sections
MORE

ആദായ നികുതി ലാഭിക്കാന്‍ വേണം ചിട്ടയായ മുന്നൊരുക്കങ്ങള്‍

HIGHLIGHTS
  • ശമ്പള വരുമാനക്കാർക്ക് ലഭ്യമായ പരിമിതമായ ഇളവുകള്‍ പോലും പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല
finanncial-planning
SHARE

ഈ വര്‍ഷം ആദായ നികുതി ലാഭിക്കാനുള്ള എളുപ്പവഴികള്‍-3

വ്യക്തികള്‍ മാത്രമല്ല കമ്പനികളും സ്ഥാപനങ്ങളും ഏജന്‍സികളുമൊക്ക ആദായനികുതി നല്‍കണം. വ്യക്തികളുടെ കാര്യത്തിലാണെങ്കില്‍ അവരുടെ ശമ്പളവും സമ്പാദ്യവും വരുമാനവും ആണ് ആദായ നികുതി ചുമത്താന്‍ കണക്കിലെടുക്കുന്നത്. കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ കാര്യത്തിലാകട്ടെ അവര്‍ ഉണ്ടാക്കുന്ന പ്രതിവര്‍ഷ ലാഭം അഥവ ആദായത്തിന്മേലാണ് നികുതി ചുമത്തുന്നത്.

നികുതി ചുമത്താന്‍ കണക്കാക്കുന്ന വരുമാനത്തില്‍ നിന്ന് ഒട്ടേറെ ചിലവുകള്‍ കുറയ്ക്കാന്‍ ആദായ നികുതി നിയമം കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും  അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ വ്യക്തികളുടെ കാര്യത്തില്‍ വളരെ കുറച്ചേ ഇളവുകള്‍ നല്‍കുന്നുള്ളൂ. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിദഗ്ധരെ നിയമിച്ച് നികുതി ആസൂത്രണം നടത്തി എല്ലാ ഇളവുകളും പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുന്നു. എന്നാല്‍ ശമ്പള വരുമാനക്കാരായ വ്യക്തികള്‍ക്ക് ഇതിനൊന്നും കഴിയില്ല. തന്മൂലം ലഭ്യമായ പരിമിതമായ ഇളവുകള്‍ പോലും അവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല.

എല്ലാ സാമ്പത്തിക വര്‍ഷാരംഭവും ജോലിചെയ്യുന്ന സ്ഥാപനത്തിലെ ഫിനാന്‍സ് വിഭാഗം ഒരു ഫോം നല്‍കും. ഈ വര്‍ഷം ആദായ നികുതി ഇളവ് ലഭിക്കുന്ന എന്തെല്ലാം ചിലവുകളാണ് ഉണ്ടാകുക. എന്തെല്ലാം നിക്ഷേപങ്ങള്‍ നടത്തും. പലര്‍ക്കും ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് പോലും മനസിലാകില്ല. ആദായ നികുതി നിയമത്തിലെ ഓരോ വകുപ്പുകള്‍ വലിയ അക്ഷരത്തില്‍ എഴുതി അതിനുനേരേ ശൂന്യകോളങ്ങള്‍ നിറച്ച ഈ ഫോം മിക്കവര്‍ക്കും വായിച്ചു മനസിലാക്കാനുള്ള അറിവുണ്ടാകില്ല. ഇനി അറിവുണ്ടായാലും അതിന് മിനക്കെടില്ല. പലരും ഈ ഫോം പൂരിപ്പിച്ച് കൊടുക്കില്ല. പൂരിപ്പിച്ചവര്‍ തന്നെ അത് ശരിയായ വിധം കൈകാര്യം ചെയ്തിട്ടുമുണ്ടാകില്ല. ഒരു സ്ഥാപനത്തിലെയും ഫിനാന്‍സ് വിഭാഗം ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധമായി ഈ ഫോം പൂരിപ്പിച്ച് വാങ്ങാനും മിനക്കെടാറില്ല. കാരണം അതവരുടെ ജോലിയല്ല. ഫോം പൂരിപ്പിച്ചു നല്‍കിയില്ലെങ്കില്‍ അതിനര്‍ത്ഥം ആദായ നികുതി ഇളവ് കിട്ടുന്ന ചിലവുകളോ നിക്ഷേപങ്ങളോ ആ ജീവനക്കാരാന്‍ ആവര്‍ഷം പ്രതീക്ഷിക്കുന്നില്ല എന്ന അനുമാനത്തില്‍ ഫിനാന്‍സ് ഡിവിഷന്‍ എത്തും. അതിനനുസരിച്ച് വാര്‍ഷിക ശമ്പളം കണക്കാക്കി അതിന്റെ നികുതി കണ്ടുപിടിച്ച് അതിന്റെ ഓരോ വിഹിതം മാസമാസം ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച് ആദായ നികുതി വകുപ്പിലേക്ക് അടയ്ക്കും.

നികുതി ലാഭിക്കാന്‍ വേണം അല്‍പ്പം ആസൂത്രണം

ജനുവരി ആകുമ്പോള്‍ ഫിനാന്‍സ് വിഭാഗം വീണ്ടും ഇതേ ഫോം നല്‍കും. നടപ്പു സാമ്പത്തിക വര്‍ഷം ആദായ നികുതി ഇളവ് ലഭിക്കുന്ന ചിലവുകള്‍ ഉണ്ടാകുകയോ നിക്ഷേപം നടത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള തെളിവ് സഹിതം ഫോം പൂരിപ്പിച്ച് നല്‍കാന്‍ ആവശ്യപ്പെടും. വര്‍ഷാരംഭത്തില്‍ കാണിച്ച അതേ ഉദസീനത ഇവിടെയും ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇതിനെ ഗൗരവമായി എടുത്ത ജീവനക്കാര്‍ക്ക് വര്‍ഷാരംഭം ചെയ്യും എന്ന് എഴുതിക്കൊടുത്ത ആദായ നികുതി ഇളവ് ഉള്ള നിക്ഷേപങ്ങളില്‍ പലതും ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. ഫലമോ? ഫെബ്രുവരി, മാര്‍ച്ചമാസങ്ങളിലെ ശമ്പളത്തില്‍ നിന്ന് വലിയ തുക റ്റി.ഡി.എസ് പിടിക്കും. ഇതിന്റെ ആഘാതത്തില്‍ അടുത്തവര്‍ഷം മുതല്‍ കാര്യങ്ങള്‍ ചിട്ടയായി ചെയ്യും എന്നു തീരുമാനിക്കും. പക്ഷേ ഒന്നും നടക്കില്ല. ഈ നില മാറണം. വരുമാനമുണ്ടാക്കാന്‍ അറിയാമെങ്കില്‍ അത് നികുതിയുടെ പേരില്‍ നഷ്ടപ്പടുത്താതിരിക്കാനുള്ള വിവേകവും കാട്ടണം. അതിനായി ആദ്യം ഈ സാമ്പത്തിക വര്‍ഷത്തെ നിങ്ങളുടെ മൊത്ത വരുമാനം ഏകദേശം എത്രയെന്ന് കണക്കാക്കി നോക്കുകയാണ്.

(പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA