ADVERTISEMENT

ഈ വര്‍ഷം ആദായ നികുതി ലാഭിക്കാനുള്ള എളുപ്പവഴികള്‍-1

എല്ലാവരും 2018-19 സാമ്പത്തികവര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചുകഴിഞ്ഞുവല്ലോ. 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള വരുമാനത്തിന് നികുതി ലാഭിക്കാനുള്ള ആസൂത്രണം ഇനിയും ആരംഭിച്ചിട്ടില്ലാത്തവര്‍ എത്രയും വേഗം അത് ആരംഭിക്കേണ്ട സമയമാണ് ഇനി മുന്നിലുള്ളത്. എത്ര നേരത്തെ ആസൂത്രണം ആരുഭിക്കുന്നോ അത്ര കൂടുതല്‍ നികുതി ലാഭിക്കാം, അധികഭാരമില്ലാതെ. ആദായ നികുതി ആസൂത്രണം ആരംഭിക്കാന്‍ എത്ര വൈകുന്നോ അത്രയും സങ്കീര്‍ണമാകും കാര്യങ്ങള്‍. ഇനി ഈ സാമ്പത്തിക വര്‍ഷം മുന്നിലുള്ളത് കേവലം 5മാസമാണ്. എത്രയും വേഗം ഈ വര്‍ഷത്തെ ഏകദേശ മൊത്തവരുമാനം കണക്കാക്കി അതില്‍ നിന്ന് നികുതിബാധ്യത എത്രയെന്ന് കണ്ടെത്തണം. ഈ ബാധ്യത കുറയ്ക്കാന്‍ നിലവിലുള്ള ഏതൊക്കെ മാര്‍ഗങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാം എന്ന്് കണ്ടെത്തണം. നികുതിയിളിവിനായി നിയമം അനുശാസിക്കുന്ന ഒരു മാര്‍ഗം പോലും പ്രയോജനപ്പെടുത്താതെ വിട്ടുകളയരുത്. അതിന് നികുതി ദായകരെ പ്രാപ്തമാക്കുന്ന, ആദായ നികുതി ലാഭിക്കാനുള്ള എളുപ്പവഴികള്‍ ലളിതമായി വിശദമാക്കുന്ന ഒരു പരമ്പര മനോരമ ഓണ്‍ലൈന്‍ വായനക്കാര്‍ക്കായി ആരംഭിക്കുകയാണ്.

2019-20 സാമ്പത്തികവര്‍ഷം എത്രരൂപവരെയുള്ള വരുമാനത്തിനാണ് നികുതി ബാധ്യതയെന്ന് ആദ്യം നോക്കാം.

2.5 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ട. 2.5 ലക്ഷം രൂപമുതല്‍ അഞ്ചുലക്ഷം രൂപവരെയുള്ള വരുമാനത്തിന് അഞ്ച് ശതമാനം ആദായ നികുതി നല്‍കണം. എന്നാല്‍ അഞ്ച് ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതി കണക്കാക്കുമെങ്കിലും നികുതി തുക എത്രയാണോ അത്രയും തുക റിബേറ്റായി തിരികെ ആദായനികുതി വകുപ്പ് നികുതി ദായകന് നല്‍കും. അതായത് 2019-20 സാമ്പത്തിക വര്‍ഷം അഞ്ച് ലക്ഷം രൂപവരെയുള്ള വരുമാനത്തിന് ആദായ നികുതി നല്‍കേണ്ട. അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് 20 ശതമാനം ആദായ നികുതി നല്‍കണം. 10 ലക്ഷത്തിനുമേല്‍ വരുമാനത്തിന് നല്‍കേണ്ട ആദായ നികുതി വരുമാനത്തിന്റെ 30 ശതമാനമാണ്.  അതായത് ആറ് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളയാള്‍ 20,000 രൂപയും 11 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളയാള്‍ 1.30 ലക്ഷം രൂപയും ആദായ നികുതി നല്‍കണം.

നികുതി ബാധ്യത ഒറ്റനോട്ടത്തില്‍

അഞ്ച് ലക്ഷം രൂപവരെയുള്ള വരുമാനത്തിന്  - നികുതി ഇല്ല

5 ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള വരുമാനത്തിന്  - നികുതി 20 ശതമാനം

10 ലക്ഷത്തില്‍ കൂടുതലുള്ള വരുമാനത്തിന്  - നികുതി 30 ശതമാനം

ആ സാമ്പത്തിക വര്‍ഷത്തെ ശമ്പളവരുമാനക്കാരയ ഇടത്തരക്കാരുടെ ആദായ നികുതി ബാധ്യത ഇത്രയുമാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തിവേണം നികുതി ആസൂത്രണം ആരംഭിക്കാന്‍. പക്ഷേ പലരും അതിന് മിനക്കെടാറില്ലാത്തത് ചില അബദ്ധ ധാരണകള്‍ കാരണമാണ്. അതേക്കുറിച്ച് നാളെ.

(പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com