sections
MORE

തര്‍ക്കങ്ങളില്ലാതെ സ്വത്ത് വീതം വയ്ക്കാന്‍ വില്‍പ്പത്രം

HIGHLIGHTS
  • സ്ഥാവര ജംഗമ ആസ്തികള്‍ കൂടാതെ ഡിജിറ്റല്‍ വിഭവങ്ങളായ ഫെയ്‌സ് ബുക്ക് അക്കൗണ്ട്, ട്വിറ്റര്‍ അക്കൗണ്ട്, ക്ലൗഡ് സര്‍വ്വര്‍ അക്കൗണ്ടുകള്‍ തുടങ്ങിയവയും രേഖപ്പെടുത്താം
Old-Age
SHARE

വിശ്രമ ജീവിതത്തിലേക്ക് കടന്ന മുതിര്‍ന്ന പൗരന്മാരായ ദമ്പതികളായ ഞങ്ങള്‍ക്ക് കുറച്ച് വസ്തുവകകളും ബാങ്കിലും കമ്പനികളിലുമായി മോശമല്ലാത്ത നിക്ഷേപങ്ങളും സ്വന്തമായിട്ടുണ്ട്. മരണശേഷം കേസും വഴക്കും ഒന്നുമില്ലാതെ വസ്തുവകകള്‍ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും ഒക്കെയായി ഞങ്ങളുടെ ആഗ്രഹ പ്രകാരം പകുത്ത് നല്‍കാന്‍ വില്‍പ്പത്രം തയ്യാറാക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിയ്ക്കണം? നോമിനേഷനും ഇഷ്ടദാനവും വില്‍പ്പത്രവും താരതമ്യം ചെയ്താല്‍ ഏതാണ് ഗുണകരം?

വിൽപത്രം തയാറാക്കാം

സാമ്പത്തിക ആസ്തികള്‍ ഉള്‍പ്പെടെ നിങ്ങളുടെ പേരിലുള്ള സ്ഥാവരജംഗമ സ്വത്തുക്കളും ഭാവിയില്‍ കിട്ടാന്‍ സാധ്യതയുള്ള വരുമാനങ്ങളും ഒരാളുടെയോ രണ്ട് പേരുടേയുമോ മരണശേഷം ആര്‍ക്കൊക്കെ എത്ര അളവില്‍ വീതിച്ച് നല്‍കണമെന്ന് വില്‍പ്പത്രത്തില്‍ എഴുതി വയ്ക്കാം. ആവശ്യമെങ്കില്‍ ആഗ്രഹ പ്രകാരം സ്വത്തുക്കള്‍ വീതിച്ച് നല്‍കുന്നതിന് ചുമതലപ്പെടുത്തിക്കൊണ്ട് ഒരു മധ്യസ്ഥനേയും വില്‍പ്പത്രത്തില്‍ തന്നെ നിര്‍ദ്ദേശിക്കാം. 

മാറ്റി എഴുതാം

സാധാരണ വെള്ളക്കടലാസില്‍ തയ്യാറാക്കാവുന്ന വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമില്ലെങ്കിലും പൊതു സമ്മതരായ രണ്ട് വ്യക്തികളെക്കൊണ്ട് സാക്ഷ്യപ്പെടുത്തേണ്ടതാണ്. ഒരിക്കല്‍ വില്‍പ്പത്രം എഴുതിയാല്‍ മരിക്കുന്നതിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും മാറ്റി എഴുതാന്‍ സാധിക്കും. മറിച്ച് ഇഷ്ടദാന പ്രകാരം വസ്തുവകകള്‍ ഒരിക്കല്‍ നല്കി കഴിഞ്ഞാല്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ല. 

നിക്ഷേപം, ഇന്‍ഷുറന്‍സ് തുടങ്ങിയ സാമ്പത്തിക ആസ്തികളില്‍ നോമിനേഷന്‍ നല്‍കാമെങ്കിലും ഉടമയുടെ മരണശേഷം ഒരു ട്രസ്റ്റി എന്ന നിലയില്‍ പണം കൈപ്പറ്റി അനന്തരാവകാശികള്‍ക്ക് വിതരണം ചെയ്യാനുള്ള അധികാരം മാത്രമേ നോമിനിക്ക് ലഭിക്കുന്നുള്ളൂ. വാഹനങ്ങള്‍ തുടങ്ങിയ ജംഗമ സ്വത്തുക്കളും ഭൂമി, വീട് തുടങ്ങിയ സ്ഥാവര വസ്തുക്കളും നോമിനേഷനിലൂടെ പിന്‍തുടര്‍ച്ചക്കാര്‍ക്ക് നല്‍കാന്‍ ആകില്ല. 

വ്യക്തത വേണം

വെട്ടിത്തിരുത്തലുകള്‍ ഇല്ലാതെ വെള്ളക്കടലാസില്‍ എഴുതിയോ പ്രിന്റ് ചെയ്‌തോ വില്‍പ്പത്രം തയ്യാറാക്കാം. ആസ്തികളും വസ്തുവകകളും സംബന്ധിച്ച എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി അവ ആര്‍ക്കൊക്കെ ഏതൊക്കെ രീതിയില്‍ നല്‍കണമെന്ന് ഊഹാപോഹങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇട നല്‍കാതെ രേഖപ്പെടുത്തണം. സ്ഥാവര ജംഗമ ആസ്തികള്‍ കൂടാതെ ഡിജിറ്റല്‍ വിഭവങ്ങളായ ഫെയ്‌സ് ബുക്ക് അക്കൗണ്ട്, ട്വിറ്റര്‍ അക്കൗണ്ട്, ക്ലൗഡ് സര്‍വ്വര്‍ അക്കൗണ്ടുകള്‍ തുടങ്ങിയവയും രേഖപ്പെടുത്താം. 

