ADVERTISEMENT

കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി മിച്ചം പിടിക്കലും നിക്ഷേപം നടത്തലും ഉത്സാഹപൂര്‍വ്വം ചെയ്യാറുണ്ടെങ്കിലും സ്വന്തം റിട്ടയര്‍മെന്റിനായി പണം സ്വരൂപിക്കുന്നതിന് മിക്കവരും അവസാനത്തെ പ്രാധാന്യമാണ് നല്‍കാറുള്ളത്. പ്രായം കൂടി വരുന്ന ഒരു സുപ്രഭാതത്തില്‍ റിട്ടയര്‍മെന്റിനായി സാമ്പത്തിക അച്ചടക്കം തുടങ്ങാമെന്ന് തീരുമാനമെടുക്കുന്നവരാണ് അധികവും. ഇങ്ങനെയുള്ളവരുടെ മുമ്പില്‍ തെളിഞ്ഞ് വരുന്ന ഒരേയൊരു മാര്‍ഗ്ഗം നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ ചേരുക എന്നുള്ളതാണ്. ഉയര്‍ന്ന് വരുന്ന തൊട്ടടുത്ത ചോദ്യം എത്ര വയസ്സുവരെയുള്ളവര്‍ക്ക് എന്‍പിഎസ്സില്‍ അംഗത്വമെടുക്കാം എന്നതുമാണ്.

 ആര്‍ക്കെല്ലാം ചേരാം?

സമ്പാദ്യ പദ്ധതികള്‍ പോലെ ഉറപ്പായ പലിശ വരുമാനം വാഗ്ദാനം ചെയ്യുന്നില്ലെങ്കില്‍ കൂടി വിപണിയുടെ വളര്‍ച്ചയ്ക്ക് അനുസൃതമായി മെച്ചപ്പെട്ട മൂലധന വളര്‍ച്ച രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന ശ്രദ്ധേയമായ പെന്‍ഷന്‍ പദ്ധതിയാണ് എന്‍.പി.എസ്. 18 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള ഏതൊരു ഇന്ത്യന്‍ പൗരനും നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ അംഗത്വമെടുക്കാവുന്നതും പെന്‍ഷന്‍ ഉറപ്പാക്കുന്നതിനായി മിച്ച സമ്പാദ്യം സ്വരൂപിച്ച് തുടങ്ങാവുന്നതുമാണ്. പ്രവാസികള്‍ക്കും നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ ചേര്‍ന്ന് സമ്പാദ്യം തുടങ്ങാം. 70 വയസ്സുവരെയാണ് എന്‍പിഎസ് അക്കൗണ്ടിലേയ്ക്ക് പണം അടയ്ക്കാവുന്നത്.

60 വയസ്സെത്തിയവര്‍ക്ക് അതുവരെ സ്വരൂക്കൂട്ടിയ നിക്ഷേപവും മൂലധന വളര്‍ച്ചയും കൂടിയുള്ള തുക പിന്‍വലിക്കാവുന്നതും അതില്‍ നിന്നും 40 ശതമാനം പെന്‍ഷന്‍ ലഭിക്കത്തക്ക രീതിയില്‍ നിര്‍ബന്ധമായും ആനുവിറ്റികളിലേയ്ക്ക് നിക്ഷേപിക്കണമെന്നുമാണ്.  60 വയസ്സിന് മുമ്പ് നിക്ഷേപ തുകയുടെ 20 ശതമാനം പിന്‍വലിക്കാന്‍ അനുവദിക്കുന്നുണ്ട്. 70 വയസ്സുവരെ നിക്ഷേപം തുടരാവുന്നതും വീണ്ടും ഒരു മൂന്ന് വര്‍ഷം കൂടി വിപണിയിലെ വളര്‍ച്ചാ നിരക്കുകള്‍ക്ക് അനുസൃതമായി മൂലധനം വളരുന്നതിനായി കാത്തിരിക്കാവുന്നതുമാണ്.

ആദായ നികുതി ആനുകൂല്യം 

മറ്റ് അനുവദിക്കപ്പെട്ട അവസരങ്ങളോടൊപ്പം എന്‍പിഎസ്സില്‍ ഒന്നരലക്ഷം രൂപാ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി ആനുകൂല്യം ലഭിക്കുന്നത് കൂടാതെ എന്‍പിഎസ് നിക്ഷേപങ്ങള്‍ക്ക് 50,000 രൂപയുടെ അധിക നികുതി ഇളവിനും അര്‍ഹതയുണ്ട്. വട്ടമെത്തുമ്പോഴോ പെന്‍ഷന്‍ നിക്ഷേപം വേണ്ടെന്ന് വയ്ക്കുമ്പോഴോ എന്‍പിഎസ് അക്കൗണ്ടില്‍ ബാക്കി നില്‍ക്കുന്ന തുകയുടെ പിന്‍വലിക്കാവുന്ന 40 ശതമാനം വരെ തുകയ്ക്ക് നികുതി ബാധകമല്ല. ദീര്‍ഘ കാലയളവില്‍ എന്‍പിഎസ് നിക്ഷേപങ്ങള്‍ക്ക് രണ്ടക്ക മൂലധന വളര്‍ച്ചാ നിരക്ക് ഇതിനോടകം വ്യത്യസ്ത ഫണ്ടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  

500 രൂപയുടെ ഗുണിതങ്ങളായി വര്‍ഷംതോറും ചുരുങ്ങിയത് 6000 രൂപയെങ്കിലും അക്കൗണ്ടില്‍ നിര്‍ബന്ധ നിക്ഷേപമായി അടച്ചിരിക്കണം. പിന്‍വലിക്കല്‍ നിയന്ത്രണങ്ങളില്ലാതെ കൂടിയ തുക ടയര്‍ ടു അക്കൗണ്ടുകളായി തുടങ്ങാവുന്നതുമാണ്. ടയര്‍ ടു അക്കൗണ്ടിലെ നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവുകള്‍ ലഭിക്കുന്നില്ല.
വിപണിയുടെ വളര്‍ച്ച മനസ്സിലാക്കി ഓഹരികള്‍ കടപ്പത്രങ്ങള്‍ തുടങ്ങിയ സാമ്പത്തിക ആസ്തികളില്‍ പെന്‍ഷന്‍ വരിക്കാര്‍ അടയ്ക്കുന്ന തുക വിദഗ്ധമായി നിക്ഷേപിച്ച് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാന്‍ പ്രാവീണ്യമുള്ള എട്ടോളം പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരാണ് നാഷണല്‍ പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. കേന്ദ്ര ഏജന്‍സിയായ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ പോസ്റ്റ് ഓഫീസുകള്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ അക്കൗണ്ട് തുടങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com