sections
MORE

പാന്‍കാര്‍ഡിന്‌ പകരം ആധാര്‍കാര്‍ഡ്‌ എവിടെ എല്ലാം ഉപയോഗിക്കാം?

HIGHLIGHTS
  • 50,000 രൂപക്ക്‌ മുകളിലുള്ള പണമിടപാടുകള്‍ക്ക്‌ പാന്‍ നമ്പറിന്‌ പകരം ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മതിയാകും
account-aadhaar
SHARE

ആധാര്‍, പാന്‍ ഉപയോഗങ്ങളുമായി ബന്ധപ്പെട്ട്‌ നിരവധി മാറ്റങ്ങളാണ്‌ ഇത്തവണത്തെ ബജറ്റില്‍ ഉള്ളത്‌. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങളില്‍ ഒന്ന്‌ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന്‌ പാനിന്‌ പകരം ആധാര്‍ ഉപയോഗിക്കാം എന്നതായിരുന്നു. ഇനിമുതല്‍ ആധാര്‍കാര്‍ഡ്‌, പാന്‍ കാര്‍ഡ്‌ ഇവയില്‍ ഏതെങ്കിലും ഒന്നുണ്ടെങ്കില്‍ നികുതിദായകര്‍ക്ക്‌ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം. നിലവില്‍ ഇതിന്‌ ഇവ രണ്ടും ആവശ്യമായിരുന്നു. ഇതുപോലെ പാന്‍ നിര്‍ബന്ധമായിരുന്ന പല ഇടപാടുകളിലും ഇനി മുതല്‍ ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ കഴിയും.

ആധാര്‍, പാന്‍ ഉപയോഗത്തില്‍ വന്ന മാറ്റങ്ങള്‍

∙ പെര്‍മെനന്റ്‌ അക്കൗണ്ട്‌ നമ്പര്‍ (പാന്‍) ഇല്ലാത്തവര്‍ക്ക്‌ ആധാര്‍ നമ്പര്‍ നല്‍കി ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) സമര്‍പ്പിക്കാം .

ആദായനികുതി ഫയലിങ്‌ എളുപ്പമാക്കുന്നതിനും നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും വേണ്ടിയാണ്‌ ഐടിആര്‍ ഫയലിങിന്‌ പാനിന്‌ പകരം ആധാര്‍ ഉപയോഗിക്കാം എന്ന നിര്‍ദ്ദേശം നടപ്പിലാക്കുന്നത്‌. നികുതി ദായകര്‍ക്ക്‌ നടപടിക്രമങ്ങള്‍ ആയാസ രഹിതമാക്കുക എന്നതാണ്‌ ലക്ഷ്യം

∙ 50,000 രൂപക്ക്‌ മുകളിലുള്ള പണമിടപാടുകള്‍ക്ക്‌ പാന്‍ നമ്പറിന്‌ പകരം ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മതിയാകും. ഇത്തരത്തില്‍ പാന്‍ നിര്‍ബന്ധമായിരുന്ന മറ്റ്‌ ഇടപാടുകള്‍ക്ക്‌ എല്ലാത്തിനും ഇനി മുതല്‍ ആധാര്‍ നമ്പറും ഉപയോഗിക്കാം. നിലവില്‍ പാന്‍ നിര്‍ബന്ധമായിട്ടുള്ള എല്ലാ സ്ഥലങ്ങളിലും ആധാര്‍ സ്വീകരിക്കാന്‍ ബാങ്കുകളും മറ്റ്‌ സ്ഥാപനങ്ങളും ആവശ്യമായ പരിഷ്‌കരണം കൊണ്ടുവരും.

∙ ബാങ്കില്‍ നിന്നും 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പാന്‍ ഉപയോഗിച്ചിരുന്നതിന്‌ പകരമായി ആധാര്‍ ഉപയോഗിക്കാം.

∙ നിശ്ചിത തീയതിക്ക്‌ മുമ്പായി ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ചില്ല എങ്കില്‍ പാന്‍ കാര്‍ഡ്‌ അസാധുവാകും എന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ നേരത്തെയുള്ള വ്യവസ്ഥ. എന്നാല്‍, മുമ്പ്‌ നടന്ന ഇടപാടുകള്‍ സംരക്ഷിക്കുന്നതിനായി ധനമന്ത്രാലയം നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്‌. ഇതനുസരിച്ച്‌ ഇനിമുതല്‍ നിര്‍ദ്ദിഷ്‌ട തീയതിക്ക്‌ മുമ്പ്‌ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും പാന്‍ കാര്‍ഡ്‌ അസാധുവാകില്ല പകരം ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പാന്‍ പ്രവര്‍ത്തനരഹിതമാകും എന്നാണ്‌ ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചത്‌. പിന്നീട്‌ ആധാറുമായി ബന്ധിപ്പിക്കുന്നതുവരെ ഈ പാന്‍ ഉപയോഗിക്കാന്‍ കഴിയില്ല.

∙ഹോട്ടല്‍ ബില്‍, വിദേശ യാത്ര പോലുള്ള പണമിടപാടുകളില്‍ 50,000 രൂപക്ക്‌ മുകളില്‍ വരികയാണെങ്കില്‍ പാന്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കണം.10 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യം വരുന്ന സ്ഥാവര വസ്‌തുക്കള്‍ വാങ്ങുമ്പോഴും പാന്‍ കാര്‍ഡ്‌ നിര്‍ബന്ധമാണ്‌.

∙ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടുള്ള എന്‍ആര്‍ഐകള്‍ക്ക്‌ ഇന്ത്യയില്‍ എത്തിക്കഴിഞ്ഞാല്‍ ഉടന്‍ ആധാര്‍ കാര്‍ഡ്‌ ലഭ്യമാക്കും. മുമ്പ്‌, എന്‍ആര്‍ഐകള്‍ക്ക്‌ ആധാര്‍ കാര്‍ഡ്‌ ലഭിക്കുന്നതിന്‌ 180 ദിവസം കാത്തിരിക്കണമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA