കുറയ്ക്കുന്നത്. സമ്പദ് വ്യവസ്ഥയിലെ മുരടിപ്പിനെ തുടര്‍ന്നാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടായത്. ഇപ്പോഴിതാ റിപോനിരക്ക് ഇടിയുകയും ചെയ്തിരിക്കുന്നു. ഇതുമൂലം കുറഞ്ഞ പലിശയ്ക്ക് ബാങ്കുകള്‍ക്ക് ആര്‍.ബി.ഐയില്‍ നിന്ന പണം കിട്ടും. അപ്പോള്‍ ഇടപാടുകാരില്‍ നിന്ന് കൂടിയ പലിശയ്ക്ക്‌  ഡിപ്പോസിറ്റ് സ്വീകരിക്കേണ്ട ആവശ്യം ഇല്ലാതാകുന്നു.

സ്ഥിര നിക്ഷേപ പലിശ ബാങ്കുകള്‍ കുറയ്ക്കുന്നതിന്റെ കാരണം അതാണ്. റിപ്പോ നിരക്കില്‍ 0.25 ശതമാനം കുറവാണ് ആര്‍.ബി.ഐ വരുത്തിയിരിക്കുന്നത്. ഇതിന് ആനുപാതികമായ കുറവ് സ്ഥിര നിക്ഷേപ പലിശ നിരക്കിലും പ്രതീക്ഷിക്കാം.എന്നാല്‍ ആര്‍.ബി.ഐ തീരുമാനം വരുന്നതിനുമുമ്പുതന്നെ പല ബാങ്കുകളും നിക്ഷേപ പലിശ നിരക്ക് കുറച്ചിരുന്നതിനാല്‍ വലിയ തോതിലുള്ള ഇടിവുണ്ടാകാന്‍ സാധ്യതയില്ല. 0.3 മുതല്‍ 0.5 ശതമാനം വരെയാണ് വിവിധ ബാങ്കുകള്‍ പലിശ നിരക്കില്‍ കുറവ് വരുത്തിയത്. കമ്പനികള്‍ സ്വീകരിക്കുന്ന കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളിലെ പലിശ നിരക്കിലും കഴിഞ്ഞയിടെ 0.9 ശതമാനം വരെ ഇടിവുണ്ടായിരുന്നു.

ബാങ്ക് നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനത്തെ ആശ്രയിച്ചിരുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇപ്പോഴത്തെ പലിശയിടിവില്‍ ആശങ്കയുണ്ടാകുന്നുണ്ട്. എന്നാല്‍ അവരാരും ഇപ്പോഴത്തെ നിക്ഷേപ രീതിയില്‍ കാര്യമായ മാറ്റം വരുത്തേണ്ടതില്ല.
 
കഴിഞ്ഞയിടെ പ്രഖ്യാപിക്കപ്പെട്ട മാന്ദ്യവിരുദ്ധ പാക്കേജുകളുടെ ഫലം കണ്ടുതുടങ്ങുമ്പോള്‍ സ്ഥിതിഗതിയില്‍ മാറ്റമുണ്ടായേക്കാം. ബാങ്കുകള്‍ വന്‍തോതില്‍ വായ്പാമേള സംഘടിപ്പിക്കുന്നുമുണ്ട്. ഇവയെല്ലാം സമ്പദ് വ്യവസ്ഥയില്‍ എന്തൊക്കെ മാറ്റം വരുത്തുമെന്നറിയാന്‍ ഏതാനും മാസങ്ങളുടെ കൂടി കാത്തിരിപ്പ്  വേണ്ടിവരും. സ്ഥിര നിക്ഷേപമാര്‍ഗങ്ങളെ പലിശ വരുമാനത്തിനായി ആശ്രയിക്കുന്നവര്‍ ഏതെങ്കിലും ഒരു മാര്‍ഗത്തില്‍ മാത്രമായി നിക്ഷേപിക്കാതെ വൈവിധ്യവല്‍ക്കരിക്കണം.

ബാങ്ക് നിക്ഷേപത്തിനൊപ്പം പോസ്റ്റോഫീസ് നിക്ഷേപവും ആരംഭിക്കാവുന്നതാണ്. നഷ്ടസാധ്യത ഉള്ളതിനാല്‍ കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപം, സ്വകാര്യ സ്ഥാപനങ്ങളുടെ ഡിബഞ്ചറുകള്‍ എന്നിവയില്‍ റിസ്‌ക് എടുക്കാന്‍ ശേഷിയുള്ളവര്‍ മാത്രം നിക്ഷേപിക്കുന്നതാണ് അഭികാമ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA