ADVERTISEMENT

ആദായ നികുതി നിയമമനുസരിച്ചു രണ്ടു വർഷത്തിലധികം കൈവശം വച്ചിട്ടുള്ള വീട് വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിനു ദീർഘകാല മൂലധനലാഭമെന്നു പറയും. ദീർഘകാല മൂലധനത്തിന് 20ശതമാനം ആണ് ആദായനികുതി. വീടിന്റെ വാങ്ങിയ വിലയെ വിലവർദ്ധന സൂചികയുമായി ബന്ധപ്പെടുത്തി പരിഷ്കരിച്ചു ലഭിക്കുന്ന തുക വിൽപന വിലയിൽ നിന്നു കുറച്ചിട്ടാണു മൂലധന ലാഭം കണക്കാക്കുന്നത്. അല്ലാതെ വിറ്റ വിലയും വാങ്ങിയ വിലയും തമ്മിലുള്ള വ്യത്യാസമല്ല. ഇവിടെ മൂലധനലാഭം നികുതിയിൽ നിന്നും ഒഴിവാക്കുന്നതിന് രണ്ടു മാർഗങ്ങളാണുള്ളത്. ഒന്ന് പുതിയൊരു വീട് വാങ്ങുക എന്നുള്ളത്– രണ്ട് നാഷനൽ ഹൈവേ അതോറിറ്റിയുടെ ബോണ്ടിലോ, കറന്റ് ഇലക്ട്രിഫിക്കേഷൻ ബോണ്ടിലോ 50  ലക്ഷം രൂപ വരെ നിക്ഷേപിക്കുക.

വീട് വിറ്റു വീട്ടിൽ തന്നെ നിക്ഷേപിക്കുന്നതിന് പല നിബന്ധനകളും വ്യവസ്ഥകളും  പാലിക്കണം.വീട് വിൽക്കുന്ന സാമ്പത്തിക വർഷം കഴിഞ്ഞ് ആ വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട നിശ്ചിത തീയതിക്കു മുൻപ് പുതിയ വീടിനുവേണ്ടി നിക്ഷേപിച്ചിരിക്കണം. അതല്ലെങ്കിൽ പ്രസ്തുത തുക പൊതുമേഖലാ ബാങ്കിന്റെ ക്യാപ്പിറ്റൽ ഗെയ്ൻ അക്കൗണ്ട് സ്കീമിൽ  നിക്ഷേപിച്ച് അതിൽ നിന്നാകണം പുതിയ വീടിനുവേണ്ടി ചെലവിടേണ്ടത്.

വീട് വിൽക്കുന്ന തീയതിക്കു മുൻപുള്ള ഒരു വർഷത്തിനകമോ അല്ലെങ്കിൽ ആ തീയതിക്കു ശേഷമുള്ള രണ്ടു വർഷത്തിനകമോ പുതിയ വീട് വാങ്ങിയിരിക്കണം. ഇനി പുതിയ വീട് വാങ്ങുകയല്ല പണിയുകയാണെങ്കിൽ മൂന്നു വർഷത്തിനകം പണിതിരിക്കണം. മൂലധന ലാഭനികുതി ഒഴിവാക്കുവാൻ വീടുവിറ്റുകിട്ടിയ മുഴുവൻ തുകയും പുതിയ വീടിനുവേണ്ടി മുടക്കേണ്ട ആവശ്യമില്ല. മൂലധനലാഭം മാത്രം മുടക്കിയാൽ മതി. പുതുതായി വാങ്ങിയ അല്ലെങ്കിൽ പണിത വീട് അടുത്ത മൂന്നുവർഷത്തിനകം വിൽക്കാനും പാടില്ല.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് വീട് വിൽക്കുന്ന വ്യക്തിയുടെ പേരിൽ തന്നെയാവണം  പുതിയ വീടും വാങ്ങുന്നത്. ഭാര്യയുടേയോ മക്കളുടേയോ പേരിൽ  വാങ്ങിയാൽ ഇളവു ലഭിക്കുന്നതല്ല. മൂലധലാഭം മുഴുവനായി പുതിയ വീടിനു വേണ്ടി ചെലവഴിക്കുന്നില്ല എങ്കിൽ ആനുപാതികമായ ഇളവുകൾ മാത്രമേ ലഭിക്കുകയുള്ളൂ.

ചാർട്ടേഡ് അക്കൗണ്ടന്റാണ് ലേഖകൻ

 

 

ഈ സാമ്പത്തിക വർഷം  അതായത് 2019–20 സാമ്പത്തിക വർഷം വീടു വിറ്റു ലഭിക്കുന്ന മൂലധനലാഭം രണ്ടു കോടി രൂപയോ അതിൽ കുറവോ ആണെങ്കിൽ നികുതിദായക മൂലധനലാഭം രണ്ടു വീടിനുവേണ്ടി നിക്ഷേപിക്കാം. പുതിയ ഭേദഗതിയാണിത്. പക്ഷേ ഈ അവസരം ജീവിതത്തിൽ ഒരിക്കൽ മാത്രമേ അനുവദിക്കുകയുള്ളൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com