ADVERTISEMENT

അടുത്തു തന്നെ സഹോദരിയുടെ വിവാഹം നടത്തണം. പഴയ സ്വർണം മാറ്റി വാങ്ങുന്നതിനൊപ്പം പുതിയതും വേണം. പുതുവസ്ത്രങ്ങൾ, കല്യാണമണ്ഡപം, സദ്യ, വീഡിയോ, ഫോട്ടോ, വാഹനം, ബ്യൂട്ടിപാർലർ തുടങ്ങിയ ചെലവുകളൊക്കെയുണ്ട്. അച്ഛനു ചിട്ടി പിടിച്ചു കിട്ടുന്നതിനൊപ്പം ബാക്കി തുക ‍ഞാനാണ് നൽകേണ്ടത്. കല്യാണവുമായി ബന്ധപ്പെട്ട ചെലവുകൾക്ക് എങ്ങനെയാണ് പണം ചെലവഴിക്കേണ്ടത്? ആദായനികുതി റിട്ടേൺ നൽകുന്ന വ്യക്തിയാണ് ഞാൻ. കല്യാണ ചെലവുകളുടെ പേരിൽ ഭാവിയിൽ ഒരു പ്രശ്നം ഉണ്ടാകാതിരിക്കാൻ എന്തെല്ലാം മുന്‍കരുതലുകൾ സ്വീകരിക്കണം

ഉത്തരം

കല്യാണ ചിലവുകൾക്കുള്ള തുകകൾ എവിടെ നിന്നുള്ളതാണെന്നതിന് വ്യക്തമായ സോഴ്സ് ഉണ്ടാകണം. ഉദാഹരണത്തിന് 30 ലക്ഷം രൂപ കല്യാണത്തിന്റെ ആവശ്യങ്ങൾക്കായി ചിലവഴിച്ചാൽ അതിൽ 10 ലക്ഷം രൂപ ചിട്ടി പിടിച്ചു കിട്ടുന്ന പണം, 10 ലക്ഷം ലോൺ, 10 ലക്ഷം രൂപ മുൻവർഷങ്ങളിലെ സമ്പാദ്യം എന്നിങ്ങനെ വ്യക്തമായ രേഖാമൂലമുള്ള വിശദീകരണങ്ങൾ നൽകാനുണ്ടാവണം.

ആദായനികുതി വകുപ്പിൽ നിന്ന് ഏതെങ്കിലും സാമ്പത്തിക വർഷത്തെ താങ്കളുടെ ചെലവുകളുടെ സോഴ്‌സിനെക്കുറിച്ച് അന്വേഷണം ഉണ്ടാവാം. താങ്കൾക്ക് വിശദീകരണം നൽകാനായില്ലെങ്കിൽ, നൽകുന്ന വിശദീകരണം ആദായ നികുതി ഉദ്യോഗസ്ഥന് തൃപ്തികരമല്ലെങ്കിൽ ചിലവുകൾ താങ്കളുടെ ആ വർഷത്തെ വരുമാനമായി കണക്കാക്കി നികുതി ചുമത്തപ്പെടാം.

ഇങ്ങനെ വകുപ്പ് 69C പ്രകാരം വരുമാനമായി കണക്കാക്കപ്പെടുന്ന തുകയ്ക്ക് വകുപ്പ് 115BBE പ്രകാരം 60 ശതമാനം എന്ന ഉയർന്ന നിരക്കിൽ ബാധ്യത വരും. മാത്രമല്ല, ആ വരുമാനത്തിൽ നിന്ന് കിഴിവുകളൊന്നും തന്നെ അനുവദിക്കുകയുമില്ല. ഇത് കൂടാതെ വകുപ്പ് 271 AAC പ്രകാരം നികുതിയുടെ 10 ശതമാനം പിഴ ഈടാക്കാനുള്ള വ്യവസ്‌ഥയും ഉണ്ട്.

അത് കൊണ്ട് കല്യാണത്തിന് വന്ന ചിലവുകളുടെയും അതു നടത്തുവാൻ വന്ന തുകയുടെ സ്രോതസ്സിനെയും കുറിച്ചുള്ള രേഖകൾ /തെളിവുകൾ സഹിതമുള്ള കണക്കുകൾ സൂക്ഷിച്ചുവയ്ക്കുക.

കൊച്ചിയിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ആണ് ലേഖകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com