sections
MORE

നിങ്ങൾക്ക് പാസ്‌ബുക്ക്‌ ഉണ്ടോ; അറിയുക, അത് അവകാശമാണ്

passbook
SHARE


ഏതൊരു പൗരന്റേയും സാമ്പത്തിക അവകാശങ്ങളിൽ അടിസ്ഥാനമായിട്ടുള്ളതാണ് ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കുക എന്നത്. സ്വന്തം പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സർക്കാരിൽ നിന്നും മറ്റും കിട്ടാനുള്ള വ്യത്യസ്ത ആനുകൂല്യങ്ങൾ നേരിട്ട് സ്വീകരിക്കുന്നതിനും സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉപകരിക്കുന്നു. ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമയുടെ ന്യായമായ അവകാശങ്ങളെക്കുറിച്ച് ഏവരും ബോധവാൻമാരാകേണ്ടതുണ്ട്.

അക്കൗണ്ട് ഉള്ളവർക്കെല്ലാം പാസ്ബുക്ക് നൽകിയിരിക്കണമെന്ന് റിസർവ് ബാങ്ക് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പല ബാങ്കുകളും മാസംതോറും അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളാണ് പലപ്പോഴും ഇ–മെയിലായിട്ട് നൽകുന്നത്. തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകൾ ഇടയ്ക്കിടെ പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തേണ്ടത് അക്കൗണ്ട് ഉടമയുടെ ഉത്തരവാദിത്തമാണെന്നിരിക്കെ പാസ്ബുക്കുകൾ ലഭിക്കാതെ വന്നാൽ അവകാശ ലംഘനം തന്നെയാകും. ഫോട്ടോ പതിപ്പിച്ച സേവിംഗ്സ് ബാങ്ക് പാസ്ബുക്കുകൾ മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖകളായും ഉപയോഗിക്കാം.

സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ തെറ്റായി പണം കുറവ് ചെയ്താൽ 30 ദിവസത്തിനുള്ളിൽ ബാങ്കുകൾക്ക് പരാതി നൽകേണ്ടതും, പരാതി ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ പണം തിരികെ നൽകാത്ത പക്ഷം ഓരോ ദിവസത്തിനും 100 രൂപാ വീതം പിഴയായി ബാങ്കിൽ നിന്ന് ഈടാക്കുന്നതിനും ഇടപാടുകാരന് അവകാശമുണ്ട്. ന്യായമായ രീതിയിൽ അല്ലാതെയും മുൻകൂട്ടി അറിയിക്കാതെയും ഫീസുകളും ചാർജുകളും ചുമത്തുന്ന അവസരങ്ങളിൽ ബാങ്കിംഗ് കോഡ്സ് ആന്റ് സ്റ്റാൻഡേർഡ്സ് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകാവുന്നതുമാണ്. മുതിർന്ന പൗരന്മാർ, ശാരീരിക ബുദ്ധിമുട്ടുള്ളവർ, രോഗം ബാധിച്ചവർ തുടങ്ങിയ അശരണരും നിരാലംബരുമായിട്ടുള്ളവർക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതുൾപ്പെടെയുള്ള സേവനങ്ങളിൽ മുൻഗണന ഉറപ്പാക്കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്തമാണ്.

ശാഖകളിലേയ്ക്കും എടിഎം മുറികളിലേയ്ക്കും ശാരീരിക അവശതകൾ ഉള്ളവർക്ക് കൂടി സുഗമമായി കടന്ന് വരുന്നതിന് റാമ്പ് സൗകര്യം ഉണ്ടായിരിക്കണം. കാഴ്ചശക്തിയ്ക്ക് പരിമിതികൾ ഉള്ളവർക്ക് ബ്രെയ്ലി ലിപികൾ, ശബ്ദ സേവന സംവിധാനം എന്നിവയും ഒരുക്കിയിരിക്കണം. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലൂടെ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ബാങ്കുകൾ വരുത്തുന്ന ന്യൂനതകൾക്കെതിരെ ബാങ്കിംഗ് ഓംബുഡ്സ്മാന് പരാതി നൽകാവുന്നതും പരിഹാരം തേടാവുന്നതുമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA