ADVERTISEMENT

ദീപാവലിയ്ക്ക് സ്വർണം വാങ്ങാൻ തയ്യാറെടുത്തിരിക്കുകയാവും നിങ്ങൾ. എന്നാൽ സ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോൾ  നികുതിയായി നൽകേണ്ട തുകയെ കുറിച്ച് നിങ്ങൾക്ക് അറിയാമോ?   

അറിയുക. വാങ്ങുമ്പോഴും വിൽക്കുമ്പോഴും നികുതി നൽകേണ്ട ഒന്നാണ് സ്വർണം.

പണിക്കൂലിയടക്കമുള്ള വിലയുടെ  3%  ജിഎസ്ടി

ആദ്യം സ്വർണം വാങ്ങുമ്പോൾ നൽകേണ്ട നികുതി  മൂന്നു ശതമാനം ആണ്. അതായത് ജിഎസ്ടി. എന്നാൽ പണിക്കൂലിയടക്കമുള്ള വിലയിലാണ് ഇതു ഈടാക്കുന്നതെന്നു ഓർക്കണം. സ്വർണത്തിന്റെ  വിലയുടെ അഞ്ചു മുതൽ 25  ശതമാനം വരെ പണിക്കൂലി വരുന്ന ആഭരണങ്ങളുണ്ട്. ഈ പണിക്കൂലിയടക്കമുള്ള ആഭരണ വിലയ്ക്കാണ് ജിഎസ് ടി ഈടാക്കുക. അതായത് പണിക്കൂലി കൂടുന്നതനുസരിച്ച് നികുതി തുകയും കൂടും.

അതേസമയം നാണയമായി വാങ്ങിയാൽ ഈ പണിക്കൂലി വരുന്നില്ല. അതുകൊണ്ട്  അതിൻ മേലുള്ള ജിഎസ്ടിയും ഇല്ല. നാലു പവന്റെ ആഭരണവും അത്രയും സ്വർണത്തിനുള്ള നാണയവും വാങ്ങുമ്പോൾ പണിക്കൂലിയിനത്തിലും ജിഎസ്ടി ഇനത്തിലും ഉള്ള ലാഭം ഒന്നു കണക്കു കൂട്ടി നോക്കാവുന്നതാണ്.

വിൽക്കുമ്പോൾ നികുതി രണ്ടു തരത്തിൽ

സ്വർണം വിൽക്കുമ്പോൾ ലാഭം കിട്ടിയാൽ അതിനുള്ള നികുതി ബാധ്യത രണ്ടു തരത്തിലാണ്. എത്ര കാലം കൈവശം വെച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണിത്.  

ഹ്രസ്വകാല മൂലധനനേട്ടത്തിന്–   വാങ്ങിയിട്ട് മൂന്നു വർഷത്തിൽ കുറഞ്ഞ കാലയളവിനുള്ളിൽ വിറ്റാൽ ഹ്രസ്വകാല മൂലധന നേട്ടമാണ്. കിട്ടിയ ലാഭം  വരുമാനമായി കൂട്ടി നിങ്ങളുടെ ആദായനികുതി സ്ലാബ് അനുസരിച്ചുള്ള നികുതി നൽകണം. അതായത് അഞ്ചു മുതൽ മുപ്പതു ശതമാനം വരെ നികുതി ബാധ്യത വരാം.  

 മൂന്നു വർഷത്തിനു ശേഷം വിറ്റാൽ–  ഇവിടെ ദീർഘകാല മൂലധനനേട്ടത്തിനാണ് നികുതി നൽകേണ്ടത്. ഇവിടെ 20  ശതമാനമാണ് നിരക്ക്.

വാങ്ങുമ്പോൾ നികുതി ഈടാക്കുമെങ്കിലും വിൽക്കുമ്പോൾ  അതു നൽകേണ്ട ആവശ്യമില്ലെന്നാണ് പലരുടേയും ധാരണ. എന്നാൽ നിലവിൽ നിശ്ചിത തുകയ്ക്കു മുകളിലുള്ള പണമിടപാടുകൾ കാഷായി നടത്താനാകില്ല. അതുകൊണ്ടു തന്നെ അതിനു രേഖയുണ്ടാകും. ബാധകമായ ആദായനികുതി നൽകിയില്ലെങ്കിൽ പിന്നീട് ബുദ്ധിമുട്ടാകുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com