കൂടാതെ മരണശേഷം ശരീരം, ആന്തരാവയവങ്ങള്‍ എന്നിങ്ങനെ അവയവ ദാനം ഉള്‍പ്പെടെയുള്ള ആഗ്രഹങ്ങളും വില്‍പ്പത്രത്തില്‍ വ്യക്തമാക്കാം. വില്‍പ്പത്രത്തില്‍ പേര് എടുത്ത് പറയുന്ന അനന്തരാവകാശികളും ആസ്തികളുടെ ഉടമയും തമ്മിലുള്ള ബന്ധം വ്യക്തമാക്കണം. വില്‍പ്പത്രങ്ങള്‍ തയ്യാറാക്കുന്നതിന് ഓണ്‍ ലൈന്‍ സേവനങ്ങള്‍ പല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിയമ സ്ഥാപനങ്ങളും നല്‍കുന്നുണ്ട്.

മാറ്റി എഴുതുമ്പോള്‍

വില്‍പ്പത്രം എഴുതിയശേഷം മരണത്തിന് മുമ്പ് പല കാര്യങ്ങളിലും വ്യത്യാസം ഉണ്ടാകാം. ഉള്ള ആസ്തികള്‍ വില്‍ക്കുമ്പോഴും പുതിയവ സ്വന്തമാക്കുമ്പോഴും വില്‍പ്പത്രത്തില്‍ പ്രതിഫലിക്കേണ്ടതുണ്ട്. മരണശേഷം ആസ്തികള്‍ സ്വീകരിക്കാനായി വില്‍പ്പത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളവര്‍ മരണമടയുകയോ നേരത്തെ തീരുമാനിച്ചതില്‍ നിന്ന് വ്യത്യാസം വേണമെന്ന് തീരുമാനിക്കുമ്പോഴോ വില്‍പ്പത്രം മാറ്റി എഴുതേണ്ടതായി വരാം. 

ഓരോ തവണ പുതുതായി വില്‍പ്പത്രം തയ്യാറാക്കുമ്പോഴും തൊട്ട് മുമ്പ് തയ്യാറാക്കിയ പത്രം സംബന്ധിച്ച് സൂചിപ്പിക്കേണ്ടതും ആയവ റദ്ദായിട്ടുണ്ടെന്ന് രേഖപ്പെടുത്താനും ശ്രദ്ധിയ്ക്കുക. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പത്രം മാറ്റി എഴുതുമ്പോള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ലെങ്കിലും രജിസ്റ്റര്‍ ചെയ്താല്‍ ആവശ്യമില്ലാത്ത തര്‍ക്കങ്ങള്‍ ഒഴിവാക്കാം. സബ് രജിസ്ട്രാര്‍ ഓഫീസുകളിലാണ് രജിസ്‌ട്രേഷന്‍ നടത്തുക.

നടപ്പാക്കല്‍

രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വില്‍പ്പത്രങ്ങളുടെ ആധികാരികത കോടതി സാക്ഷ്യപ്പെടുത്തി നല്‍കുന്നതിനെയാണ് പ്രൊബേറ്റ് എന്ന് വിളിക്കുന്നത്. വില്‍പ്പത്രത്തില്‍ അധികാരപ്പെടുത്തിയിട്ടുള്ള എക്‌സിക്യൂട്ടര്‍ അഥവ മധ്യസ്ഥനാണ് പ്രൊബേറ്റ് ലഭിക്കാനായി കോടതിയില്‍ അപേക്ഷിക്കേണ്ടത്. പൂര്‍ണ്ണ മാനസികാരോഗ്യമുള്ള അവസ്ഥയില്‍ ബാഹ്യ പ്രേരണകളും സമ്മര്‍ദ്ദങ്ങളും ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരമാണ് വില്‍പ്പത്രം തയ്യാറാക്കിയത് എന്ന് വില്‍പ്പത്ര പ്രകാരം ആനുകൂല്യങ്ങള്‍ ആഗ്രഹിക്കാത്തവരും പൊതു സമ്മതരുമായ സാക്ഷികള്‍ ഉറപ്പാക്കും. 

മാത്രമല്ല മധ്യസ്ഥനായി വില്‍പ്പത്രത്തില്‍ അധികാരപ്പെടുത്തുന്ന വ്യക്തിയ്ക്ക് ആസ്തികളില്‍ നിന്ന് ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കാനില്ലാത്തവരായിരിക്കണം. വില്‍പ്പത്രപ്രകാരം അനന്തരാവകാശികളായി നിശ്ചയിക്കുന്നവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുണ്ടെങ്കില്‍ അവര്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ കെയര്‍ ടേക്കര്‍ എന്ന നിലയില്‍ രക്ഷകര്‍ത്താവിനെ നിശ്ചയിക്കേണ്ടതാണ്.  

ഉടമ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നടപ്പിലാക്കേണ്ടുന്ന ചില നടപടികള്‍ സംബന്ധിച്ചു പ്രത്യേക വില്‍പ്പത്രം തയ്യാറാക്കാന്‍ സുപ്രീം കോടതി അനുവദിക്കുന്നു. സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്ത രീതിയില്‍ ഗുരുതരമായ രോഗാവസ്ഥ ഉണ്ടാവുകയാണെങ്കില്‍ സ്വീകരിക്കേണ്ട ചികിത്സകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ് ഒരു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മേലൊപ്പൊടെ വില്‍പ്പത്രമാക്കാവുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA